Connect with us

National

ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന് വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 2000 സിസി ക്ക് മുകളിലുള്ള ഡീസല്‍ എസ്‌യു വികളുടെ രജിസ്‌ട്രേഷന് വിലക്ക്. മാര്‍ച്ച് 31 വരെയാണ് വിലക്കിയത്. ഡല്‍ഹിയിലും ഡല്‍ഹിക്ക് സമീപമുള്ള പ്രദേശങ്ങളിലും രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. 2005ന് മുമ്പുള്ള കമേഴ്‌സ്യല്‍ ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയില്‍ പ്രവേശിക്കാനോ ഓടാനോ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഡല്‍ഹിയില്‍ ഓടുന്ന എല്ലാ ടാക്‌സികളും മാര്‍ച്ച് 31നകം സിഎന്‍ജി ( കംപ്രസ്ഡ് നാച്ച്വറല്‍ ഗ്യാസ്) യിലേക്ക് മാറണമെന്നും കോടതി നിര്‍ദേശിച്ചു. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളുടെ പരിസ്ഥിതി നികുതി വര്‍ധിപ്പിക്കും. ഇതുപ്രാകാരം 1300 രൂപയില്‍ നിന്ന് 2600 രൂപയാകും നികുതി. ഡല്‍ഹിയിലേക്ക് അല്ലാത്ത വാഹനങ്ങള്‍ ദേശീയ പാതവഴി ഡല്‍ഹിയിലൂടെ പോകരുതെന്നും കോടതി ഉത്തരവിട്ടു. ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതിനെതിരെയുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവിട്ടത്. റോഡിന് സമീപം മലിന്യങ്ങള്‍ കത്തിക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ 23 ശതമാനത്തിലധികം വാഹനങ്ങളും ഡീസല്‍ കാറുകളാണ്. ഡീസല്‍ കാറുകള്‍ പുറന്തള്ളുന്ന വായു ക്യാന്‍സറിന് കാരണമാകുന്നെന്ന് ലോകാരോഗ്യസംഘടന ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പെട്രോള്‍ കാറുകളേക്കാള്‍ ഏഴര മടങ്ങ് അധികം ഡീസല്‍ വാഹനങ്ങള്‍ വിഷമയമായ നൈട്രജന്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നെന്നാണ് കണക്ക്.