അമരമ്പലം ആക്രമണം: മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു

Posted on: December 19, 2015 11:55 pm | Last updated: December 19, 2015 at 11:55 pm
SHARE

maoismനിലമ്പൂര്‍: അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയില്‍ വനം വകുപ്പ് ഔട്ട്‌പോസ്റ്റും ടവറും കത്തിക്കുകയും ഫോറസ്റ്റ് വാച്ചര്‍മാരെ തട്ടികൊണ്ടുപോകുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞു. സംഘത്തിലുണ്ടായിരുന്ന മലയാളിയായ സോമന്‍, സുന്ദരി, ആശ എന്നിവരെയാണ് ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. ഇവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. രഹസ്യാന്വേഷണ വിഭാഗം, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി.
ഡോഗ് സ്‌ക്വാഡിലെ റാംബോ നായ വനാതിര്‍ത്തിയിലുള്ള ഔട്ട്‌പോസ്റ്റില്‍ നിന്ന് മണം പിടിച്ച് വനത്തിനുള്ളിലെ ഔട്ട്‌പോസ്റ്റ് വരെ ഓടിയെങ്കിലും വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല. പൂത്തോട്ടം കടവില്‍ സൈലന്റ്‌വാലി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള വനം വകുപ്പ് ഔട്ട് പോസ്റ്റും ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള വാച്ച് ടവറും കത്തിക്കുകയും ജീവനക്കാരെ ബന്ധികളാക്കിയ ശേഷം വിട്ടയക്കുകയുമായിരുന്നു. ആയുധധാരികളായ പത്തംഗ സംഘമാണ് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ വനം വകുപ്പിന്റെ കെട്ടിടങ്ങള്‍ക്ക് തീയിട്ടത്.
സെലന്റ്‌വാലി ഔട്ട്‌പോസ്റ്റിലെ താത്കാലിക ജീവനക്കാരനായ ആലി, പൂത്തോട്ടം കടവ് ഔട്ട് പോസ്റ്റിലെ വാച്ചര്‍മാരായ അജയന്‍, മണികണ്ഠന്‍ എന്നിവരെയാണ് മാവോയിസ്റ്റുകള്‍ ബന്ധികളാക്കിയത്. തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ വേഷത്തില്‍ എത്തിയ സംഘം വനം വകുപ്പിന്റെ ബോര്‍ഡില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരെ ബന്ധികളാക്കിയ ശേഷം കെട്ടട്ടിടങ്ങള്‍ക്ക് തീയിടുകയായിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പൂത്തോട്ടം കടവിലെ വാച്ച് ടവറിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിക്കാണ് ആദ്യം തീയിട്ടത്.
വാച്ച് ടവര്‍ കത്തിച്ചതിന് ശേഷം വനം വകുപ്പ് ജീവനക്കാരെ വനത്തിനകത്തുള്ള സൈലന്റ്‌വാലി ഔട്ട് പോസ്റ്റിലേക്ക് കൊണ്ടുപോയി ഔട്ട്‌പോസ്റ്റും കത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം മൊബൈല്‍ ഫോണിലെ സിം കാര്‍ഡ്, ബാറ്ററി എന്നിവ ഊരി മാറ്റിയാണ് ഇവരെ വിട്ടയച്ചത്. പൂക്കോട്ടുംപാടം സ്റ്റേഷന് സമീപത്തെ റബര്‍ ടാപ്പിംഗ് തൊഴിലാളിയെയും ഹോട്ടല്‍ തൊഴിലാളിയെയും മാവോയിസ്റ്റുകള്‍ കഴിഞ്ഞ വര്‍ഷം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രത്യേകം കുറിപ്പെഴുതി വെച്ചാണ് ഇക്കുറി മാവോയിസ്റ്റുകള്‍ എത്തിയത്. നാട്ടുകാര്‍ക്കെഴുതിയ കത്തില്‍ ആദിവാസികളുടെ പ്രശ്‌നങ്ങളാണുള്ളത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രസ് റിലീസ് എന്ന പേരില്‍ എഴുതിയ കുറിപ്പില്‍ ഭരണകൂട ഭീകരതയെ കുറിച്ചാണ് സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here