ഓഫ് സീസണ്‍ വലിയ പ്രശ്‌നം : സീക്കോ

Posted on: December 19, 2015 11:00 am | Last updated: December 19, 2015 at 11:13 am

Zicoപനാജി: ഐ എസ് എല്ലിന്റെ അടുത്ത സീസണിലും പരിശീലകന്റെ റോളില്‍ കാണുമോ ? മാധ്യമപ്രവര്‍ത്തകരുടെ സ്‌നേഹനിര്‍ഭരമായ ഈ ചോദ്യത്തിന് മുന്നില്‍ സീക്കോ വീണു. ആരോഗ്യത്തിന് വലിയ കുഴപ്പമില്ലെങ്കില്‍ ഇവിടെ എത്താതിരിക്കാന്‍ പ്രത്യേകിച്ച് തടസങ്ങളൊന്നുമില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ നല്‍കുന്ന സ്‌നേഹവും ഐ എസ് എല്ലിന്റെ പുരോഗതിയുമൊക്കെ സീക്കോയെ ആകര്‍ഷിക്കുന്നു.
പക്ഷേ, കാര്യമാത്ര പ്രസക്തമായ ഒരു മറുചോദ്യം സീക്കോ ഉന്നയിക്കുന്നുണ്ട്. ഓഫ് സീസണ്‍ എന്ത് ചെയ്യും ? മൂന്ന് മാസമാണ് ഐ എസ് എല്‍. അതു കഴിഞ്ഞാല്‍ എട്ട് മാസങ്ങള്‍ വെറുതെയിരിക്കുന്ന അവസ്ഥ. ഇക്കാലയളവില്‍ മറ്റേതെങ്കിലും ക്ലബ്ബുമായി കരാറിലെത്തിയാല്‍ സീക്കോക്ക് അടുത്ത ഐ എസ് എല്ലില്‍ പങ്കെടുക്കുക അസാധ്യമാകും. ഓഫ് സീസണിന്റെ ബുദ്ധിമുട്ട് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയ സീക്കോ ഇത് തന്റെ അവസാന ഐ എസ് എല്‍ ആണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എഫ് സി ഗോവയെ ചാമ്പ്യന്‍മാരാക്കിക്കൊണ്ട് വിടപറയാനാണ് സീക്കോ ഒരുങ്ങുന്നത്.
പ്രീ സീസണില്‍ ദുബൈയില്‍ കടുപ്പമേറിയ മത്സരങ്ങള്‍ കളിച്ചതാണ് ടീമിനെ രൂപപ്പെടുത്തിയത്. ഗ്രിഗറി ഒഴികെയുള്ളവരെല്ലാം എഫ് സി ഗോവയില്‍ പുതുമുഖങ്ങളായിരുന്നു. ഈ സാഹചര്യത്തില്‍ ഓരോ താരത്തെയും പഠിക്കുക എന്നതിന് പ്രാധാന്യമുണ്ടായിരുന്നു. ദുബൈയിലെ സെഷനോടെ ഓരോ താരത്തെ കുറിച്ചും വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായെന്നും സീക്കോ.