പ്രതിനിധികള്‍ പഠനങ്ങള്‍ക്കായി കേരളത്തില്‍; അധികാര വികേന്ദ്രീകരണം 10 രാജ്യങ്ങളിലേക്ക്

Posted on: December 21, 2015 4:52 am | Last updated: December 20, 2015 at 11:53 pm

local bodyകണ്ണൂര്‍: അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃക ദക്ഷിണ പൂര്‍വേഷ്യയിലെ പത്ത് രാജ്യങ്ങള്‍ കടമെടുക്കുന്നു. പ്രാദേശികതലത്തില്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്‍ ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ ഇത് മാതൃകയാക്കാന്‍ തീരുമാനിച്ചത്.
കമ്പോഡിയയുടെ തലസ്ഥാനമായ നോംപെന്നില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളനങ്ങളിലാണ് കമ്പോഡിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ അവരവരുടെ രാജ്യങ്ങളില്‍ അധികാര വികേന്ദ്രീകരണം മാതൃകയാക്കാന്‍ തീരുമാനമെടുത്തത്. ഇതിന്റെ ആദ്യഘട്ടമെന്നോണം ഇന്തോനേഷ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ കേരളത്തിലെത്തി പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
അഞ്ച് രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കും തൃശൂര്‍ കിലയില്‍ പ്രാഥമിക പരിശീലനം നല്‍കിയെന്ന് ഡയറക്ടര്‍ ഡോ. പി പി ബാലന്‍ സിറാജിനോട് പറഞ്ഞു. ഗ്രാമസമൂഹങ്ങളില്‍ നല്ല ഉണര്‍വാണ് അധികാരവികേന്ദ്രീകരണം കേരളത്തിലുണ്ടാക്കിയതെന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍. സമയബന്ധിതമായി പദ്ധതി രേഖകള്‍ തയ്യാറാക്കാനും അംഗീകാരം നേടാനുമുള്ള ശേഷി പ്രാദേശിക ഭരണകൂടങ്ങള്‍ സ്വായത്തമാക്കി എന്നതാണ് ഇതില്‍ പരമപ്രധാനമെന്ന് രാജ്യങ്ങള്‍ വിലയിരുത്തുന്നു. നാമമാത്ര രാജാധികാരങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് കമ്പോഡിയയിലുള്ളത്. അധികാര വികേന്ദ്രീകരണം കൊണ്ട് ഇവിടെ താഴേത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് കാര്യമായ ഗുണം കിട്ടുമെന്നാണ് ഇവിടത്തുകാര്‍ പ്രതീക്ഷിക്കുന്നത്. ഭരണഘടനാപരമായി നാമമാത്ര ചുമതലകള്‍ മാത്രമുള്ള രാജാവാണ് ഇവിടെ രാജ്യത്തിന്റെ തലവന്‍.
എങ്കിലും പ്രധാനമന്ത്രിയാണ് കമ്പോഡിയയിലെ പ്രധാന അധികാര കേന്ദ്രം. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും അധികാരവികേന്ദ്രീകരണം ഏറെ ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നുണ്ട്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ രാജ്യമായ ഇന്തോനേഷ്യയിലും ആധുനിക നൂറ്റാണ്ടിലും സമ്പൂര്‍ണ രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായ ഭൂട്ടാനിലും അധികാരം ജനങ്ങളിലെത്തിക്കുന്ന പദ്ധതികള്‍ ഏറെ ഗുണം ചെയ്യുമെന്ന് ഇവര്‍ കണക്കു കൂട്ടുന്നു.
ഗ്രാമസഭകളും വാര്‍ഡ് സഭകളും ഗ്രാമനഗര ജീവിതത്തിന്റെ ഭാഗമായി ഗ്രാമസഭകളെ സജീവമാക്കാന്‍ കഴിയുന്ന അയല്‍ക്കൂട്ടങ്ങളും കേരളത്തില്‍ സജീവ മാണ്. സ്ത്രീകളുടേതായ സ്വയംസഹായ സംഘങ്ങള്‍ പുതിയ ഉണര്‍വിന്റെ പ്രതീകമെന്ന നിലയില്‍ തലയെടുപ്പോടെ കേരള സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആദിവാസി ഊരുകളില്‍ അവരുടെതായ ഊരുകൂട്ടങ്ങള്‍ നിയമപരിരക്ഷയുള്ള കൂട്ടായ്മകളായി രൂപമെടുത്തിട്ടുണ്ട്. കൃഷി, വ്യവസായം, ആരോഗ്യം എന്നിങ്ങനെയുള്ള സവിശേഷ മേഖലകളില്‍ പ്രാദേശിക ഇടപെടലുകള്‍ക്കുള്ള പ്രസക്തിയും അനിവാര്യതയും തിരിച്ചറിഞ്ഞ പ്രാദേശിക പ്രവര്‍ത്തകര്‍ എല്ലാ ഗ്രാമ/നഗര പ്രദേശങ്ങളിലുമുണ്ടായിട്ടുണ്ടെന്നും രാജ്യങ്ങള്‍ നിരീക്ഷിക്കുന്നു.
സര്‍വീസിലിരിക്കുന്നവരും റിട്ടയര്‍ ചെയ്തവരുമായ നിരവധി പേര്‍ തങ്ങളുടെ ഒഴിവുസമയത്തിന്റെ ഒരു പങ്ക് പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നീക്കിവെക്കാന്‍ തയ്യാറായി. സേവനരംഗത്തെ പൊതുസ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും രക്ഷാകര്‍തൃത്വം പ്രാദേശിക ഭരണകൂടങ്ങള്‍ ഏറ്റെടുത്തതിന് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ അതീവപ്രാധാന്യമുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, ആശുപത്രികള്‍, ഗ്രന്ഥശാലകള്‍ എന്നിവയ്ക്ക് ആവശ്യമായ കെട്ടിട സൗകര്യങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുന്നതില്‍ ഒരു കുതിച്ചുചാട്ടം തന്നെ കേരളത്തിലുണ്ടായി. പരിസര ശുചിത്വം, പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വമായി തിരിച്ചറിഞ്ഞ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും അധികാര വികേന്ദ്രീകരണം കൊണ്ട് പഞ്ചായത്തുകള്‍ക്ക് സാധിച്ചു. കുടിവെള്ളവും പാര്‍പ്പിടവും സാമൂഹിക ഉത്തരവാദിത്വമാണെന്ന് പ്രാദേശിക ഭരണ സമിതികള്‍ക്കും പൗരസമൂഹത്തിനും ഉണ്ടായ തിരിച്ചറിവ് പ്രധാനമാണ്. ഇത് ദാരിദ്ര്യം കുറക്കാന്‍ സഹായകമായി എന്നും വിദേശ പ്രതിനിധി കള്‍ വിലയിരുത്തുന്നു.
പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തന സ്വാന്ത്ര്യം ഉറപ്പാക്കുന്നതിനും അവക്ക് ചിട്ടയായ പ്രവര്‍ത്തന രീതികള്‍ ആവിഷ്‌കരിക്കുന്നതിനും ഗ്രാമസഭ, കര്‍മസമിതികള്‍ തുടങ്ങിയവയുടെ നിലനില്‍പ്പും സുഗമമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിനും വേണ്ട ഭരണപരമായ ചിട്ടകളും സംവിധാനങ്ങളും നിയമങ്ങളും ഉണ്ടായി എന്നതും ഒരു വലിയ നേട്ടമായി ലോക രാജ്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.