ദുരന്തത്തിനുള്ളിലെ ദുരന്തങ്ങള്‍

ചെന്നൈ ദുരന്തത്തിന് ദേശീയ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല എന്ന വാസ്തവം ചൂണ്ടിക്കാണിച്ചവര്‍, ചെന്നൈയേക്കാളും മഴ ഏറ്റുവാങ്ങിയ കടലൂരിലെ കാഴ്ചകളെ ചെന്നൈ പത്രങ്ങളും ഭരണാധികാരികളും അവഗണിച്ച കാര്യം അറിഞ്ഞതേയില്ല. ചെന്നൈയില്‍ നിന്ന്, മനുഷ്യ സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും കഥകളാണ് നാം കേട്ടതെങ്കില്‍ കടലൂരിലെ ഗ്രാമങ്ങളില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. എപ്പോഴുമെന്നതു പോലെ അവിടെ ജാതി തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നിശ്ചയിച്ചത്. ആശ്വാസ സാമഗ്രികളുമായെത്തിയ ട്രക്കുകള്‍, മേല്‍ജാതിക്കാര്‍ക്ക് വേണ്ടതെല്ലാം എടുത്തതിനു ശേഷം മാത്രമേ ദളിതരുടെ കോളനികളിലേക്ക് പോകാന്‍ അനുവദിക്കപ്പെട്ടുള്ളൂ. ദളിതര്‍ക്ക് വരാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് സൈന്യത്തിന്റെ ദുരിത നിവാരണ ക്യാമ്പ് സ്ഥാപിക്കാന്‍ സവര്‍ണര്‍ മാര്‍ഗനിര്‍ദേശം നല്‍കിയത്.
Posted on: December 18, 2015 6:11 am | Last updated: December 18, 2015 at 12:13 am

chennai-flooding-locals_650x400_41449198880ലോകാവസാനമാണെന്നാണ് പലരും വിചാരിച്ചത്. തങ്ങള്‍ നിന്നയിടവും താമസിക്കുന്ന ഇടവും എല്ലാം നോക്കി നില്‍ക്കെ വെള്ളത്തിലേക്ക് ആണ്ടാണ്ടു പോകുന്നു. നവംബര്‍ എട്ട് മുതല്‍ 16 വരെയും പിന്നീട് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെയും രണ്ട് തവണയായി പെയ്ത തോരാത്ത മഴകള്‍; ചെന്നൈ, കടലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളെയും പുതുച്ചേരി കേന്ദ്ര ഭരണപ്രദേശത്തെയും വെള്ളപ്പൊക്കത്തിലും വെള്ളക്കെട്ടുകളിലും മുക്കി നശിപ്പിച്ചു കളഞ്ഞു. ചെമ്പരമ്പാക്കം റിസര്‍വോയര്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് അഡയാര്‍ കര കവിഞ്ഞൊഴുകുകയും വരദരാജപുരം, സി ടി ഓ കോളനി, ഭാരതി നഗര്‍, ജോതി നഗര്‍, തിരുമുടിവാക്കം, ഹരിത എന്‍ക്ലേവ് എന്നിങ്ങനെ പടിഞ്ഞാറേ താംബരത്തിനു സമീപമുള്ള ജനവാസപ്രദേശങ്ങളിലെ നൂറു കണക്കിന് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. തടാകം മൂടി പണിതീര്‍ത്ത വേളാച്ചേരി എന്ന നഗരപ്രാന്തം പരിപൂര്‍ണമായും ജലത്തിലമര്‍ന്നു. മധുരാന്തകം, ചെങ്കല്‍പെട്ട്, നല്ലമ്പാക്കം, കടമ്പാടി, മണിമംഗലം, ഇരുമ്പുളിയൂര്‍, മണ്ണിവാക്കം, പെരുങ്കളത്തൂര്‍, ശെലൈയൂര്‍, ചിത്തലപ്പാക്കം എന്നിവിടങ്ങളിലെ തടാകങ്ങളെല്ലാം മുഴുവനായി നിറയുകയും ചുറ്റുമുള്ള പ്രദേശങ്ങളെ വെള്ളത്തില്‍ മുക്കുകയും ചെയ്തു. ഇതടക്കം നിരവധി പ്രദേശങ്ങളിലെ റോഡുകളും പാലങ്ങളും ജലവിതരണ സംവിധാനങ്ങളും വൈദ്യുതി വിതരണ ശൃംഖലകളും എല്ലാം തകര്‍ന്നു തരിപ്പണമായി. കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങള്‍, അഞ്ഞൂറോളം പേരുടെ ജീവഹാനി(ഇത് ഔദ്യോഗിക കണക്കാണ്, സത്യത്തില്‍ എത്രയാളുകള്‍ മരിച്ചു പോയെന്ന് ആര്‍ക്കറിയാം?), ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തീരാത്ത ദുരിതം എന്നിങ്ങനെ ചെന്നൈയും സമീപ പ്രദേശങ്ങളും നൂറ്റാണ്ടിനിപ്പുറം ഉണ്ടായ പ്രകൃതിദുരന്തത്തെ നേരിടുകയാണ്. ഇതൊരു പ്രകൃതി ദുരന്തവും പരിസ്ഥിതി നാശം മൂലം ഉണ്ടായ തിരിച്ചടിയും മാത്രമാണോ? തൊണ്ണൂറുകളോടെ മാറ്റിയെഴുതപ്പെട്ട വികസന സങ്കല്‍പ്പങ്ങളും നഗരാസൂത്രണ ഭാവനകളും ഭരണ നടപടികളും അല്ലേ ഇത്തരമൊരു മഹാദുരന്തത്തിലേക്ക് ചെന്നൈയെ നയിച്ചത്?
