ഡല്‍ഹി മര്‍കസും സോണ്‍ എസ് എസ് എഫും സംയുക്തമായി മീലാദ് ക്യാമ്പയിന്‍ ആചരിക്കുന്നു

Posted on: December 16, 2015 5:01 am | Last updated: December 16, 2015 at 12:01 am

ന്യൂഡല്‍ഹി: മര്‍കസ് ഡല്‍ഹി ചാപ്റ്ററും എസ് എസ് എഫ് ഡല്‍ഹി സോണ്‍ കമ്മിറ്റിയും സംയുക്തമായി മീലാദ് ക്യാമ്പയിന്‍ ആചരിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായി മൗലിദ് പാരായണം, പ്രകീര്‍ത്തന സദസ്സുകള്‍. പ്രവാചക പഠന ക്യാമ്പുകള്‍, വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പ്രോഗ്രാമുകള്‍, വിവിധ തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ രചനാ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ക്യാമ്പയിന്റെ സമാപനം ഫ്രെബ്രുവരി ഏഴിന് ‘വസന്തം 2016’ എന്നപേരില്‍ ന്യൂഡല്‍ഹിയിലെ മുഴുവന്‍ സംഘടനാ കുടുംബത്തേയും സംഘടിപ്പിച്ച് വിപുലമായ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജെന്‍യു ഐയിസ്, ഐ ഐ ടി, ജാമിഅ മില്ലിയ, ഡല്‍ഹി യൂനിവേഴ്‌സിറ്റി, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി, അംബേദ്കര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ മലയാളി വിദ്യാര്‍ഥികളെയും വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന മലയാളി സ്‌കൂള്‍ കുട്ടികളെയും സംഘടിപ്പിച്ച് കേരളത്തിലെ സാഹിത്യോത്സവ് മാതൃകയിലാണ് വസന്തം 2016 സംഘടിപ്പിക്കുന്നത്. വസന്തം 2016ന്റെ ലോഗോ പ്രകാശനം ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരവും ക്യാമ്പയിന്റെ ഭാഗമായി നിര്‍മിച്ച വെബ്‌സൈറ്റ് ജാമിഅമില്ലിയ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ അശ്‌റഫ് ഇല്യാസും ഡല്‍ഹി മര്‍കസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. നിയാസ് സഖാഫി മാന്‍കടവു, എസ് എസ് എഫ് ഡല്‍ഹി സോണ്‍ ജന. സെക്രട്ടറി അഫ്‌സല്‍ മൂസ, ജാഫര്‍ നൂറാനി, ഹൈദര്‍ നൂറാനി തുടങ്ങിയവര്‍ പങ്കെടുത്തു.