പെണ്‍വാണിഭം: പോലീസുകാരനും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ എട്ടു പേര്‍ പിടിയില്‍

Posted on: December 19, 2015 11:09 am | Last updated: December 19, 2015 at 11:09 am

പാലക്കാട്: നഗരത്തിനോട് ചേര്‍ന്നുള്ള വി ഐ പി കോളനിയില്‍ വീട് വാടകക്ക് എടുത്ത് പെണ്‍വാണിഭം നടത്തിയ സംഘം അറസ്റ്റില്‍. ഒരു പോലീസുകാരനും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ എട്ടുപേരാണ് പിടിയിലായത്. മൂന്നുദിവസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കസബ പോലീസാണ് പെണ്‍വാണിഭ സംഘത്തെ കുരുക്കിയത്.
മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണാടി കളത്തില്‍ വീട്ടില്‍ ജയന്‍(42), മണ്ണാര്‍ക്കാട് കോട്ടോപ്പാടം കണ്ടമംഗലം കോഴിമണ്ണില്‍ വീട്ടില്‍ മുസ്തഫ(37), കോങ്ങാട് കാക്കയം വീട്ടില്‍ മണികണ്ഠന്‍(40), കോയമ്പത്തൂര്‍ രാമനാഥപുരം എസ് കുമാര്‍(65), തിരുപ്പൂര്‍ മെയില്‍റോഡ് ടി എസ് ആര്‍ ലേഔട്ട് വെങ്കിടേഷ്(44), തിരുപ്പൂര്‍ മൂന്നാംതെരുവ് ആര്‍ വി ലേഔട്ട് ആസിയ(42), പള്ളത്തോരി നരകുളംഅംബുജം ശോഭ(50), ബംഗളൂരു ഇന്‍ഫന്ററി ബില്‍ഡിംഗ് റോഡില്‍ നേഹനാഗ്(23) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മുസ്തഫയാണ് നടത്തിപ്പുകാരനെന്ന് പോലീസ് പറഞ്ഞു. പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപാടിനെത്തിയതായിരുന്നു. പ്രായംകുറഞ്ഞ നേഹനാഗിനെ മുന്‍നിര്‍ത്തിയായിരുന്നു പ്രധാന കച്ചവടം.
20,000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ചന്ദ്രനഗറില്‍ ഒരാഴ്ച മുമ്പാണ് വീട് വാടകക്ക് എടുത്തത്. പിന്നീട് കാറിലും ഇരുചക്രവാഹനങ്ങളിലുമായി ഇടപാടുകാര്‍ വന്നുപോയി തുടങ്ങിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്നാണ് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.വ്യാഴാഴ്ച മൂന്നുപേരാണ് പലപ്പോഴായി വന്നുപോയത്. ഇന്നലെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ഒന്നരലക്ഷം രൂപയും പത്തു മൊബൈല്‍ ഫോണും ഒരു കുപ്പി മദ്യവും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു.
കസബ സി ഐ എം ഐ ഷാജി, എസ് ഐ പ്രശാന്ത്കുമാര്‍, അഡീഷണല്‍ എസ് ഐ സുധാകരന്‍, സി പി ഒമാരായ പ്രസാദ്, ബാബു, അനൂപ്, രാധിക, ബബിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.