Connect with us

National

കെജ്‌രിവാളിെന്റ ഓഫീസ് റെയ്ഡ്: ബി ജെ പി- ആംആദ്മി ഏറ്റുമുട്ടല്‍ തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായ അഴിമതി ആരോപണത്തിന്റെ മറവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫീസ് മുന്നറിയിപ്പൊന്നും കൂടാതെ സി ബി ഐ റെയ്ഡ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബി ജെ പിയും ആംആദ്മിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി അസത്യവും അപവാദവും പ്രചരിപ്പിക്കുയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു. കേജ്‌രിവാളിന്റെ വാക്കുകള്‍ മനോവിഭ്രാന്തി മൂലമാണെന്നും ജയ്റ്റ്‌ലി പാര്‍ലിമെന്റില്‍ പറഞ്ഞു. സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ബി ജെ പിയും രംഗത്തെത്തിയിച്ചുണ്ട്. ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് യു പി എ ഭരണകാലത്ത് തന്നെ തെളിഞ്ഞതാണെന്നായിരുന്നു ബി ജെ പി പ്രതികരണം. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നതെന്നും ബി ജെ പി ആരോപിച്ചു.
ഡല്‍ഹി സെക്രട്ടറിയേറ്റില്‍ സി ബി ഐ റെയ്ഡ് നടത്താനുള്ള കാരണം ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാനായിരുന്നുവെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ഡി ഡി സി എ ട്രഷറര്‍ ആയിരുന്ന നരേന്ദ്ര ബത്രയുമായുള്ള ബന്ധം എന്തായിരുന്നുവെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട എ എ പി നേതാക്കള്‍ ഇല്ലാത്ത കമ്പനികളുടെ പേരിലാണ് പണം തട്ടിയതെന്നും ആരോപിച്ച#ിരുന്നു.
ജയ്റ്റ്‌ലി, ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി ഡി സി എ) മേധാവിയായിരിക്കുമ്പോഴുണ്ടായ (1999–2013) ക്രമക്കേടുകളും തിരിമറികളുമാണ് പുതിയ വിവാദത്തിന് കാരണം. ഡല്‍ഹിയിലെ എ എ പി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയാണ് ഇവ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പിടിച്ചെടുക്കാനാണ് കഴിഞ്ഞ ദിവസം സി ബി ഐ തന്റെ ഓഫിസ് റെയ്ഡ് ചെയ്തതെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു.
നേരത്തെ, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ജയ്റ്റ്‌ലി മന്ത്രിസ്ഥാനത്തിരിക്കുമ്പോള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്ന് വ്യക്തമാക്കിയാണ് എ എ പി ഈ ആവശ്യമുന്നയിച്ചത്. ജയ്റ്റ്‌ലി പ്രസിഡന്റായിരിക്കെ ഡി ഡി സി എ യില്‍ നടന്നത് വന്‍ അഴിമതിയാണ്. ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയം നവീകരണത്തില്‍ 80 കോടി രൂപയുടെ അഴിമതി നടന്നെന്നുമായിരുന്നു പി നേതാക്കളുടെ ആരോപണം. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ഇവര്‍.
ജയ്റ്റ്‌ലി നടത്തിയ ക്രമക്കേടുകള്‍ പുറത്തുവരാതിരിക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്തിയത്. അഴിമതികണക്കുകള്‍ വിശദീകരിക്കുന്ന പത്രക്കുറിപ്പും എ എ പി വാര്‍ത്താസമ്മേളനത്തില്‍ പുറവിട്ടു. അതേസമയം അരവിന്ദ് കെജ് രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍ നാഷണല്‍ എന്ന സംഘടന രംഗത്തെത്തി. രാജേന്ദ്രകുമാര്‍ അഴിമതിക്കാനാണെന്ന് കെജ് രിവാളിനെ നേരത്തെ അറിയിച്ചിരുന്നതായി സംഘടന ഭാരവാഹികള്‍ പറഞ്ഞു.
രാജേന്ദ്രകുമാറിന്റെ വിവരങ്ങള്‍ കാണിച്ച് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍ നാഷണല്‍ കെജ്രിവാളിന് കത്തയച്ചിരുന്നു. സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് ശര്‍മ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഴിമതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കി കഴിഞ്ഞ മേയ് 27നാണ് കെജ് രിവാളിന് കത്തയിച്ചിരുന്നതായും എന്നാല്‍ അതിന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പലസ്ഥാപനങ്ങളിലും രാജേന്ദ്രകുമാര്‍ ഒരുസമയത്ത് ജോലി ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കമ്പനിക്ക് സര്‍ക്കാരിന്റെ പല കരാറുകളും നടപടിക്രമങ്ങള്‍ പാലിക്കാതെ കിട്ടിയതായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest