Connect with us

Articles

പാരീസിലെ പരിസ്ഥിതി ഉച്ചകോടി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published

|

Last Updated

രാഷ്ട്രങ്ങളും അതിലെ കോടാനുകോടി ജനങ്ങളും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളും നിലനില്‍ക്കണമെങ്കില്‍ ഭൂമി ഇതേപോലെ നിലനിന്നേ പറ്റൂ. എന്നാല്‍ ഓരോ വര്‍ഷവും ഒരു ചടങ്ങെന്നപോലെ വിളിച്ചുചേര്‍ക്കപ്പെടുന്ന പരിസ്ഥിതി സമ്മേളനങ്ങള്‍ ഭൂമിയുടെ ആസന്ന മരണത്തെ ചൂടോടെ ചര്‍ച്ച ചെയ്യുമെങ്കിലും അതെല്ലാം വെറും കടലാസില്‍ ഒതുങ്ങിപ്പോകുകയാണ് പതിവ്. അതിലപ്പുറം മറ്റൊന്നും സംഭവിക്കാറില്ല. സംഭവിക്കുന്നത്, രാഷ്ട്രങ്ങള്‍ തമ്മിലുള്ള പഴിചാരലുകളും വെല്ലുവിളികളും മാത്രമാണ്. പ്രകൃതിക്കു മീതെ നടത്തുന്ന ചൂഷണങ്ങള്‍ക്ക് വികസ്വര രാജ്യങ്ങള്‍ അമേരിക്കയെ കുറ്റം പറയുമ്പോള്‍ അമേരിക്ക വികസ്വര രാജ്യങ്ങളെയും അവികസിത രാജ്യങ്ങളെയും പഴിചാരി രക്ഷനേടുകയാണ് ചെയ്യുക. എന്നാല്‍ ഈ വര്‍ഷത്തെ പാരീസ് ഉച്ചകോടി ചില ശുഭപ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. പച്ചപ്പാര്‍ന്ന ഒരു ഭാവിയെ സ്വപ്‌നത്തിലെങ്കിലും അത് മുന്നോട്ടുവെക്കുന്നു. 195 രാജ്യങ്ങളുടെ പ്രാതിനിധ്യം അതിന് തെളിവ് നല്‍കുന്നുണ്ട്. 40,000-ലധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ ഭൂമിയുടെ സങ്കടങ്ങളെ കേട്ടു. ഇങ്ങനെ നോക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉച്ചകോടിയായി 2015ലെ പരിസ്ഥിതി ഉച്ചകോടി അടയാളപ്പെടുത്തപ്പെട്ടു.
1992-ലെ “യുനൈറ്റഡ് നാഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചി”ന്റെ തുടര്‍ച്ചയായിരുന്നു 1997-ലെ ക്വോട്ടോ ഉടമ്പടി. ആ ഉടമ്പടിയില്‍ വെച്ചാണ് സുപ്രധാനമായ പല തീരുമാനങ്ങളും ലോക രാജ്യങ്ങള്‍ കൈക്കൊണ്ടത്. ക്വോട്ടോ ഉടമ്പടിയില്‍ നാല് സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതിലൊന്നായിരുന്നു ആഗോള താപനം. ആഗോള താപനത്തിന് നിദാനമായ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം ഇന്നും ലോകത്തെ വേട്ടയാടുന്നുണ്ട്. ഈ കാര്‍ബണ്‍ഡൈ ഓക്‌സൈഡാകട്ടെ കല്‍ക്കരി, വിറക് പോലെയുള്ള ഫോസില്‍ ബന്ധനങ്ങളില്‍ നിന്ന് നിര്‍ഗമിക്കുന്നതാണ്. അപ്പോള്‍, ആഗോള