ലുലു കയ്‌റോവില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

Posted on: December 21, 2015 5:04 pm | Last updated: December 21, 2015 at 5:04 pm

LULU EGYPTഅബുദാബി: ഈജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയില്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു. ലുലുവിന്റെ 119-ാമത് ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ഈജിപ്തില്‍ 30 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ എം എ യൂസുഫലി അറിയിച്ചു.
ന്യൂ കയ്‌റോയിലെ സക്കീര്‍ ഹുസൈന്‍ റോഡില്‍ പോലീസ് അക്കാഡമിക്ക് എതിര്‍വശമാണ് 1.7 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് പണിതത്. ഈജിപ്തിലെ വാണിജ്യമന്ത്രി ഖാലിദ് ഹനഫി ഉദ്ഘാടനം ചെയ്തതു. കയ്‌റോ ഗവര്‍ണര്‍ ജലാല്‍ അല്‍ സഈദ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുല്‍ സയ്യിദ്, വിവിധ സ്ഥാനപതിമാരായ ഖലീഫ തുനൈജി, സഞ്ജി ഭട്ടാജാര്യ തുടങ്ങിയവര്‍ പങ്കെടുത്തു. എം എ യൂസുഫലി, ലുലു സി ഇ ഒ സൈഫി ടി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫലി, ലുലു ഈജിപ്ത് ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ജി സി സിയിലെ വിവിധ രാജ്യങ്ങളില്‍നിന്ന് ഈജിപ്തിലേക്ക് നിക്ഷേപം ഒഴുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കയ്‌റോവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കുന്നത്.
യു എ ഇയില്‍ നിന്ന് 600 ഓളം കമ്പനികള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കുമെന്ന് എം എ യൂസുഫലി പറഞ്ഞു.