Connect with us

Kerala

ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട്ട്‌

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിന് പിന്നാലെ ദേശീയ സ്‌കൂള്‍ കായികമേളക്ക് കേരളം ആതിഥേയത്വം വഹിക്കും. മേള കേരളത്തില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ അറിയിക്കും. ജനുവരി അവസാനത്തോടെ കോഴിക്കോട് മേള സംഘടിപ്പിക്കാനാണ് ധാരണയായിട്ടുള്ളതെന്നാണ് സൂചന. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു പിന്നാലെ എസ് എസ് എല്‍ സി പരീക്ഷയും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ദേശീയ സ്‌കൂള്‍ ഗെയിംസ് നടത്താനാകില്ലെന്നാണ് നേരത്തെ കേരളം കേന്ദ്രത്തെ അറിയിച്ചത്. മേള നടത്താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ട് മന്ത്രിമാരടക്കം പിന്നാക്കം പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. തിരക്കിട്ട് മേള നടത്തിയാല്‍ പരാതികളുണ്ടാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുമുള്ള വിലയിരുത്തലാണുണ്ടായത്.
ആതിഥേയത്വം ഏറ്റെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളൊന്നും രംഗത്തുവരാത്ത സാഹചര്യത്തില്‍ മേള നഷ്ടമാകുമെന്ന സാഹചര്യം വന്നതോടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബിജോര്‍ജ്, പി ടി ഉഷ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കായികതാരങ്ങളുടെയും ജനപ്രതിനിധികളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് മേളക്ക് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Latest