സാമൂഹിക പ്രതിബദ്ധതയുള്ളതും ഇല്ലാത്തതും സിനിമ രണ്ടായി വിഭജിക്കപ്പെട്ടതായി: വി കെ ശ്രീരാമന്‍

Posted on: December 19, 2015 11:03 am | Last updated: December 19, 2015 at 11:03 am

പാലക്കാട്: സാമൂഹിക പ്രതിബദ്ധതയുള്ളതും ഇല്ലാത്തതുമെന്ന തരത്തില്‍ സിനിമ രണ്ടായി വിഭജിച്ചു പോയിരിക്കുകയാണെന്ന് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍ പറഞ്ഞു. പാലക്കാട് പ്രസ്‌ക്ലബ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ടോപ്പ് ഇന്‍ ടൗണ്‍ എന്നിവയുമായി സഹകരിച്ചു നടത്തുന്ന കിം കി ഡുക്ക് ടോപ്പ് ടെന്‍ ഫിലിം ഫെസ്റ്റിവലില്‍ സമകാലിക സിനിമയും പ്രതിസന്ധികളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാല സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കെല്ലാം നവോത്ഥാന പാരമ്പര്യത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു. സാഹിത്യസൃഷ്ടികള്‍ പലതും സിനിമയാകുന്നത് അങ്ങനെയാണ്. എഴുത്തുകാരും സംവിധായകരും മാത്രമല്ല ഗാനരചയിതാക്കളും സംഗീതസംവിധായകരുമെല്ലാം ആ സംസ്‌ക്കാരം സിനിമയിലേയ്ക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ അത് മാറി. മുഖ്യധാരാ സിനിമയുടെ മുഖമുദ്ര ലാ‘ം മാത്രമായി. സമൂഹത്തെ നവീകരിക്കുന്നതിനു പകരം ചൂഷണം ചെയ്യുകയെന്ന നിലയിലേയ്ക്ക് അവര്‍ മാറി. കലയെ സ്‌നേഹിക്കുന്നവരും പ്രതിബദ്ധതയുള്ളവരും സമാന്തര സിനിമകളിലേയ്ക്ക് നീങ്ങി. ഈ വിടവ് ഇപ്പോള്‍ ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അദ്ധ്യക്ഷനായി. പാഞ്ചജന്യം ഫിലിം സൊസൈറ്റിയിലെ രൂപേഷ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്‍. ശശിശേഖര്‍, കെ.ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.