റാസല്‍ ഖോര്‍ പക്ഷി സങ്കേതത്തിന് സമീപം വാണിജ്യ സമുച്ഛയങ്ങള്‍ വരുന്നു

Posted on: December 21, 2015 5:01 pm | Last updated: December 21, 2015 at 5:01 pm

rasal khorദുബൈ: റാസല്‍ ഖോര്‍ പക്ഷി സംരക്ഷണ സങ്കേതത്തിന് സമീപം താമസ കെട്ടിടങ്ങളും വാണിജ്യ സമുച്ഛയങ്ങളും ആരംഭിക്കുമെന്ന് ദുബൈ നഗരസഭാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഈസാ അല്‍ ഹാജി അല്‍ മയ്ദൂര്‍ വ്യക്തമാക്കി. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത തരത്തിലായിരിക്കും ഇവിടെ കെട്ടിടങ്ങള്‍ ഉയര്‍ത്തുക. വന്യ മൃഗങ്ങളും അപൂര്‍വ ഇനം പക്ഷികളുമുള്ള ഇടമാണ് റാസല്‍ ഖോര്‍. ഇവിടെ 4,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥലമുണ്ട്. ദുബൈയുടെ മൊത്തം സ്ഥലത്തിന്റെ 16 ശതമാനം ഇവിടെയാണ്. അപൂര്‍വ ജൈവ ജാലികകളുള്ള സ്ഥലമായതിനാല്‍ ഇവിടെ കെട്ടിടങ്ങള്‍ ഇതേവരെ അനുവദിച്ചിരുന്നില്ല.
ആദ്യ ഘട്ടത്തില്‍ 37 നിലയുള്ള രണ്ടു കെട്ടിടമാണ് ഇവിടെ നിര്‍മിക്കുക. 480 താമസ കേന്ദ്രങ്ങള്‍ ഇതിലുണ്ടാകും. വന്യ മൃഗ സംരക്ഷണ കേന്ദ്രത്തിന് സമീപം 60 ലക്ഷം ചതുരശ്ര മീറ്റര്‍ താമസ കേന്ദ്രങ്ങള്‍ക്കായി നീക്കിവെക്കും. റസ്റ്റോറന്റുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ ഒരുക്കും. മറീന, യാട്ട് ക്ലബ്, ഫെറി ടെര്‍മിനല്‍ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള പാതയൊരുക്കും. ഇതിന് സമീപം തന്നെയാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ മേല്‍നോട്ടത്തില്‍ ദുബൈ ക്രീക്ക് ഹാര്‍ബര്‍ പണിയുന്നത്. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന വാണിജ്യ കേന്ദ്രം ആരംഭിക്കാന്‍ ഇമാറിന് പദ്ധതിയുണ്ട്.
യുനെസ്‌കോയുടെ പൈതൃക സംരക്ഷണ പട്ടികയിലുള്ള സ്ഥലമാണ് റാസല്‍ ഖോര്‍. 480 ഇനത്തില്‍പെട്ട പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും ഇവിടെയുണ്ട്. ചതുപ്പുനിലമാണ് കൂടുതലായും ഉള്ളത്.