ഇറാഖിലെ തട്ടിക്കൊണ്ടുപോകല്‍: ഏഴു ഖത്വരികള്‍ മോചിതരായി

Posted on: December 18, 2015 7:02 pm | Last updated: December 18, 2015 at 7:02 pm

Untitled-2 copyദോഹ: ഇറാഖില്‍ അക്രമി സംഘം തട്ടിക്കൊണ്ടുപോയ ഖത്വര്‍ സ്വദേശികളില്‍ ഏഴു പേര്‍ മോചിതരായി. ശേഷിക്കുന്നവരുടെ മോചനത്തിനു വേണ്ടിയുള്ള ശ്രമം തുടരുന്നു. മോചിതരായവരെ കുവൈത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലര്‍ക്ക് പരുക്കു പറ്റിയിട്ടുണ്ടെന്ന് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒമ്പതു പേര്‍ മോചിതരായതായി കുവൈത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. അജ്ഞാതരായ ആയുധധാരികളുടെ പിടിയിലകപ്പെട്ട 26 പേരില്‍ 19 പേരാണ് ഖത്വരികളെന്നും ശേഷിക്കുന്നവരില്‍ ഒരു കുവൈത്ത് പൗരനുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മോചിതരായവരെ കുവൈത്ത് ഖത്വര്‍ അംബാസഡര്‍ ഹമദ് അല്‍ ഹിന്‍സാബ്, അല്‍ അബ്ദലി അതിര്‍ത്തിയില്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ സജ്ജീകരിച്ചിരുന്നു. എയര്‍ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അല്‍വത്തന്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ മോചിതരായവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ഇറാഖില്‍ അപായത്തില്‍ പെട്ടവരില്‍ ഒരു കുവൈത്തി പൗരനുള്ളതായി സുരക്ഷാ അധികൃതര്‍ ചൂണ്ടിക്കാട്ടി. മോചിപ്പിക്കപ്പെട്ടവരില്‍ ഏഴു പേരാണ് ഖത്വരികളെന്നും ഒരാള്‍ കുവൈത്തിയും ഒരാള്‍ സഈദി സ്വദേശിയുമാണെന്ന് അല്‍ജസീറ അറബിക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒമ്പത് പേര്‍ എങ്ങനെയാണ് മോചിപ്പിക്കപ്പെട്ടതെന്നോ അവരുടെ പേരു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എല്ലാവരെയും വിട്ടയക്കുന്നതിനായി ഇറാഖി ഉന്നത വൃത്തങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതായി കുവൈത്ത് നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞു. 20 ദിവസം മുമ്പാണ് ഖത്വറില്‍ രജിസ്റ്റര്‍ ചെയ്ത 42 വാഹനങ്ങളിലായി വേട്ട സംഘം അബ്ദലി ബോര്‍ഡറിലൂടെ ഇറാഖിലേക്ക് പോയതെന്ന് കുവൈത്ത് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇറാഖി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഇറാഖിന്റെ തെക്കെ അതിര്‍ത്തിയിലൂടെയാണ് ഖത്വരി വേട്ട സംഘം ഇറാഖില്‍ പ്രവേശിച്ചതെന്നും അവിടെ അജ്ഞാതരായ നൂറോളം അംഗങ്ങളുള്ള സായുധ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും ബി ബി സി അറബിക് ന്യസ് സര്‍വീസ് ആണ് ബുധനാഴ്ച വാര്‍ത്ത പുറത്തു വിട്ടത്. തുടര്‍ന്ന് ഖത്വര്‍ ആഭ്യന്തര മന്ത്രാലയം പൗരന്‍മാരുടെ മോചനത്തിനു വേണ്ടി ശ്രമിച്ചു വരികയാണെന്നും മോചനം ഉടന്‍ സാധ്യമാകുമെന്നും പ്രസ്താവനയിറക്കി. വിദേശകാര്യ സഹമന്ത്രിയെയും ഇറാഖിലെ ഖത്വര്‍ അംബാസിഡറേയും മോചന ശ്രമങ്ങള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യ ഇറാഖി വിദേശകാര്യ മന്ത്രി ഇബ്രാഹിം ജഅ്ഫരിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
അതേ സമയം, സുരക്ഷിത മേഖല വിട്ടു പുറത്തുപോകരുതെന്ന നിര്‍ദേശം വേട്ട സംഘം ലംഘിച്ചതായി ഇറാഖ് ആഭ്യന്തര മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ബാഗ്ദാദില്‍ നിന്ന് 200 മൈലോളം അകലെയാണ് സംഭവം നടന്ന സ്ഥലം. ഐ എസ് നിയന്ത്രണത്തിലുള്ള ഉത്തര, പടിഞ്ഞാറന്‍ ഇറാഖില്‍ നിന്ന് ഇത് വളരെ അകലെയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. സുരക്ഷ പരിഗണിക്കാതെ ഇവിടെ വര്‍ഷം തോറും ദേശാടനപ്പക്ഷി, ഫാല്‍ക്കണ്‍ നായാട്ടു സംഘങ്ങള്‍ എത്താറുണ്ട്.