മറ്റു പല ‘ദൈവ’ങ്ങളെയും ആരാധിക്കാറുണ്ടെങ്കിലും തമിഴ് മക്കള്‍ക്ക് വെള്ളമാണ് ഏറ്റവും വലിയ ദൈവം. മുല്ലപ്പെരിയാറിലെ വെള്ളം കിട്ടാതാകുമോ എന്ന ആശങ്ക ഉണര്‍ന്നാല്‍ തന്നെ അവരുടെ രക്തം തിളക്കാറുള്ളത് മറ്റൊന്നുകൊണ്ടുമല്ല. അത്ര മാത്രം ജലദൗര്‍ലഭ്യം അനുഭവിക്കുന്ന ചൂടന്‍ സംസ്ഥാനമാണ് തമിഴ്‌നാട്. വേനല്‍ക്കാലങ്ങളില്‍; ചെന്നൈ നഗരത്തിലെ ചേരികളില്‍ മാത്രമല്ല, താഴ്ന്ന ഇടത്തരം കുടുംബങ്ങളിലും ഉറക്കമൊഴിച്ചാണ് വെള്ളത്തിന്റെ കുഴല്‍ വഴിയോ ലോറി വഴിയോ ഉള്ള വരവും കാത്ത് ആളുകള്‍, അതില്‍ കൂടുതലും സ്ത്രീകള്‍ ദൈനംദിന ജീവിതം തള്ളിനീക്കാറുളളത്. അവിടെയാണ്, ഒരു നൂറ്റാണ്ടില്‍ പെയ്യേണ്ട മഴ ഒറ്റയടിക്ക് പെയ്ത് എല്ലാ സൗഭാഗ്യങ്ങളും സൗകര്യങ്ങളും ജീവിതം തന്നെയും തകര്‍ത്തത്. നഗരം അക്ഷരാര്‍ഥത്തില്‍ തന്നെ നരകമായി മാറി. വിഷന്‍ 2020, മേക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി, ഐടി തുടങ്ങിയ വികസന സങ്കല്‍പ്പങ്ങളുടെ നിര്‍വഹണത്തിലൂടെ ഉണ്ടായ തിരിച്ചടികള്‍ കൂടിയാണ് ഇപ്പോള്‍ ചെന്നൈ അനുഭവിക്കുന്നത് എന്ന് എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. മനുഷ്യര്‍ക്ക് ആവാസത്തിനായുള്ള തുണ്ടു ഭൂമികളും ഭവന നിര്‍മാണവും, റിയല്‍ എസ്റ്റേറ്റ് എന്ന മുതലാളിത്ത പദപ്രയോഗത്തിലേക്ക് ലയിപ്പിക്കുകയും അതിനെ കണ്ണുകെട്ടി വളരാന്‍ വിടുകയുമാണ് ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്ന പൊതുബോധം ചെയ്തത്. ഒപ്പം; തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും എല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് വന്‍ അഴിമതികളുടെ പശ്ചാത്തലത്തില്‍, ചെന്നൈയിലെ ഭൂരിഭാഗം ജലാശയങ്ങളും മണ്ണിട്ടു മൂടി. അവിടെ വിമാനത്താവളവും ബസ് സ്റ്റാന്‍ഡും ഫ്‌ളൈ ഓവറുകളും മാളുകളും ഫഌറ്റ് സമുച്ചയങ്ങളും കെട്ടിപ്പൊക്കി, നഗരവളര്‍ച്ച എന്ന ഗാംഭീര്യത്തിലേക്ക് എല്ലാവരുടെയും കണ്ണു മഞ്ഞളിപ്പിച്ചു.