താപനത്തിന് കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാക്കി അതിന്റെ സ്ഥാനത്ത് സമാന്തര ശുദ്ധ ബന്ധന സ്രോതസ്സുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്ന് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ആഗോള താപനം ഓരോ വര്‍ഷവും കൂടിവരുന്നതിന് തെളിവായി പ്രകൃതി ക്ഷോഭങ്ങളും മറ്റും സാക്ഷ്യം നില്‍ക്കുന്നു. സമുദ്ര നിരപ്പ് ഉയരല്‍, മഞ്ഞു മലകളുടെ ദ്രവീകരണം, ഹിമ പാളികളുടെ തകര്‍ച്ച, പായല്‍ ജനസ്സുകളുടെ നാശം എന്നിങ്ങനെ പലതരം പ്രത്യാഘാതങ്ങള്‍ അന്നും ഇന്നും മനുഷ്യകുലത്തെ ആകുലപ്പെടുത്തി നമുക്ക് മുന്നിലുണ്ട്. ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത് ക്വോട്ടോ ഉടമ്പടി പ്രകാരം രാഷ്ട്രങ്ങള്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ല എന്നുമാത്രമല്ല, അവയെല്ലാം പൂര്‍വാധികം “ഭംഗിയായി” ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു എന്നു തന്നെയാണ്. 2015ല്‍ എത്തുമ്പോഴേക്കും രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ തെളിമയാര്‍ന്നുവരികയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പാരീസ് ഉച്ചകോടിയുടെ പ്രാധാന്യം വര്‍ധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കകള്‍ ഒരേ ശബ്ദത്തോടെ അംഗീകരിക്കാനും അവ ഫലപ്രദമായി തടയാനും ലോക രാജ്യങ്ങള്‍ കൈകോര്‍ക്കുന്നത് ഇവിടെ നാം കണ്ടു. അമേരിക്കയിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ക്രിസ്റ്റഫര്‍ ഫീല്‍ഡി പറഞ്ഞത് ലോക രാഷ്ട്രങ്ങള്‍ ചരിത്രത്തിലാദ്യമായി ശരിയായ ദിശയില്‍ നീങ്ങാന്‍ ആരംഭിച്ചിരിക്കുന്നു എന്നാണ്. അതുകൊണ്ട് പാരീസിലെ ബൂര്‍ഷെയിന്‍ ഉച്ചകോടിക്ക് അഭിമാനിക്കാന്‍ വകയുണ്ട്. നമ്മുടെ ഭൂമിയെ രക്ഷിക്കാനുള്ള മികച്ച അവസരമാണ് ഇതെന്ന് ഒട്ടുമിക്ക പരിസ്ഥിതി പ്രവര്‍ത്തകരും പറഞ്ഞിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഈ കാര്യത്തില്‍ ഏറെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. അതിനെ നാം അംഗീകരിക്കേണ്ടതുണ്ട്. കാരണം, ആഗോള താപനത്തിന് കാരണമായേക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടനല്‍കുന്നതില്‍ മുന്‍പന്തിയിലാണ് അമേരിക്കയെന്നും.
