ചെളുക്കാടിയിലെ മാലിന്യ നിക്ഷേപം: ഹരിത ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു

Posted on: December 19, 2015 11:01 am | Last updated: December 19, 2015 at 11:01 am

ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറ ചെളുക്കാടിയിലെ മാലിന്യ നിക്ഷേപം ചെന്നൈ ഹരിത ട്രൈബ്യൂണല്‍ കോടതി സ്റ്റേ ചെയ്തു. ജനവാസ കേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പ്രദേശവാസികളായ മാതയ്യ, രാജേന്ദ്രന്‍ എന്നിവര്‍ ഹരിത ട്രൈബ്യൂണല്‍ കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് താത്ക്കാലിക സ്റ്റേ നല്‍കിയത്. ഗൂഡല്ലൂര്‍ നഗരസഭയിലെ 21 വാര്‍ഡുകളിലെയും മാലിന്യം നിക്ഷേപിക്കുന്നതിനായി നഗരസഭ നാല് ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഈ പ്രദേശത്ത് 300 കുടുംബങ്ങള്‍ അതിവസിക്കുന്നുണ്ട്. ജനങ്ങള്‍ തിങ്ങി താമസിക്കുന്ന സ്ഥലത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കുന്നിന്റെ മുകളിലാണ് മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥിതിചെയ്യുന്നത്. മഴക്കാല സമയങ്ങളില്‍ മാലിന്യം താഴ്ഭാഗത്തെ വീടുകളിലേക്ക് ഒലിച്ചുവരികയും ചെയ്യും. കൂടാതെ ദുര്‍ഗന്ധം കാരണം ഇവിടെ താമസിക്കാനും പറ്റാതെ വരും. കിണറിലേക്കും മറ്റും മാലിന്യം ഒഴുകും. ഇത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും. മാലിന്യം ഗൂഡല്ലൂര്‍ മേഖലയിലെ നദികളിലേക്കും എത്തും. അതേസമയം തുറപ്പള്ളിയിലെ വനമേഖലയിലാണ് ആദ്യം നഗരസഭ മാലിന്യം നിക്ഷേപിച്ചിരുന്നത്. ഇത് പാരിസ്ഥിതി പ്രശ്‌നത്തിന് കാരണമായിട്ടുണ്ടെന്നും വന്യജീവികള്‍ക്ക് ഇത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടികാട്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരിത ട്രൈബ്യൂണല്‍ കോടതിയില്‍ പൊതു താത്പര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി അവിടെ മാലിന്യം നിക്ഷേപിക്കുന്നത് വിലക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നഗരസഭ ചെളുക്കാടിയില്‍ സ്ഥലം കണ്ടെത്തിയതും മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങിയതും. എന്നാല്‍ ചെളുക്കാടിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ഹരിത ട്രൈബ്യൂണല്‍ കോടതി താത്ക്കാലിക സ്റ്റേ ചെയ്തിരിക്കുകയാണ്. ജഡ്ജി ചൊക്കലിംഗത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സ്റ്റേ നല്‍കിയിരിക്കുന്നത്.