മോദി രാജ്യത്തിന്റെ വികസനം പിന്നോട്ട് നയിക്കുന്നു: ഡി പാണ്ഡ്യന്‍

Posted on: December 21, 2015 10:18 am | Last updated: December 21, 2015 at 10:18 am

പാലക്കാട്: രാജ്യത്തിന്റെ വികസനം പിന്നോട്ടു നയിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഡി പാണ്ഡ്യന്‍. ഇന്ത്യയില്‍ നിന്നും വെള്ളക്കാരെ നാം ആട്ടിപ്പുറത്താക്കിയതുപോലെ മോദി സര്‍ക്കാരിനെയും പുറത്താക്കും. അതിന് ഇടതുസംഘടകള്‍ യോജിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 90-ാംവാര്‍ഷികവും കേരള ഘടകരൂപീകരണത്തിന്റെ 75-ാം വാര്‍ഷികാഘോഷ സമാപനവും പാലക്കാട് കോട്ടമൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യയോഗം നടക്കുന്നുവെന്നറിഞ്ഞ വെള്ളക്കാര്‍ അന്നു ഞടുങ്ങി.
ഇന്ന് തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന മോദിസര്‍ക്കാരും വരും നാളുകളില്‍ ഭീതിയിലേക്കും പിന്നീട് ചരിത്രത്തിലേക്കും എറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കെ യു വാര്യര്‍, പി വി കണ്ണപ്പന്‍, എം പി അയ്യപ്പന്‍, വി ടി നാരായണന്‍, ഡി കൃഷ്ണസ്വാമി, വിശ്വനാഥന്‍തെങ്കര, കോയമൂപ്പന്‍ എന്നീ പൂര്‍വ്വകാല കമ്മ്യൂണിസ്റ്റുകളെ യോഗത്തില്‍ ആദരിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ് അധ്യക്ഷതവഹിച്ചു.
തമിഴ്‌നാട് വാല്‍പ്പാറ എം എല്‍ എ ആറുമുഖന്‍, സംസ്ഥാന എക്‌സി അംഗം വി ചാമുണ്ണി, വിജയന്‍കുനിശ്ശേരി, ജോസ് ബേബി സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ കൃഷ്ണന്‍കുട്ടി സ്വാഗതവും ജില്ലാ അസി ———————സെക്രട്ടറി ടി സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു.