Connect with us

International

മുസ്‌ലിം ബ്രദര്‍ഹുഡ് തീവ്രവാദപരം തന്നെ: ബ്രിട്ടന്‍

Published

|

Last Updated

ലണ്ടന്‍: ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍)സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇഖ്‌വാനില്‍ ചേരുന്നതും അവരുമായി ബന്ധം പുലര്‍ത്തുന്നതും “തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നതിന്റെ സൂചന”യായി കാണാമെന്ന് സമിതി വിലയിരുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചത്. ബ്രദര്‍ഹുഡ് ബ്രിട്ടീഷ് സുരക്ഷിതത്വത്തിന് ഭീഷണിയാണോ എന്ന് അന്വേഷിക്കാന്‍ 2014 ഏപ്രിലിലാണ് സമിതിയെ നിയോഗിച്ചത്. പല തവണ സമയം നീട്ടി വാങ്ങിയാണ് സമിതി ഇന്നലെ ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ പരിഗണനക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അക്രമാസക്ത തീവ്രവാദവുമായി മുസ്‌ലിം ബ്രദര്‍ഹുഡിന് വളരെ അടുത്ത ബന്ധമുണ്ട്. അതിന്റെ പ്രത്യയ ശാസ്ത്രവും പ്രവര്‍ത്തന ശൃംഖലയും തീവ്രവാദ സംഘടനയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. സംഘടനയുടെ പ്രവര്‍ത്തനരീതികള്‍ നിഗൂഢവും രഹസ്യാത്മകവും ഒട്ടും സുതാര്യമല്ലാത്തതുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുവെന്ന് കാമറൂണ്‍ വ്യക്തമാക്കി.
ബ്രദര്‍ഹുഡ് നേതാക്കള്‍ക്കും തീവ്രവാദ പരമാര്‍ശങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകര്‍ക്കും ബ്രിട്ടനിലേക്ക് വിസ അനുവദിക്കില്ലെന്ന നയം ബ്രിട്ടന്‍ തുടരും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടനില്‍ നിന്ന് നല്‍കുന്ന തുക ബ്രദര്‍ഹുഡ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രദര്‍ഹുഡ് എല്ലായ്‌പ്പോഴും ബ്രിട്ടന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കണമെന്നും റിപ്പോര്‍ട്ട് നിഷ്‌കര്‍ഷിക്കുന്നുണ്ട്.
തഹ്‌രീര്‍ പ്രക്ഷോഭത്തിന് ശേഷം ഈജിപ്തില്‍ അധികാരത്തിലെത്തിയ ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സൈന്യം പുറത്താക്കുകയായിരുന്നു. പിന്നീട് പ്രസിഡന്റ്പദത്തിലെത്തിയ മുന്‍ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് സീസി ഇഖ്‌വാനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. സിനായി മേഖലയിലടക്കം നടക്കുന്ന തീവ്രവാദ ആക്രമണങ്ങളില്‍ ബ്രദര്‍ഹുഡിന് പങ്കുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

---- facebook comment plugin here -----

Latest