അറബി ഭാഷയെ അവമതിക്കാന്‍ അനുവദിക്കില്ല: അലിഫ്‌

Posted on: December 19, 2015 5:43 am | Last updated: December 19, 2015 at 12:44 am
ലോക അറബിക് ദിനാഘോഷത്തോടനുബന്ധിച്ച് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം ഡല്‍ഹിയില്‍ നടത്തിയ ഇന്റര്‍നാഷനല്‍ അറബിക് സമ്മിറ്റില്‍ അസ്സഖാഫ അറബിക് മാസികയുടെ പരിഷ്‌കരിച്ച പതിപ്പ് ബ്രൂണെ അംബാസഡര്‍                ദത്തോ പടുക്ക സിദ്ദീഖ് അലി  പ്രകാശനം ചെയ്യുന്നു
ലോക അറബിക് ദിനാഘോഷത്തോടനുബന്ധിച്ച് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം ഡല്‍ഹിയില്‍ നടത്തിയ ഇന്റര്‍നാഷനല്‍ അറബിക് സമ്മിറ്റില്‍ അസ്സഖാഫ അറബിക് മാസികയുടെ പരിഷ്‌കരിച്ച പതിപ്പ് ബ്രൂണെ അംബാസഡര്‍ ദത്തോ പടുക്ക സിദ്ദീഖ് അലി പ്രകാശനം ചെയ്യുന്നു

ന്യൂഡല്‍ഹി: ജാതിയുടേയോ മതത്തിന്റെയോ ദേശത്തിന്റെയോ അതിര്‍ വരമ്പില്‍ ഒതുക്കി അറബി ഭാഷയെ അവമതിക്കാന്‍ അനുവദിക്കില്ലെന്ന് അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം (അലിഫ്) ഇന്റര്‍നാഷനല്‍ അറബിക് സമ്മിറ്റ്. അറബി ഭാഷ ഭാരത സംസ്‌കാരത്തില്‍ മൊത്തത്തിലും കേരളീയ സംസ്‌കാരത്തില്‍ പ്രത്യേകിച്ചും അഭിവാജ്യഘടകമാണ്. ന്യൂജനറേഷന്റെ പുരോഗതിയില്‍ അറബി ഭാഷ വഹിക്കുന്ന പങ്ക് തള്ളിക്കളയാനാകില്ലെന്നും ലോക അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇസ്‌ലാമിക് എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ന്യൂഡല്‍ഹിയില്‍ നടന്ന സമ്മിറ്റ് അഭിപ്രായപ്പെട്ടു. അറബി പഠിതാക്കളും തൊഴില്‍ അവസരങ്ങളും ഏറ്റവും കൂടുതലുള്ള കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അറബിക് സര്‍വകലാശാലയും ഇഫഌ അലിഗഢ് ഓഫ് ക്യാമ്പസുകളില്‍ പ്രഖ്യാപിച്ച അന്താരാഷ്ട്ര അറബിക് സെന്ററുകളും നടപ്പിലാക്കുന്നതില്‍ അലംഭാവമുണ്ടായാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അലിഫ് സമ്മിറ്റ് മുന്നറിയിപ്പ് നല്‍കി. ഇതിനുള്ള വിവിധ പദ്ധതികള്‍ക്കും സമ്മിറ്റ് രൂപം നല്‍കി.
സമ്മിറ്റ് ബ്രൂണെ അംബാസഡര്‍ ദത്തോ പടുക സിദ്ദീഖ് അലി ഉദ്ഘാടനം ചെയ്തു. ഡോ. അബു യാസീന്‍ ഹബീബി അധ്യക്ഷ വഹിച്ചു. 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി പരിഷ്‌കരിച്ച് പുറത്തിറക്കിയ അസ്സഖാഫ അറബിക് മാസികയുടെ പ്രകാശനം ദത്തോ പടുക നിര്‍വഹിച്ചു. അറബി ഭാഷയും ഇന്ത്യന്‍ മദ്‌റസാ പ്രസ്ഥാനവും എന്ന വിഷയത്തില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അറബി ഭാഷക്ക് ഇന്ത്യന്‍ സംഭാവനകള്‍ എന്ന വിഷയത്തില്‍ ഡോ. മഖ്ബൂല്‍ അഹമ്മദ് സാലിക് മിസ്ബാഹി, അറബി ഭാഷ ആഗോളവത്കരണത്തിന് ശേഷം എന്ന വിഷയത്തില്‍ അമീന്‍ ഹസന്‍ സഖാഫി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
മൊറോക്കോ എംബസി കര്‍ച്ചറല്‍ കൗണ്‍സിലര്‍ ഡോ. അഹമ്മദ് അല്‍ മസ്‌റൂഹി, യെമന്‍ എംബസി സെക്രട്ടറി താജുദ്ദീന്‍ മുഹമ്മദ്, ഗുലാം റസൂല്‍ ന്യൂഡല്‍ഹി, മുഹമ്മദ് ഖാന്‍ അസ്ഹരി, വി എം കോയ മാസ്റ്റര്‍ സംസാരിച്ചു.