പള്ളിക്കരണൈ എന്ന ചതുപ്പു നിലപ്രദേശത്തിന്, 2001ല്‍ അമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് വെറും 4.3 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. മധുരവോയല്‍ തടാകത്തിന്റെ വിസ്തീര്‍ണം 120 ഏക്രയില്‍ നിന്ന് 25 ഏക്രയായി ചുരുങ്ങി. കഴിഞ്ഞ ദശകത്തിനിടെ ഇരുനൂറോളം നീര്‍ത്തടങ്ങളാണ് മാളുകളും ഭവന സമുച്ചയങ്ങളും ഫഌറ്റുകളും തിയേറ്ററുകളും ഓഫീസുകളും പണിയാനായി നികത്തിയത്. സത്യഭാമ സര്‍വകലാശാല, ഫിനിക്‌സ് മാള്‍, ചെന്നൈ വിമാനത്താവളം, കോയമ്പേട് ബസ് സ്റ്റാന്റ്, നോളജ് കോറിഡോര്‍ എന്നിവയെല്ലാം നീര്‍ത്തടങ്ങള്‍ നികത്തിപ്പണിതതാണ്. അഴുക്കുചാലുകള്‍ പുതുക്കിപ്പണിയാത്തതും അതിലെ തടസ്സങ്ങള്‍ നീക്കാത്തതും മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതും ദുരന്തത്തെ മാരകമാക്കിത്തീര്‍ത്തു. കാപ്പിയുടെയും കാഞ്ചീവരത്തിന്റെയും കോടമ്പാക്കത്തിന്റെയും സുഗന്ധങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ചെന്നൈ, നാറ്റത്തിന്റെ ലോക തലസ്ഥാനമായി പരിണമിച്ചിരിക്കുന്നു.
മേല്‍ വിവരിച്ച ദുരന്തത്തിന്റെ വ്യാപ്തിയും വസ്തുതകളും പത്രവും ചാനലുകളും സാമൂഹിക മാധ്യമങ്ങളും ശ്രദ്ധിക്കുന്നവരൊക്കെയും അറിഞ്ഞു കഴിഞ്ഞതാണ്. മാത്രമല്ല, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ചെന്നൈ നഗരത്തിലെ ജനങ്ങള്‍, ധനിക ദരിദ്ര വ്യത്യാസമില്ലാതെ പരസ്പരം ആകുന്നത്ര സഹായങ്ങള്‍ ചെയ്തതിന്റെ മനുഷ്യകഥകളും നാം ഏറെ വായിച്ചു. സോഫ്റ്റ് വെയര്‍ വ്യവസായിയായ മുഹമ്മദ് യൂനുസ്, ഉറപ്പാക്കത്തെ വെള്ളക്കെട്ടില്‍ കുടുങ്ങിയ മോഹനെയും അദ്ദേഹത്തിന്റെ പൂര്‍ണ ഗര്‍ഭിണിയായ ചിത്രയെയും അതി സാഹസികമായി രക്ഷിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അവിടെയെത്തിയ ഉടനെ ചിത്ര ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചു. നന്ദി സൂചകമായി ആ ഓമനക്കുഞ്ഞിന്, പെണ്‍കുട്ടിയാണെങ്കിലും യൂനുസ് എന്നു പേരിടാനാണ് മോഹന്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്കിതില്‍ അഭിമാനമുണ്ട്. യൂനുസ് നിങ്ങളാണ് ഞങ്ങളുടെ നേതാവും ഗവണ്മെന്റും എന്നാണ് മോഹന്‍ ആവേശത്തോടെ ഫേസ്ബുക്കില്‍ കുറിച്ചത്. പല വോളണ്ടിയര്‍മാര്‍ക്കും ജീവന്‍ വരെ നഷ്ടമായി. അവശ്യവസ്തുക്കള്‍ക്ക് പല വ്യാപാരികളും വില കുത്തനെ വര്‍ധിപ്പിച്ചപ്പോള്‍ അശോക് നഗറിലെ രാധ എന്ന പാല്‍ വില്‍പ്പനക്കാരി, സൗജന്യമായി പോലും