Connect with us

Articles

അറബി ഭാഷയും നമ്മളും

Published

|

Last Updated

നബി(സ) പറഞ്ഞു: “നിങ്ങള്‍ അറബി ഭാഷയെ സ്‌നേഹിക്കുക. ഞാന്‍ അറബിയാണ്, ഖുര്‍ആന്‍ അറബിയാണ്, സ്വര്‍ഗവാസികളുടെ ഭാഷ അറബിയാണ്.”
യഅ്‌രിബ് എന്ന വ്യക്തിയാണ് അറബി ഭാഷയുടെ പിതാവ് എന്നാണ് ചരിത്രഭാഷ്യം. “അറബി” എന്ന പദം നിഷ്പന്നമായത് തന്നെ “യഅ്‌രിബി”ല്‍ നിന്നാണെന്ന് കരുതുന്നു. ബി സി 1900ലാണ് അദ്ദേഹം ജീവിച്ചതെന്നാണ് പറയുന്നത്. 2800ലാണെന്നും അഭിപ്രായമുണ്ട്. നൂറ് കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ മതപരമായ ഭാഷയാണ് അറബി. അറബി എഴുതാനും വായിക്കാനും കഴിയുന്ന 50 കോടിയിലേറെ ജനങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തുമുണ്ട്. 22 രാജ്യങ്ങളിലെ 32 കോടിയിലേറെ ജനങ്ങളുടെ മാതൃഭാഷയാണിത്. ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി അംഗീകരിച്ച ആറ് ഭാഷകളിലൊന്നാണ് അറബി. 1987ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ അറബി ഭാഷക്കായിരുന്നു. അബ്ബാസിയ ഭരണകാലത്ത് അറബി ഒരു ലോകഭാഷയായി ഉയര്‍ന്നു. അഞ്ച് നൂറ്റാണ്ട് കാലം ആ പദവി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അറബി ലിപി ചില്ലറ മാറ്റങ്ങളോടെ മറ്റു ഭാഷകളില്‍ സ്വീകരിച്ചിട്ടുണ്ട്. ഉര്‍ദു, പേര്‍ഷ്യന്‍, മലായ തുടങ്ങിയ ഭാഷകളില്‍ ഇത് നിഴലിച്ചു കാണാം.
അറബികളും കേരളവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കച്ചവടത്തോടൊപ്പം ഭാഷാവിനിമയവും സാംസ്‌കാരിക കൈമാറ്റവും നടന്നുവെന്ന് ചരിത്രം പറയുന്നു. അങ്ങനെയാണ് അറബി മലയാളമെന്ന ഒരു ഭാഷ ഇവിടെ രൂപമെടുക്കുന്നത്. ഇതുപോലെ അറബിത്തമിഴും മറ്റും രൂപം പ്രാപിച്ചിട്ടുണ്ട്. അറബിയുടെ കേരളീയ ആഗമനം കേവലമൊരു മുസ്‌ലിം ഭാഷ എന്നതിലുപരി ഒരു വിനിമയ സംസ്‌കാരത്തിന്റെയും സങ്കര സംസ്‌കൃതിയുടെയും ഉദാഹരണമായി കാണാം. അറബി ഭാഷയില്‍ പ്രാവീണ്യം നേടിയ കേരളീയ പണ്ഡിതന്മാര്‍ നിരവധിയാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന അറബി ഭാഷയിലുള്ള ചരിത്ര ഗ്രന്ഥം 36 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹം തന്നെ രചിച്ച ഫത്ഹുല്‍ മുഈന്‍ എന്ന ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥം ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പോലും പാഠ്യവിഷയമാണ്.
കേരളത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ വളരെ മുമ്പ് തന്നെ പള്ളിയോടും വ്യാപാര സ്ഥാപനങ്ങളോടും മുസ്‌ലിം കോളനികളോടും ചേര്‍ന്ന് ഓത്തുപള്ളികള്‍ നടത്തിയിരുന്നു. അറബി അക്ഷരങ്ങള്‍ക്ക് പുറമെ ഖുര്‍ആനും ഫിഖ്ഹും അതില്‍ പഠനവിഷയമായിരുന്നു. മലബാറിലെ ഈ കലാലയങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്‌കൂളുകളായി അംഗീകാരം നല്‍കി. അതോടെ അറബിയും ഖുര്‍ആനും സ്‌കൂളിലെത്തി. കലാപം അസ്വസ്തത വിതച്ച മലബാറില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓത്തുപള്ളികള്‍ മാപ്പിള സ്‌കൂളുകളാക്കി മാറ്റിയത്. അതോടെ മുല്ലാക്കമാര്‍ സ്‌കൂള്‍ അധ്യാപകരായും മാനേജര്‍മാരായും മാറി. തിരുവിതാംകൂറിന്റെ അവസ്ഥ ഇതായിരുന്നില്ല.
