Connect with us

Gulf

തഖ്ദീര്‍ പുരസ്‌കാരം സ്ഥാപനവും ഉടമയുമായുള്ള ബന്ധം സുദൃഢമാക്കാന്‍-ബിന്‍ സൂറൂര്‍

Published

|

Last Updated

താമസ-കുടിയേറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദ് മുഹൈര്‍ ബിന്‍ സൂരൂര്‍
വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: സ്ഥാപനവും ജീവനക്കാരും തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ ലക്ഷ്യമിട്ടാണ് തഖ്ദീര്‍ പുരസ്‌കാരത്തിന് രൂപംനല്‍കിയിരിക്കുന്നതെന്ന് താമസ-കുടിയേറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദ് മുഹൈര്‍ ബിന്‍ സൂറൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്പനികളെ തൊഴിലാളികളുമായി മികച്ച ബന്ധം പുലര്‍ത്തുന്നതിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗമായി തിരിച്ചാണ് തഖ്ദീര്‍ പുരസ്‌കാരം നല്‍കുക. ആദ്യ ഘട്ടത്തില്‍ നിര്‍മാണ മേഖലയിലെ കമ്പനികള്‍ക്കാവും പുരസ്‌കാരം നല്‍കുക. ദുബൈയില്‍ അഞ്ചു ലക്ഷം നിര്‍മാണ തൊഴിലാളികളും 283 കമ്പനികളുമാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളോടുള്ള മികച്ച സമീപനം, അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ നടപ്പാക്കുന്ന നടപടികള്‍, ഇടപാടുകളിലെ സുതാര്യത, മികച്ച തൊഴില്‍ അന്തരീക്ഷം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നല്‍കുക.
675 മുതല്‍ 725 വരെ പോയന്റ് നേടുന്ന കമ്പനികള്‍ക്കാവും ഏറ്റവും മികച്ചവക്കുള്ള പഞ്ചനക്ഷത്ര വിഭാഗത്തിലുള്ള പുരസ്‌കാരം സമ്മാനിക്കുക. രണ്ടാമത്തെ വിഭാഗത്തില്‍ 475 മുതല്‍ 525 വരെ പോയന്റ് നേടുന്ന കമ്പനികളെയാവും ഉള്‍പെടുത്തുക. ഇത്തരം കമ്പനികള്‍ക്ക് ചതുര്‍നക്ഷത്ര പുരസ്‌കാരമാവും നല്‍കുക. 275 മുതല്‍ 325 വരെ പോയന്റ് നേടുന്ന കമ്പനികളെ മൂന്നാം വിഭാഗത്തിലാണ് ഉള്‍പെടുത്തുക. ഇവക്ക് മൂന്നു നക്ഷത്ര പുരസ്‌കാരമാവും നല്‍കുക. 175ല്‍ കൂടുതല്‍ 225 വരെ പോയിന്റ് നേടുന്നവര്‍ക്ക് രണ്ട് നക്ഷത്രങ്ങള്‍ അടങ്ങിയ പുരസ്‌കാരവും ഏറ്റവും താഴത്തെ നിലയിലുള്ളവര്‍ക്ക് ഏക നക്ഷത്ര പുരസ്‌കാരവും നല്‍കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദുബൈ വീക്ഷണത്തിന്റെ ഭാഗമാണ് ലോകത്തില്‍ ആദ്യമായി സ്റ്റാര്‍ റേറ്റിംഗ് സംവിധാനം നടപ്പാക്കുന്നത്.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് ഇതിനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 100ല്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. പിന്നീട് ഘട്ടം ഘട്ടമായി വിവിധ മേഖലകളിലെ കമ്പനികളെ പരിഗണിക്കും. സ്ഥാപനങ്ങളുടെ നക്ഷത്ര മൂല്യം വര്‍ധിക്കുന്നത് തൊഴിലാളികള്‍ക്ക് മികച്ച സുരക്ഷയും തൊഴില്‍ അന്തരീക്ഷവും ഉണ്ടാവാന്‍ ഇടയാക്കും. ശമ്പളം കൃത്യമായി ലഭിക്കുന്നതും നേട്ടമായിരിക്കും. ആദ്യ പുരസ്‌കാര വിതരണം അടുത്ത വര്‍ഷം സെപ്തംബറില്‍ നടക്കുമെന്നും ബിന്‍ സുറൂര്‍ വെളിപ്പെടുത്തി. ദുബൈയില്‍ രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയം ഉള്ള കമ്പനികള്‍ക്കാണ് പുരസ്‌കാരത്തിനായി അപേക്ഷിക്കാന്‍ യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു.

Latest