പാല്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കി. അമേരിക്കയിലേക്ക് പോകേണ്ട ഒരു യാത്രക്കാരനെ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച് വിമാനത്താവളത്തിലെത്തിച്ച ഒരു കാള്‍ ടാക്‌സി ഡ്രൈവര്‍, ദുരിതബാധിതര്‍ക്കും സഹായമെത്തിച്ചവര്‍ക്കുമിടയില്‍ പാലം പോലെ പ്രവര്‍ത്തിച്ച എം കെ ബി നഗറിലെ ജോണ്‍ എന്നിങ്ങനെ ആയിരക്കണക്കിന് പേരറിഞ്ഞവരും അറിയാത്തവരുമായി അനേകം മനുഷ്യ സ്‌നേഹികള്‍ എല്ലാ നഷ്ടങ്ങളും വേദനകളും സഹിച്ച് ഉറക്കമില്ലാതെ പ്രവര്‍ത്തിച്ചത് എടുത്തുപറയേണ്ട സംഗതി തന്നെയാണ്. എല്ലാ നെറ്റ് വര്‍ക്കുകളും പരാജയപ്പെട്ടപ്പോഴും ആവുന്നത്ര സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ച, അതും ദുരന്തം നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സൗജന്യ കോളുകളും അനുവദിച്ച ബി എസ് എന്‍ എല്‍, ഇന്ത്യന്‍ പൊതുമേഖലക്ക് തന്നെ അഭിമാനമാണ്. ബെംഗളൂരുവിലേക്കും മറ്റുമുള്ള ബസ് ചാര്‍ജ്, പലയിരട്ടി വര്‍ധിപ്പിച്ച സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍, ഒരാഴ്ചക്കാലം കേരളത്തിലേക്ക് സൗജന്യ സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനവും അഭിമാനജനകമാണ്.
എന്നാല്‍ എല്ലാം ശുഭകരമായ കാര്യങ്ങളല്ല നടന്നത്. വടക്കേ ചെന്നൈയിലെ അതി ദരിദ്രര്‍ താമസിക്കുന്ന സ്ഥലങ്ങളെല്ലാം തീര്‍ത്തും അവഗണിക്കപ്പെട്ടു. ദളിതരും തൊഴിലാളികളും മീന്‍പിടുത്തക്കാരും അവിടെയാണ് താമസിക്കുന്നത്. പോയസ് ഗാര്‍ഡനും ഗോപാലപുരവും മാത്രമല്ല(ജയലളിതയും കരുണാനിധിയും താമസിക്കുന്ന പ്രദേശങ്ങള്‍) ചെന്നൈ എന്ന് ഇവിടെ താമസിക്കുന്ന ശെല്‍വിക്ക് പോലീസുകാരനെ ആക്രോശത്തോടെ ഓര്‍മിപ്പിക്കേണ്ടി വന്നു. വ്യാസര്‍പാടി പാലം മുഴുവനായും വെള്ളത്തിലാണ്ടു പോയി. പതിനായിരക്കണക്കിന് മനുഷ്യര്‍, കുറച്ച് വസ്ത്രവും പിന്നെ കൈയില്‍ കിട്ടിയ എന്തെങ്കിലും മാത്രം എടുത്ത്, ഈ വെള്ളത്തിലൂടെ നടന്നും നീന്തിയും പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. സത്യമൂര്‍ത്തി നഗറില്‍, ഒരു എണ്‍പത്തിഒമ്പതുകാരന്‍ മരണപ്പെട്ടപ്പോള്‍, മൃതദേഹം സൂക്ഷിക്കുന്നതിന് ഫ്രീസറുകള്‍ ലഭ്യമായില്ല എന്നു മാത്രമല്ല, ക്രിമറ്റോറിയങ്ങളെല്ലാം നിശ്ചലമായിരുന്നതിനാല്‍, സംസ്‌ക്കരിക്കുന്നതിന് എന്ത് ചെയ്യണമെന്നറിയാതെ ബന്ധുക്കള്‍ കുഴങ്ങി. മിയോട്ട്‌സ് (പഞ്ചനക്ഷത്ര) ആശുപത്രിയിലെ ഐ സി യുവില്‍ രോഗികള്‍, ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചു.
