ഓണ്‍ലൈന്‍ വഴി കമ്പനികള്‍ക്ക് 10 ലക്ഷം സേവനങ്ങള്‍ നല്‍കി

Posted on: December 16, 2015 7:42 pm | Last updated: December 18, 2015 at 7:52 pm
മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി
മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി

ദുബൈ: ദുബൈയിലെ കമ്പനികള്‍ക്ക് ഇ-സംവിധാനം വഴി 10 ലക്ഷം സേവനങ്ങള്‍ നല്‍കിയെന്ന് ദുബൈ താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു. വര്‍ക്‌പെര്‍മിറ്റുകള്‍, സന്ദര്‍ശക വിസകള്‍ തുടങ്ങി കമ്പനികളുടെ വിസാ നടപടികളാണ് ഓണ്‍ലൈന്‍ വഴി പുര്‍ത്തീകരിച്ചു നല്‍കിയത്. ദുബൈയിലെ എല്ലാ കമ്പനികളുടെയും വിസ സേവനങ്ങളുടെ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലുടെ മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ വര്‍ഷം ജനുവരി മുതല്‍ ഈ കാലയളവ് വരെയാണ് 10 ലക്ഷം സേവനങ്ങള്‍ നല്‍കിയതെന്ന് വകുപ്പ് അറിയിച്ചു. കമ്പനികളുടെ വിസാ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കുന്നതിന്റെ ഭാഗമാണ് ദുബൈയിലെ കമ്പനികളുടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ രൂപത്തിലേക്ക് മാറ്റിയതെന്ന് ദുബൈ താമസ-കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ വഴി ഉപഭോക്താക്കളുടെ സമയവും പ്രയത്‌നവും സംരക്ഷിച്ചുകൊണ്ട് കമ്പനികളുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ സ്മാര്‍ട് സേവനത്തിലുടെ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണ് ഇവക്കുള്ളത് എന്ന് അല്‍ മറി പറഞ്ഞു.
താമസ-കുടിയേറ്റ ഓഫീസുകളില്‍ വരാതെ തങ്ങളുടെ കമ്പനി വിസാ നടപടികള്‍ ഓഫീസുകളില്‍ വെച്ച് തന്നെ പൂര്‍ത്തീകരിക്കുന്നതിനും അപേക്ഷിക്കുന്നതിന് സാധിക്കുന്നതുകൊണ്ട് ഞങ്ങളുടെ സമയവും, ശ്രമവും ലാഭിക്കാന്‍ കഴിയുന്നുവെന്ന് കമ്പനി പ്രതിനിധികള്‍ താമസ-കുടിയേറ്റ വകുപ്പ് നടത്തിയ സര്‍വേയില്‍ പറഞ്ഞിരുന്നു. കമ്പനികള്‍ അവരുടെ താമസ-കുടിയേറ്റ രേഖകള്‍ ഇ-സംവിധാനത്തിലേക്ക് ആക്കാന്‍ ദുബൈ എമിഗ്രേഷന്റെ വിവിധ ഓഫീസുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കമ്പനികളുടെ ആളുകളുടെ എണ്ണം കുറവായാലും കൂടുതലായാലും നിര്‍ബന്ധമായും കമ്പനികള്‍ സ്മാര്‍ട് സംവിധാനത്തിന്റെ രീതിയിലേക്ക് മാറുന്നതിന് എല്ലാ കമ്പനികളും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വകുപ്പ് അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും അപേക്ഷിക്കാവുന്ന രീതിയിലാണ് ഇതിന്റെ നടപടി ക്രമങ്ങള്‍ കമ്പനിയുടെ രേഖകള്‍ അടക്കം അപേക്ഷയോടൊപ്പം സമര്‍പിക്കണം. കുടുതല്‍ വിവരങ്ങള്‍ ദുബൈ എമിഗ്രേഷന്റെ ടോള്‍ ഫ്രീ നമ്പറായ 8005111 വിളിക്കാം.