ബേപ്പൂരില്‍ പുഴയില്‍ വഞ്ചി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Posted on: December 21, 2015 1:21 pm | Last updated: December 21, 2015 at 2:50 pm
അപകടത്തില്‍ മരിച്ച മിജിനും രഞ്ജിത്തും
അപകടത്തില്‍ മരിച്ച മിജിനും രഞ്ജിത്തും

ഫറോക്ക്: ബേപ്പൂര്‍ ബിസി റോഡ് കക്കാടത്ത് യാര്‍ഡിന് സമീപം പുഴയില്‍ വഞ്ചി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ബേപ്പൂര്‍ മാഹിയിലെ പറമ്പില്‍ കോവിലകത്തെ പൂനാട്ടില്‍ ജയബാബുവിന്റെ മകന്‍ മിജിന്‍ (27), ബിസി റോഡിലെ കാളക്കണ്ടി ശിവദാസന്റെ മകന്‍ രഞ്ജിത്ത് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം. ഞണ്ട് പിടിക്കാന്‍ പോയി മടങ്ങിവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച തോണി മറിയുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന നാല് പേര്‍ രക്ഷപ്പെട്ടു.

തീരദേശപോലീസും അഗ്നിശമനസേനയും നടത്തിയ തിരച്ചിലില്‍ രഞ്ജിത്തിന്റെ മൃതദേഹം ഇന്നലെ അര്‍ധരാത്രിയും മിജിന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടരക്കുമാണ് കണ്ടെത്തിയത്. നടക്കാവ് ആര്‍കെ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറായിരുന്നു മിജിന്‍. രഞ്ജിത്ത് പെയിന്റിംഗ് തൊഴിലാളിയാണ്.

മിജിന്റെ മാതാവ് കോമളം. സഹോദരങ്ങള്‍: ജിജീഷ്, രമി. രഞ്ജിത്തിന്റെ മാതാവ് തങ്ക. സഹോദരന്‍ സിജിത്ത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്‌കരിക്കും.