ചെന്നൈ ദുരന്തത്തിന് ദേശീയ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തില്ല എന്ന വാസ്തവം ചൂണ്ടിക്കാണിച്ചവര്‍, ചെന്നൈയേക്കാളും മഴ ഏറ്റുവാങ്ങിയ കടലൂരിലെ കാഴ്ചകളെ ചെന്നൈ പത്രങ്ങളും ഭരണാധികാരികളും അവഗണിച്ച കാര്യം അറിഞ്ഞതേയില്ല. പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിയും വസ്തുവഹകളുമാണ് ഇവിടെ നശിച്ചത്. ചെന്നൈയില്‍ നിന്ന്, മനുഷ്യ സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും കഥകളാണ് നാം കേട്ടതെങ്കില്‍ കടലൂരിലെ ഗ്രാമങ്ങളില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. എപ്പോഴുമെന്നതു പോലെ അവിടെ ജാതി തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നിശ്ചയിച്ചത്. ആശ്വാസ സാമഗ്രികളുമായെത്തിയ ട്രക്കുകള്‍, മേല്‍ജാതിക്കാര്‍ക്ക് വേണ്ടതെല്ലാം എടുത്തതിനു ശേഷം മാത്രമേ ദളിതരുടെ കോളനികളിലേക്ക് പോകാന്‍ അനുവദിക്കപ്പെട്ടുള്ളൂ. ദളിതര്‍ക്ക് വരാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് സൈന്യത്തിന്റെ ദുരിത നിവാരണ ക്യാമ്പ് സ്ഥാപിക്കാന്‍ സവര്‍ണര്‍ മാര്‍ഗനിര്‍ദേശം നല്‍കിയത്.
മഹാദുരന്തങ്ങളുണ്ടാകുമ്പോള്‍, എല്ലാവരും അവിടെ നിന്ന് ഓടി രക്ഷപ്പെടുമെന്നും, എന്നാല്‍ മൂന്നുതരം ആളുകള്‍ മാത്രം അവിടേക്ക് പോകുമെന്നും പറയാറുണ്ട്. പൊലീസുകാരും അഗ്നിശമനസേനക്കാരും റിപ്പോര്‍ട്ടര്‍മാരുമാണത്. ചെന്നൈയുടെ കാര്യത്തിലും ഇത് ശരി തന്നെയാണ്. എന്നാല്‍, നാലാമതൊരു വിഭാഗം ആളുകള്‍ കൂടി അവിടേക്ക് പോകാന്‍ നിയോഗിക്കപ്പെട്ടു. ആ നിയോഗത്തിന്റെ കാര്യം പോലും പക്ഷെ ആരും രേഖപ്പെടുത്താതെ പോകുവാനാണ് സാധ്യത. രണ്ടായിരത്തിലധികം ശുചീകരണത്തൊഴിലാളികളും തമിഴ് നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ചെന്നൈ മഹാ നഗരസഭക്കു കീഴിലുള്ള ഏഴായിരം ശുചീകരണത്തൊഴിലാളികള്‍ക്ക് പുറമെയാണിത്. 85 ലക്ഷം ജനസംഖ്യയുള്ള മഹാ നഗരത്തിലെ ശുചീകരണത്തൊഴില്‍ നിര്‍വഹിക്കാന്‍ ഇത്രയും തൊഴിലാളികള്‍ പോര എന്ന വസ്തുതയും മാലിന്യ നീക്കത്തെ നേരത്തെ തന്നെ ബാധിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ കെട്ടിക്കിടന്നതും ദുരന്തത്തെ തീവ്രമാക്കിത്തീര്‍ത്തു.
