എഎപി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

Posted on: December 21, 2015 10:50 am | Last updated: December 21, 2015 at 2:42 pm

US-INDIA-ECONOMY-JAITLEYന്യൂഡല്‍ഹി: തനിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാനഷ്ടക്കേസ് ഫയല്‍ ചെയ്തു. അരവിന്ദ് കെജ്‌രിവാള്‍, കുമാര്‍ ബിശ്വാസ്, സഞ്ജയ് സിങ്, രാഘവ് ചാധ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരിക്കുമ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലി അഴിമതി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അഴിമതിയുടെ തെളിവുകള്‍ പുറത്തുവിട്ട ബിജെപി എം പി കീര്‍ത്തി ആസാദിനെതിരെ കേസ് നല്‍കിയിട്ടില്ല.

2013വരെ 13 വര്‍ഷത്തോളം ഡിഡിസിഎ അധ്യക്ഷനായിരുന്നു ജെയ്റ്റ്‌ലി. ഇക്കാലത്ത് വന്‍ക്രമക്കേടുകള്‍ നടത്തിയെന്നാണ് ആരോപണം. കേസ് അന്വേഷിക്കുന്നതിന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള കമീഷനേയും ഡല്‍ഹി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

അതേസമയം അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്ത് അഴിമതി നടന്നതിന്റെ തെളിവുകള്‍ ബിജെപിയുടെ തന്നെ എം പി കീര്‍ത്തി ആസാദ് ഇന്നലെ പുറത്തുവിട്ടിരുന്നു. തനിക്കെതിരെ വേണമെങ്കില്‍ ജെയ്റ്റ്‌ലിക്ക് കേസ് ഫയല്‍ ചെയ്യാമെന്നും തന്റെ വായ് മൂടിക്കെട്ടാനാകില്ലെന്നും കീര്‍ത്തി ആസാദ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലത്ത് വ്യാജ വിലാസത്തിലുള്ള പതിനാല് കമ്പനികളുടെ പേരില്‍ കരാര്‍ നേടിയെടുത്ത് വന്‍ അഴിമതിക്ക് കളമൊരുക്കിയെന്നാണ് ജെയ്റ്റ്‌ലിക്കെതിരെ ആസാദ് തെളിവുകള്‍ നിരത്തി ഉന്നയിക്കുന്ന പ്രധാന ആരോപണം. ഡി ഡി സി എ നല്‍കിയ ബില്ലുകളിലെ മേല്‍വിലാസം വ്യാജമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഉപകരണങ്ങള്‍ വാടകക്കെടുത്തതിലും വന്‍ ക്രമക്കേട് നടന്നതായി വ്യക്തമാണ്. ലാപ്‌ടോപ് 16,000 രൂപ ദിവസ വാടകക്കും പ്രിന്റര്‍ മൂവായിരം രൂപ ദിവസ വാടകയിലുമാണ് എടുത്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെക്കിന് പകരം പണമാണ് നല്‍കിയത്. വി കെ അഗര്‍വാള്‍ ആന്‍ഡ് കമ്പനി ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡിനും അഴിമതിയില്‍ പങ്കുണ്ടെന്ന് വിഡിയോയില്‍ പറയുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വിലക്ക് തള്ളിക്കൊണ്ടായിരുന്നു ആസാദ് തെളിവുകള്‍ പുറത്തുവിട്ടത്.