ഉത്പാദന രംഗത്തും സാങ്കേതിക രംഗത്തും മുന്നില്‍ നില്‍ക്കുന്ന വികസിത രാജ്യങ്ങളാണ് പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ ഹനിക്കുന്നത് എന്ന് ചെറു രാജ്യങ്ങളുടെ മാത്രം കുറ്റം പറച്ചിലല്ല. 1997-ലെ ക്വാട്ടോ ഉടമ്പടി പ്രകാരം വികസ്വര രാജ്യങ്ങള്‍ അന്തരീക്ഷ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കുറക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി സംസ്‌കരണത്തിന്റെ 5.2 ശതമാനം കുറച്ചെങ്കിലും അമേരിക്ക അതില്‍ നിന്നെല്ലാം വിട്ടുനിന്നു. ആയുധക്കടത്തില്‍ അമേരിക്ക കാട്ടുന്ന ധിക്കാരം പരിസ്ഥിതിയുടെ കാര്യത്തിലും കാട്ടി. 1997-നുശേഷം ഒരു കണക്ക് പ്രകാരം അന്തരീക്ഷ മലിനീകരണം 10 ശതമാനമാണ് ആ രാജ്യം വര്‍ധിപ്പിക്കുന്നത്. കാനഡയും നോര്‍വെയും അമേരിക്കയുടെ പാത പിന്തുടരുകയാണുണ്ടായത്. വലിയ രാഷ്ട്രങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ചെറു രാഷ്ട്രങ്ങള്‍ ഇരയാകുന്ന രീതിയാണ് ഈ പരിസ്ഥിതി രംഗത്ത് നിലനില്‍ക്കുന്നത്. പരിസ്ഥിതിക്ക് സംഭവിക്കുന്ന കോട്ടങ്ങള്‍ ലോകത്തിലെ എട്ട് രാജ്യങ്ങളെയാണ് ഏറ്റവും ബാധിക്കുന്നത്. “8 ക്ലബ് മെമ്പേഴ്” എന്ന പേരിലാണ് ഈ രാജ്യങ്ങള്‍ അറിയപ്പെടുന്നത്. ചൈനയും ഇന്ത്യയും ഈ ക്ലബ്ബില്‍ പെടും. ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനം ഈ രാജ്യങ്ങളിലാണ്.
ഭൂമി അതിവേഗത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുന്ന ഒരു ഗ്രഹമാണെന്നും അതിവിദൂരമല്ലാത്ത ഒരു കാലത്ത് അത് പരിധി ഭേദിച്ച് ജീവജാലങ്ങളെ മുഴുവന്‍ അപകടത്തിലാക്കുമെന്നും അറിയാത്തവരല്ല ലോക രാജ്യങ്ങളൊന്നും. അടുത്ത അന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആമസോണ്‍ കാടുകള്‍ പകുതിയും ഇല്ലാതായി കഴിയുമെന്ന് ഈയിടെയാണ് ഒരു പഠനം പുറത്തുവന്നത്. അതോടുകൂടി ഈ ഭൂമുഖത്തെ അത്യപൂര്‍വം വരുന്ന ജീവജാലങ്ങളും സസ്യങ്ങളും നാമാവശേഷമാകുമെന്ന് പഠനം നിരീക്ഷിക്കുന്നു. അതുകൂടി സംഭവിച്ചുകഴിഞ്ഞാല്‍ അന്തരീക്ഷ ഊഷ്മാവ് അതിശീഘ്രം ഉയരുകയും, അതായത് 2100ല്‍ 4.5 ഡിഗ്രി സെന്റിഗ്രേഡ് കണ്ട് വര്‍ധിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ പഠനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ ഹനിക്കുന്ന അമേരിക്കയിലാണെന്നത് ഒരു വിരോധാഭാസമാകാം. മുതലാളിത്ത രാജ്യങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങളാണ് മനുഷ്യകുലത്തെ മുഴുവന്‍ ഒറ്റിക്കൊടുക്കുന്ന നിലയിലേക്ക് വളരുന്നത്.
ലോകത്തിലെ ആദ്യ പരിസ്ഥിതി ഉച്ചകോടി കഴിഞ്ഞിട്ട് വര്‍ഷം പലതായി. റിയോവില്‍ വെച്ചു ചേര്‍ന്ന ആ സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങളെല്ലാം പൊടിപിടിച്ചു കിടക്കുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അന്നുയര്‍ത്തപ്പെട്ട എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇന്നും പതിന്മടങ്ങായി നമ്മുടെ മുമ്പിലുണ്ട്. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയെ കാര്‍ന്നുതിന്നുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറക്കണമെന്നായിരുന്നു റിയോ ഉച്ചകോടിയിലെ മുഖ്യ അജന്‍ഡ. റിയോ ഉച്ചകോടിക്കു ശേഷം അന്തരീക്ഷ മലിനീകരണം 4.2 ശതമാനമായി വര്‍ധിച്ചു. ഹരിത ഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് തടയാന്‍ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ശരാശരി ആഗോള താപനം 4.5 ശതമാനമായി ഉയരുമെന്നാണ് പാരീസ് ഉച്ചകോടി നല്‍കുന്ന സൂചന. ഇപ്പോഴത്തെ നയങ്ങള്‍ രാഷ്ട്രങ്ങള്‍ തുടര്‍ന്നാല്‍ അത് 3.6 ആയി വര്‍ധിക്കുമെന്നും ഈ സമ്മേളനം മുന്നറിയിപ്പ് നല്‍കുന്നു.