ഏറ്റവും അപകടകരമായ തൊഴിലുകളിലൊന്നായ മാലിന്യ നിര്‍മാര്‍ജനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഒരിക്കലും നായകപദവികളില്‍ വാഴ്ത്തപ്പെടാന്‍ പോകുന്നില്ല. രണ്ട് കോടി രൂപ ഒറ്റയടിക്ക് വീശിയവര്‍, ഞായറാഴ്ചപ്പതിപ്പുകളില്‍ മുഴുനീളത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ഈ തൊഴിലാളികള്‍ ഇഞ്ചിഞ്ചായി മരിക്കുന്നത് ആരും തന്നെ രേഖപ്പെടുത്തില്ല. അമേരിക്കയില്‍ ഇത്തരം ജോലികള്‍ ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും കറുത്ത വര്‍ഗക്കാരാണ്. ഇന്ത്യയിലെ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ദളിത് ജാതികളില്‍ പെട്ടവരാണ് ഇന്ത്യയിലെമ്പാടുമെന്നതു പോലെ തമിഴ്‌നാട്ടിലും ഈ ജോലി ചെയ്യുന്നത്. എല്ലാ ജോലികളിലും സംവരണം വേണമെന്നത് ഭരണഘടനാപരമായ ഒരു വ്യവസ്ഥയായിരിക്കെ; ശുചീകരണത്തൊഴില്‍ സംവരണമൊന്നുമില്ലാതെ തന്നെ ദളിതര്‍ക്ക് ഏതാണ്ട് നൂറു ശതമാനവും ലഭിക്കുന്നു. ഈ തൊഴിലിന്റെ നിശ്ചിത ശതമാനം സവര്‍ണര്‍ക്ക് സംവരണം ചെയ്യുമോ എന്ന ചോദ്യം പോലും ആര്‍ക്കുമുയര്‍ത്താന്‍ ധൈര്യമില്ല. ഈ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഗ്ലൗസുകളും മുഖമറകളും ഗം ബൂട്ടുകളും ടവലുകളും സോപ്പും എണ്ണയും എല്ലാം വേണ്ടതു പോലെ വിതരണം ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും അതൊക്കെ എന്നേ കാറ്റില്‍ പറത്തിക്കഴിഞ്ഞു. ചെന്നൈ വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്നുള്ള മാലിന്യ നിര്‍മാര്‍ജനത്തിന് അവിടെയെത്തിയ ഡിണ്ടിഗലില്‍ നിന്നുള്ള എഴുപത്തിയെട്ട് തൊഴിലാളികള്‍ ഗജലക്ഷ്മി കോളനിയിലാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഇത്തരം സാമഗ്രികളൊന്നും തന്നെ കൊടുത്തിട്ടില്ല. എല്ലാ കക്കൂസുകുഴികളും വെള്ളം നിറഞ്ഞ് കരകവിഞ്ഞൊഴുകുകയാണ്. അല്ലാതെ തന്നെ, ചെന്നൈയിലെ പകുതിയോളം ആളുകള്‍ തുറന്ന ഇടങ്ങളിലാണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ ഒരു തുറന്നതും ഭീമാകാരമായതുമായ കക്കൂസുകുഴിയായി വളര്‍ന്നിരിക്കുന്നു എന്നും പറയാം. ഇത് വൃത്തിയാക്കാനാണ് പതിനായിരത്തില്‍ താഴെ വരുന്ന ദളിതരും അതി ദരിദ്രരുമായ തൊഴിലാളികളെ ഏല്‍പ്പിച്ചിരിക്കുന്നത്. യാതൊരു ആധുനിക സൗകര്യങ്ങളും അവര്‍ക്ക് നല്‍കിയിട്ടില്ല എന്നു മാത്രമല്ല, മുന്‍കാലത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷ പോലും പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ഏഴായിരം ശുചീകരണത്തൊഴിലാളികളില്‍ എഴുനൂറു പേര്‍ മാത്രമാണ് സ്ഥിരം പോസ്റ്റുകളിലുള്ളത്. അവര്‍ക്ക് മാത്രമേ പതിനയ്യായിരത്തിലും കൂടുതല്‍ മാസവരുമാനമുള്ളൂ. അരുന്ധതിയാര്‍ എന്ന പട്ടികജാതിയില്‍ പെട്ടവരാണ് ഇവരില്‍ മിക്കവരും. ഇവരെ ആരും നായകകഥാപാത്രങ്ങളായി ചിത്രീകരിക്കുന്നില്ല എന്നു മാത്രമല്ല അവരെ മനുഷ്യരായിട്ടു പോലും പരിഗണിക്കുന്നില്ല എന്ന ദുരന്തത്തിനുള്ളിലെ ദുരന്തത്തെ ആരും കാണുന്നതും ഇല്ല.
(ദ ഹിന്ദു, ദ ഹിന്ദു ബിസിനസ് ലൈന്‍, ഫ്രണ്ട് ലൈന്‍, ദ ഹിന്ദുസ്ഥാന്‍ ടൈംസ്, തെഹല്‍ക്ക, ഔട്ട്‌ലുക്ക്, ഇക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എന്നീ പ്രസിദ്ധീകരണങ്ങളിലെ വിവിധ ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമാണ് ഈ കുറിപ്പിന് ആധാരമാക്കിയിട്ടുള്ളത്)