1913ല്‍ തിരുവിതാംകൂറില്‍ നിയമിതനായ ഡോ. ബിഷപ്പ് കമ്മീഷന്റെ ശിപാര്‍ശ പ്രകാരം 25 മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു ഖുര്‍ആന്‍ അധ്യാപകനെ നിയമിക്കാന്‍ ഉത്തരവിറക്കി. ഇങ്ങനെ 15 സ്‌കൂളുകള്‍ക്ക് ഇത്തരത്തില്‍ അംഗീകാരം ലഭിച്ചു. പിന്നീട് സര്‍ സി പി സാമസ്വാമി ദിവാനായപ്പോള്‍ സ്‌കൂള്‍ ക്ലാസുകള്‍ ക്രമീകരിക്കുകയും ഖുര്‍ആന്‍ അധ്യാപകന് അറബി മുന്‍ഷി എന്ന തസ്തിക നല്‍കുകയുംചെയ്തു. സ്വാതന്ത്ര്യത്തിന് ശേഷം സ്‌കൂളില്‍ നിന്നു മതപഠനം നിയമം മൂലം നിര്‍ത്തലാക്കുകയാണുണ്ടായത്.
1957ല്‍ ഇ എം എസ് ഭരണകാലത്ത് തിരുവിതാംകൂറിലേത് പോലെ അറബി ഭാഷ പഠിക്കാന്‍ മലബാറിലെ സ്‌കൂളുകളിലും സൗകര്യം വേണമെന്ന ആവശ്യം ശക്തമായി. വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിക്കും മുഖ്യമന്ത്രിക്കും നിവേദനങ്ങള്‍ ലഭിച്ചു. ഇതിന്റെ ഫലമായി 1958ലെ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ കാര്യമായ മാറ്റമുണ്ടായി. 100 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അറബി തസ്തിക സൃഷ്ടിക്കാം, 15 പിരിയഡ് ഉണ്ടെങ്കില്‍ ഫുള്‍ടൈം പരിഗണിക്കാം എന്നൊക്കെയായിരുന്നു വ്യവസ്ഥ. ഇപ്പോള്‍ 10 കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരു പാര്‍ട്ട് ടൈം പോസ്റ്റ് എന്നതാണ് വ്യവസ്ഥ.
കേരളത്തിലെ ആറായിരത്തിലധികം സ്‌കൂളുകളില്‍ 10 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അറബി ഭാഷ പഠിക്കുന്നു. അറബി ഭാഷാധ്യാപകരുടെ എണ്ണം പന്ത്രണ്ടായിരത്തിനു മുകളിലാണ്. ഒരു കാലത്ത് മുസ്‌ലിംകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഭാഷ ഇന്ന് എല്ലാവരും ഉപയോഗിക്കുന്നു. അറബി ഭാഷ പഠിച്ച് ജോലി നേടിയ ഇതര സമുദായക്കാര്‍ ഇന്ന് എത്രയെങ്കിലുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ പലര്‍ക്കും വേണ്ടത്ര അറബി പരിജ്ഞാനമില്ലാത്തതിനാല്‍ മറ്റു പല യോഗ്യതകളുണ്ടായിട്ടും അര്‍ഹമായ ജോലി ലഭിക്കാതെ പ്രയാസപ്പെടുന്ന അനുഭവമുണ്ട്. നമുക്ക് അന്നവും ജോലിയും തരുന്ന അറബി ഭാഷയോടും സംസ്‌കാരത്തോടും പല നിലക്കും പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനവും ഇവിടെ കാണാവുന്നതാണ്. അറബിക് സര്‍വകലാശാല എന്ന വാഗ്ദാനത്തിനെതിരെ ഔദ്യോഗിക തലങ്ങളില്‍ നിന്നു പോലും ഉയരുന്ന അപശബ്ദങ്ങള്‍ ഇതിന് തെളിവാണ്. കേരള, കാലിക്കറ്റ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴില്‍ ഇന്ന് നിരവധി അറബിക് കോളജുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ പി ജി വരെ പഠിക്കാന്‍ കേരളത്തില്‍ നല്ല സൗകര്യമുണ്ട്. ഇന്ത്യയില്‍ ഇത്രയേറെ സൗകര്യം കേരളത്തില്‍ മാത്രമാണ് ഉള്ളത്.
ഖുര്‍ആന്റെ ഭാഷയെ, നിസ്‌കാരത്തിന്റെ ഭാഷയെ, മറ്റു ആരാധനയുടെ ഭാഷയെ, ബാങ്കിന്റെ ഭാഷയെ, ഇഖാമത്തിന്റെ ഭാഷയെ അവഗണിച്ച് വെള്ളിയാഴ്ചകളിലെ ഖുതുബയില്‍ നിന്ന് അറബിയെ മാറ്റാന്‍ ശ്രമിക്കുന്ന പുരോഗമനം ഏത് പുരോഗമനത്തിന്റെ പേരിലായായും അംഗീകരിക്കാന്‍ കഴിയില്ല. നബി(സ) പറഞ്ഞു: “ഞാന്‍ അറബികളെ മൂന്ന് കാര്യത്തിന് വേണ്ടി സ്‌നേഹിക്കുന്നു. ഞാന്‍ അറബിയാണ്. വിശുദ്ധ ഖുര്‍ആന്‍ അറബിയാണ്. സ്വര്‍ഗവാസികളുടെ ഭാഷയും അറബിയാണ്.”

Latest