ഈ കൊല്ലത്തെ ഉച്ചകോടിയുടെ ഒരു മുഖ്യ സവിശേഷത വികസ്വര രാജ്യങ്ങളുടെ ആശങ്കകളെ ദൂരീകരിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. അതിന് സമ്പന്ന രാഷ്ട്രങ്ങള്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ആഗോള താപന വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്താന്‍ കഴിയുക എന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാന്‍ 2020 മുതല്‍ വര്‍ഷം തോറും 10,000 കോടി ഡോളര്‍ സമ്പന്ന രാഷ്ട്രങ്ങള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് നല്‍കുക എന്ന തീരുമാനവും ഇക്കൊല്ലത്തെ പരിസ്ഥിതി ഉച്ചകോടിയുടെ ഒരു വിജയമായി വേണം കാണാന്‍. ഇത് മുന്‍കാല ഉച്ചകോടിയില്‍ കണ്ടുവരാത്തതാണ്. ഈ പണം വികസ്വര രാജ്യങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകും ഭാവി കാര്യങ്ങള്‍. പെട്രോളിയം, കല്‍ക്കരി പോലെയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ സൂര്യതാപവും മറ്റും നിലവില്‍ കൊണ്ടുവരിക എന്നതിലേക്കാണ് ഈ തുക നീക്കിവെക്കേണ്ടത്. പല രാജ്യങ്ങളും പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിഷ്‌കരിച്ചെടുക്കേണ്ടി വന്നെങ്കിലേ വികസിത രാജ്യങ്ങള്‍ നല്‍കുന്ന പണം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയൂ. അതിന് ഈ രാജ്യങ്ങള്‍ എത്രമാത്രം ഔല്‍സുക്യം കാണിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ മാര്‍ക്ക് ലിനാസിനെ പോലെയുള്ളവര്‍ ഈ കാര്യത്തില്‍ സംശയാലുവാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയുടെ ഈ രംഗത്തെ നീക്കങ്ങള്‍ക്കും സമീപനങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. കാരണം മുന്‍കാലങ്ങളില്‍ അവര്‍ അനുവര്‍ത്തിച്ച ധിക്കാര സമീപനം പരിസ്ഥിതി മേഖലക്ക് ചെറുതല്ലാത്ത പരുക്കുകള്‍ സമ്മാനിച്ചിട്ടുണ്ട്. ലോക ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രം വരുന്ന അവിടുത്തെ ജനതയേക്കാള്‍ കൂടുതല്‍ ഇത് ബാധിക്കുക ബഹുഭൂരിപക്ഷം വരുന്ന മറ്റ് രാജ്യങ്ങളിലെ ജനകോടികളെയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ മുഖ്യ ഹേതുവായ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ 25 ശതമാനം പുറപ്പെടുവിക്കുന്നത് അമേരിക്കയാണെന്ന വസ്തുത നാമൊരിക്കലും മറന്നുകൂടാന്‍ പറ്റാത്തതാണ്. ആ അര്‍ഥത്തില്‍ പാരീസ് ഉച്ചകോടിയിലെടുത്ത ശുഭകരമായ നീക്കങ്ങള്‍ അമേരിക്കയുടെ നിലപാടുകളെയാണ് ആശ്രയിക്കുന്നത്.

Latest