വിസ്മയങ്ങളുമായി ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യാപവലിയന്‍

Posted on: December 18, 2015 5:45 pm | Last updated: December 18, 2015 at 5:45 pm

IMG_3014ദുബൈ: സന്ദര്‍ശകര്‍ക്ക് വിസ്മയമാവുകയാണ് ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ പവലിയന്‍. ഇന്ത്യയുടെ പ്രൗഢമായ തനത് പൈതൃകം വിളിച്ചോതുന്ന വിധത്തിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. പവലിയന്റെ ഓരോ ഇഞ്ചിലും വ്യത്യസ്തത ദൃശ്യമാണ്. 70 രാജ്യങ്ങളില്‍ നിന്നുള്ള 32 പവലിയനുകളില്‍ വലിപ്പമേറിയതാണ് ഇന്ത്യയുടേത്.
1,23,848 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പവലിയനിലെ 348 സ്റ്റാളുകളും സജീവം. വിസ്താരമേറിയ നടപ്പാതകളും തടിയില്‍ തീര്‍ത്ത പ്രത്യേകമായ പാര്‍ക്വറ്റ് ഫ്‌ളോറിങ്ങും സന്ദര്‍ശകര്‍ക്ക് അനായാസമായി സഞ്ചരിക്കാന്‍ വഴിയൊരുക്കും. സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതാവട്ടെ കമനീയമായ കവാടങ്ങളും കടുവകളും മയിലുകളും ആനകളും മ്യൂസിക്കല്‍ ഫൗണ്ടനുകളുമാണ്.
ക്ലാസിക്ക് പോള്‍ ലൈറ്റോടുകൂടിയ ഇന്റര്‍ലോക്ക്ഡ് പാസേജുകളിലൂടെ സഞ്ചരിക്കുമ്പോള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, ആക്‌സസറീസ്, ആയുര്‍വേദ ഉത്പന്നങ്ങള്‍, മസാജുകള്‍, സൗന്ദര്യസംരക്ഷണ വസ്തുക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, രസമുകുളങ്ങളെ ഉണര്‍ത്തുന്ന രുചിയിനങ്ങള്‍ എന്നിവയടക്കമുള്ള ഇന്ത്യയുടെ തനത് വ്യാപാര ശ്രേണിയിലേക്കുള്ള പ്രവേശനമാകുമെന്ന് ഇന്ത്യാ പവലിയന്‍ മാനേജ്‌മെന്റ് എം ഡി ശ്രീകുമാര്‍ പറഞ്ഞു.
ബോളിവുഡ് ഗായിക ശ്രേയ ഘോഷാല്‍, തുകല്‍ വാദ്യകുലപതിയും ഡ്രമ്മറുമായ ആനന്ദ് ശിവമണി, മുന്‍നിര ഇന്ത്യന്‍ ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ്, 15 ഇന്ത്യന്‍ ഭാഷകളില്‍ പാടുന്ന സോളോ ആര്‍ട്ടിസ്റ്റ് ചാള്‍സ് ആന്റണി തുടങ്ങിയവര്‍ ഗ്ലോബല്‍ വില്ലേജിലെ പ്രധാന സാംസ്‌ക്കാരിക വേദിയിലെത്തുന്ന ഇന്ത്യയിലെ പ്രമുഖരില്‍ ചിലര്‍ മാത്രം.
ജാക്കിചാനേയും ഷാറൂഖ് ഖാനെയുമടക്കം ആയോധന കല ആഭ്യസിപ്പിച്ചിട്ടുള്ള ഇന്ത്യയിലെ പ്രമുഖ കളരിപ്പയറ്റ് സംഘമായ സി വി എന്‍ കളരിയിലെ അഭ്യാസികള്‍ ഗ്ലോബല്‍ വില്ലേജില്‍ മെയ്യും ആയുധങ്ങളും കൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ തീര്‍ക്കും. ഇതുകൂടാതെ, കളരി-മര്‍മ്മാണി മസാജ് ആവശ്യമുള്ളവര്‍ക്കായി ഇതാദ്യമായി ഇന്ത്യന്‍ പവലിയനില്‍ വിദഗ്ധസേവനം നല്‍കുന്ന പ്രത്യേക സ്റ്റാളും ഉണ്ടാകും. അസ്ഥി-നാഡി-പേശീ രോഗങ്ങളായ സന്ധിവാതം, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങള്‍, കായികക്ഷതങ്ങള്‍, ഒടിവ് തുടങ്ങിയവ പരിഹരിക്കുന്നതില്‍ സി വി എന്‍ കളരി പ്രശസ്തമാണ്. കളരി മരുന്നുകള്‍ ഉപയോഗിച്ചുള്ള ഉഴിച്ചിലാണ് സി വി എന്‍ പിന്തുടരുന്ന ആയുര്‍വേദ ചികിത്സാരീതി. സന്ദര്‍ശകര്‍ക്ക് അവരുടെ പ്രതിഭ തെളിയിക്കുന്നതിന് ഉതകുന്ന മത്സരങ്ങളും ഷോകളും പവലിയനിലെ മാസ്മരിക വേദിയില്‍ പ്രകടിപ്പിക്കുന്നതിന് ദിവസവും വൈകിട്ട് ആറു മുതല്‍ പത്ത് വരെ സമയത്ത് അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങങ്ങളില്‍ നിന്നുള്ള സാംസ്‌ക്കാരിക പരിപാടികള്‍ പവലിയനിലേക്ക് ജനത്തെ വലിച്ചടുപ്പിക്കുന്നു.
ഇന്ന് തൈക്കൂടം ബ്രിഡ്ജ് സന്ദര്‍ശകര്‍ക്കായി പരിപാടി അവതരിപ്പിക്കും. ബാന്‍ഡിന്റെ സൂപ്പര്‍ ഹിറ്റ് സോങ്ങിന്റെ വീഡിയോ റിലീസ് ചെയ്യും. ആദ്യമായാണ് ബാന്‍ഡ് അവരുടെ പാട്ട് ദൃശ്യവല്‍ക്കരിക്കുന്നത്. രാത്രി 9 മുതല്‍ 11വരെ നീളുന്ന പ്രധാനവേദിയിലെ ത്രസിപ്പിക്കുന്ന പ്രകടനത്തിന് മുമ്പ് വൈകിട്ട് 7.30ന് ഇന്ത്യന്‍ പവലിയന്റെ വേദിയിലാണ് വീഡിയോ റിലീസ് എന്നും ശ്രീകുമാര്‍ അറിയിച്ചു.