റെഡ്ക്രസന്റ് യമനിലെ ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കി

Posted on: December 20, 2015 5:53 pm | Last updated: December 20, 2015 at 5:53 pm

hospitalഅബുദാബി: ഇ ആര്‍ സി(എമിറേറ്റ്‌സ് റെഡ് ക്രസന്റ്) യമനി ഗവര്‍ണറേറ്റായ തായിസിലെ ആശുപത്രിക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കി. ശസ്ത്രക്രിയ ഉള്‍പെടെയുള്ളവക്ക് ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യമനിലെ തെക്കന്‍ ഗവര്‍ണറേറ്റായ തായിസിന് സിലിണ്ടറുകള്‍ നല്‍കിയിരിക്കുന്നത്. യുദ്ധത്തില്‍ പരുക്കേറ്റ് നിരവധി ആളുകളാണ് ആശുപത്രിയെ സമീപിക്കുന്നത്. ഏദനിലെ പ്രാദേശിക കമ്പോളത്തില്‍ നിന്ന് സംഭരിച്ചാണ് ഇവ നല്‍കിയതെന്ന് ഇ ആര്‍ സി അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വേണമെന്ന് ആശുപത്രി അധികൃതര്‍ ഇ ആര്‍ സിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എത്ര എണ്ണമാണ് വേണ്ടതെന്ന് പരിശോധിച്ച് അത്രയും സിലിണ്ടറുകള്‍ ഭാവിയില്‍ എത്തിക്കാനും പദ്ധതിയുണ്ട്. യമനിലെ ഔദ്യോഗിക സര്‍ക്കാരിനെതിരെ വിമത വിഭാഗമായ ഹൂത്തികള്‍ പോരാട്ടം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് യമനികള്‍ക്കാണ് യുദ്ധത്തില്‍ പരുക്കേറ്റത്. കോടിക്കണക്കിന് ദിര്‍ഹത്തിന്റെ സഹായമാണ് യു എ ഇ ഭരണകൂടം യമനിലെ സഹോദരങ്ങളെ സഹായിക്കാനായി നല്‍കിക്കൊണ്ടിരിക്കുന്നത്.
യമനിലെ സഹോദരങ്ങളെ സഹായിക്കാന്‍ അടുത്തിടെ 7.35 കോടി ദിര്‍ഹംകൂടി യു എ ഇ അനുവദിച്ചിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് യു എന്നിന്റെയും രാജ്യാന്തര സംഘടനകളുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് സഹായം നല്‍കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടത്. യു എന്നിന്റെയും വിവിധ രാജ്യാന്തര സന്നദ്ധ സംഘടനകളുടെയും കീഴിലാവും യമന്‍ ജനതക്കായി സഹായം വിതരണം ചെയ്യുക. കഴിഞ്ഞ മാസം യു എ ഇ 840 മെട്രിക് ടണ്‍ വസ്തുക്കള്‍ സഹായമായി എത്തിച്ചിരുന്നു. മരുന്നും ഭക്ഷണവും മറ്റ് ജീവകാരുണ്യ വസ്തുക്കളുമാണ് എത്തിച്ചവയില്‍ ഉള്‍പെട്ടിരുന്നത്. ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യവസ്തുക്കളും യമനി ജനതയുടെ ദുരിതത്തിന് അറുതിവരുത്തുന്നതിന്റെ ഭാഗമായി എത്തിച്ചിരുന്നു. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് യു എ ഇ യമനില്‍ സഹായം വിതരണം ചെയ്തുവരുന്നത്. മേഖലയില്‍ ചുഴലിക്കാറ്റും പേമാരിയും വന്‍ നാശം വരുത്തിയ അവസരത്തിലും യു എ ഇ യമന്‍ ജനതക്ക് തണലായി മാറിയിരുന്നു.