Connect with us

Gulf

ഷാര്‍ജയിലെ പഴയ മത്സ്യച്ചന്ത ഓര്‍മയായി

Published

|

Last Updated

ഷാര്‍ജയിലെ പഴയ മത്സ്യമാര്‍ക്കറ്റ് പൊളിച്ചുമാറ്റുന്നു

ഷാര്‍ജ: പഴയ അല്‍ ജുബൈല്‍ മത്സ്യച്ചന്ത ഓര്‍മയായി. ചന്ത പ്രവര്‍ത്തിച്ച കെട്ടിടം അധികൃതര്‍ പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസമാണ് കെട്ടിടം പൊളിച്ചുമാറ്റിയത്. ചന്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണിത്. ദേശീയദിനത്തിലാണ് പുതിയ ചന്ത പ്രവര്‍ത്തനമാരംഭിച്ചത്. പഴയ കെട്ടിടത്തിന് സമീപത്താണ് പുതിയ കെട്ടിടം. മത്സ്യത്തിനു പുറമെ പഴം, പച്ചക്കറി, മാംസച്ചന്തയും ആരംഭിച്ചിരുന്നു. എല്ലാ ചന്തയും ഒരേ കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ കെട്ടിടം പണിതത്. കോടിക്കണക്കിന് ദിര്‍ഹം ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്. ഏറെ സൗകര്യപ്രദവുമാണ് പുതിയ ചന്ത.
1982ലാണ് അല്‍ ജുബൈലില്‍ മത്സ്യച്ചന്ത തുടങ്ങിയത്. 80ഓളം സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. വേണ്ടത്ര സൗകര്യം ചന്തയിലുണ്ടായിരുന്നില്ല. ചന്തയിലെത്തുന്നവര്‍ക്കിത് പ്രയാസം സൃഷ്ടിച്ചിരുന്നു. വില്‍പനക്കുപുറമെ മത്സ്യം മുറിച്ച് വൃത്തിയാക്കി നല്‍കുന്ന സൗകര്യവും ഇവിടെയുണ്ടായിരുന്നു.
പുതിയ ചന്തയുടെ സൗകര്യം കൂട്ടാനാണ് പഴയ ചന്ത പൊളിച്ചുമാറ്റിയതെന്ന് കരുതപ്പെടുന്നു. ചന്തയുടെ സമീപം വിശാലമായ വാഹന പാര്‍ക്കിംഗ് മറ്റും നിര്‍മിച്ചുവരുന്നു. വര്‍ധിച്ചുവരുന്ന വാഹന-ജനത്തിരക്ക് കണക്കിലെടുത്താണ് പാര്‍ക്കിംഗ് സൗകര്യവും മറ്റും വര്‍ധിപ്പിക്കുന്നത്. അതേസമയം പഴയ പഴം-പച്ചക്കറിച്ചന്ത പൊളിച്ചുമാറ്റിയിട്ടില്ല.
ഈ ചന്തകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും കെട്ടിടം അതേപടി നിലനില്‍ക്കുന്നുണ്ട്. പഴയ മത്സ്യച്ചന്തയോടൊപ്പമാണ് ഈ ചന്തയും പ്രവര്‍ത്തനം തുടങ്ങിയത്.

Latest