Connect with us

National

അമിത് ഷായുടെ ആവശ്യം: ബി ജെ പി നിരാഹാരം പിന്‍വലിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ത്രണമുല്‍ കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെ ബി ജെ പി നടത്തുന്ന നിരാഹാര സമരം പിന്‍വലിച്ചു. ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മറ്റ് സമര പരിപാടികള്‍ തുടരും.
ഈ സര്‍ക്കാറിനെതിരെയുള്ള ഞങ്ങളുടെ സമരം തുടരും. പാര്‍ട്ടി അധ്യക്ഷന്റെ ഉത്തരവ് പ്രകാരമാണ് നിരാഹാരം പിന്‍ലിക്കുന്നത്. മറ്റ് രീതിയിലുള്ള പ്രതിഷേധങ്ങള്‍ തുടരാന്‍ അദ്ദേഹം അനുമതി നല്‍കിയിട്ടുണ്ടെന്നും ഖൈലേഷ് വിജയ വര്‍ഗിയ അറിയിച്ചു. പശ്ചിമബംഗാളിലെ ബി ജെ പി ചുമതല ഇദ്ദേഹത്തിനാണ്.
കഴിഞ്ഞ ദിവസമുണ്ടായ ജയില്‍ നിറക്കല്‍ സമരം അക്രമാസക്തമായിരുന്നു. ദേശീയ നേതാക്കളായ സിദ്ധാര്‍ഥ് നാഥ് സിംഗ്, സുരേഷ് പൂജാരി, വിജയ വര്‍ഗിയ എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നോര്‍ത്ത് 24 പര്‍ഗനാസ്, നാദിയ എന്നീ ജില്ലകളിലാണ് സമരം സംഘടിപ്പിച്ചത്.
സമരത്തോടനുബന്ധിച്ച് ബുധനാഴ്ച്ച നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. അന്ന് രാത്രി മുതലാണ് നിരാഹാര സമരം തുടങ്ങിയത്. അറസ്റ്റിലായവരെ വിട്ടയക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം ചെവിക്കൊണ്ടിരുന്നില്ല.
സംസ്ഥാനത്തുടനീളം ജയില്‍ നിറക്കല്‍ സമരത്തിന് ബി ജെ പി ആഹ്വാനം നല്‍കിയിട്ടുണ്ട്.

Latest