Connect with us

Articles

ബ്രോ, അങ്ങ് അമേരിക്കന്‍ തന്നെയാണ്

Published

|

Last Updated

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിംവിരുദ്ധ, വംശീയ, ഫാസിസ്റ്റ് പ്രസ്താവനക്കെതിരെ ആരംഭിച്ച ഹാഷ് ടാഗില്‍ ഇങ്ങനെയാണ് കുറിച്ചിട്ടുള്ളത്: യു എയിന്റ് നോ അമേരിക്കന്‍ ബ്രോ. (ബ്രോ, താങ്കള്‍ അമേരിക്കക്കാരനല്ല). ഈ മുദ്രാവാചകത്തിന് ലണ്ടന്‍ തെരുവില്‍ നിന്നാണ് മാതൃക. മുഖം മൂടിയണിഞ്ഞ് ഊരിപ്പിടിച്ച കത്തിയുമായി അവിടെ ഒരാള്‍ ചാടിവീഴുന്നു. മൂന്ന് പേരെ കുത്തിപ്പരുക്കേല്‍പ്പിക്കുന്നു. അയാള്‍ വിളിച്ചു പറഞ്ഞു: ഇത് സിറിയക്കുള്ളതാണ്. ഉടന്‍ പോലീസെത്തി അക്രമിയെ പിടികൂടി. അയാളെ വിലങ്ങണിയിച്ച് കൊണ്ടുപോകുമ്പോള്‍ കണ്ടു നിന്നയാള്‍ അക്രമിയുടെ മുഖത്ത് ചൂണ്ടി ആക്രോശിച്ചു: യു ആര്‍ നോ മുസ്‌ലിം. യു എയിന്റ് നോ മുസ്‌ലിം. ഈ വാചകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. അക്രമത്തിനെതിരായ മുസ്‌ലിം ജനതയുടെ വികാരമായി അത് അടയാളപ്പെടുകയും അനേകായിരങ്ങള്‍ പിന്തുടര്‍ന്ന ഹാഷ്ടാഗായി അത് പരിണമിക്കുകയും ചെയ്തു. സിറിയയുടെ പേരില്‍ നിരപരാധരായ മനുഷ്യനെ ആക്രമിക്കുന്നവന്‍ മതത്തെയാണ് ഇടനിലയാക്കുന്നതെന്നും എന്നാല്‍, ആ അതിക്രമത്തിന് മതവുമായി ഒരു ബന്ധവുമില്ലെന്നും ഈ സത്വര പ്രതികരണം വ്യക്തമാക്കുന്നുണ്ട്.
ട്രംപ് പറഞ്ഞതിതാണ്: “മുസ്‌ലിംകള്‍ അമേരിക്കന്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്‌ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദര്‍ശനത്തിനെത്തുന്നവരെ വരെ വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകള്‍”. യോര്‍ക്ക് ടൗണിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഈ ആക്രോശം. കാലിഫോര്‍ണിയയില്‍ മുസ്‌ലിം ദമ്പതികള്‍ 14 പേരെ വെടിവെച്ചു കൊന്നതാണ് ഈ “നയപ്രഖ്യാപന”ത്തിന് ട്രംപ് അവസരമാക്കിയത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ് ട്രംപ്. രാഷ്ട്രീയക്കാരനേക്കാള്‍ അദ്ദേഹം വ്യവസായിയാണ്. റിസോര്‍ട്ടുകള്‍ പണിയലാണ് പ്രധാന ബിസിനസ്സ്. കോടിക്കണക്കിന് ഡോളര്‍ ആസ്തിയുണ്ട്. അമേരിക്കയില്‍ മാത്രമല്ല മിക്ക വിദേശരാജ്യങ്ങളിലും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളുണ്ട്. ഈ സാമ്പത്തിക ശക്തി തന്നെയാണ് ഡൊണാള്‍ഡ് ജെ ട്രംപിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് യോഗ്യനാക്കുന്നത്. നിലപാടുകളില്‍ അദ്ദേഹം വ്യത്യസ്തനാകുന്നത് കടുത്ത വംശീയത മൂലമാണ്. വംശീയതയുടെ മറ്റൊരു തരംഗം ആഞ്ഞടിക്കുന്ന സമയമാണ് അമേരിക്കയില്‍. കറുത്ത വര്‍ക്കാര്‍ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിവേചനത്തിലൂടെയാണ് ആ രാജ്യം കടന്ന് പോകുന്നത്. ഈ സ്ഥിതിവിശേഷം ആഫ്രിക്കന്‍ വംശജരെ ഗുരുതരമായ അന്യവത്കരണത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഭീകരഭാവം കൈവരിച്ച മുസ്‌ലിംവിരുദ്ധത അയിത്തത്തിന്റെ നിലയിലേക്ക് മാറിയിരിക്കുകയാണ്. മുസ്‌ലിംകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ സംവിധാനങ്ങള്‍ വേണമെന്നും ഓരോ മുസ്‌ലിമിനെയും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കണമെന്നും വിവിധ സ്റ്റേറ്റ് ഭരണകൂടങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരിക്കുന്നു. പള്ളികള്‍ അടക്കം മുസ്‌ലിംകള്‍ ഒത്തു ചേരുന്ന മുഴുവന്‍ ഇടങ്ങളും പഴുതടച്ച നിരീക്ഷണത്തിലാണ്. മുസ്‌ലിം സംഘടനകളുടെ പ്രവര്‍ത്തനം തീര്‍ത്തും പരിമിതപ്പെടുത്തിയിരിക്കുന്നു. സ്‌കൂളില്‍ സയന്‍സ് പ്രോജക്ടിലേക്ക് ക്ലോക്ക് ഉണ്ടാക്കി കൊണ്ടുവന്ന ബാലനെ ബോംബ് കൊണ്ടുവന്നുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്നു. പര്‍ദയണിഞ്ഞ് സ്‌കൂളില്‍ വന്ന പതിമൂന്ന് കാരിയുടെ വസ്ത്രം പൊക്കി നോക്കി ടീച്ചര്‍ ചോദിക്കുന്നു: അകത്ത് ബോംബൊന്നുമില്ലല്ലോ. കറുത്ത വര്‍ഗക്കാരേക്കാള്‍ ക്രൂരമായ അപരവത്കരണമാണ് അമേരിക്കന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ഭീതിയിലാണ് അവര്‍. ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഈ ഭീതിദമായ അവസ്ഥയുടെ ഉത്പന്നവും തെളിവുമാണ്.
ട്രംപിനെ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വം കക്ഷിഭേദമില്ലാതെ അപലപിക്കുന്നുവെന്നതും അദ്ദേഹം അമേരിക്കക്കാരനല്ല എന്ന ഹാഷ്ടാഗുകള്‍ മെനയുന്നതും മുസ്‌ലിം സമൂഹത്തില്‍ ആത്മവിശ്വാസം പകരുന്നുണ്ടാകാം. ട്രംപിനെ മതഭ്രാന്തനെന്നും ബുദ്ധിശൂന്യനെന്നും വിളിക്കുന്നതില്‍ പ്രസിഡന്റ് ഒബാമ മുതല്‍ റിപ്പബ്ലിക്കന്‍ നേതാവ് ജെബ് ബുഷ് വരെയുള്ളവരുണ്ട്. ട്രംപിനെ അമേരിക്ക തള്ളിക്കളയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് യു എസ് മുസ്‌ലിം കൗണ്‍സില്‍ പ്രതികരിച്ചത്. രാജ്യത്തെ വിഭജിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. ട്രംപ് ലണ്ടനില്‍ വരുന്നത് തടയാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരിക്കുന്നു. സ്‌കോട്ടിഷ് യൂനിവേഴ്‌സിറ്റി അദ്ദേഹത്തിന് നല്‍കിയ ഓണററി ബിരുദം പിന്‍വലിച്ചു. യു എ ഇയിലെ പ്രമുഖ ചില്ലറ വില്‍പ്പന ശൃംഖലയായ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ട്രംപിന്റെ കമ്പനി ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇസ്‌റാഈലിന് പോലും ട്രംപിനെ തള്ളിപ്പറയേണ്ടി വന്നു.
ഈ തള്ളിപ്പറയലുകള്‍ക്കിടയിലും ട്രംപിന്റെ ജനപ്രീതിക്ക് ഇടിവു തട്ടിയിട്ടില്ലെന്ന സര്‍വേ ഫലങ്ങളാണ് പുറത്ത് വരുന്നത്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ 35 ശതമാനം പേരായിരുന്നു വിദ്വേഷ പ്രസ്താവന വരും മുമ്പ് ട്രംപിനെ പിന്തുണച്ചിരുന്നത്. ഏറ്റവും ഒടുവിലത്തെ സര്‍വേയില്‍ അത് 38 ശതമാനമാണ്. ഇതെങ്ങനെ സംഭവിക്കുന്നു? ഇവിടെയാണ് ട്രംപിനെതിരായി സൃഷ്ടിച്ച ഹാഷ്ടാഗിലെ വാക്കുകള്‍ തെറ്റായി പരിണമിക്കുന്നത്. ട്രംപ് അമേരിക്കക്കാരന്‍ തന്നെയാണ്. ലക്ഷണമൊത്ത തീവ്ര അമേരിക്കന്‍. ട്രംപിനെ തമാശക്കാരനെന്ന് വിധിച്ച് തള്ളിക്കളയുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹിലാരി ക്ലിന്റണ് അടുത്ത ശ്വാസത്തില്‍ അമേരിക്കയുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് വാചാലയാകേണ്ടി വരുന്നു. കുടിയേറ്റം അമേരിക്കന്‍ രാഷ്ട്രീയ, സാമൂഹിക ഘടനയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതഘങ്ങളെക്കുറിച്ച് ഉപന്യസിക്കേണ്ടി വരുന്നു. ഭീകരവിരുദ്ധതയുടെ പേരില്‍ അമേരിക്ക നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരകളിലൊന്നിലും ആര്‍ക്കും വിമര്‍ശമില്ല. ബരാക് ഒബാമ ആദ്യ ഊഴത്തില്‍ മത്സരിച്ചപ്പോള്‍ അന്നത്തെ ബുഷ് ഭരണകൂടത്തിന്റെ യുദ്ധോത്സുകതയെ അദ്ദേഹം തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. ഇന്ന് ഇരു പക്ഷത്ത് നിന്നും ഒരാള്‍ക്കും പേരിനെങ്കിലും ഇത്തരമൊരു ചെറുവിരലനക്കം നടത്താനുള്ള ആര്‍ജവമില്ല. സിറിയയില്‍ വര്‍ഷിക്കുന്ന ഓരോ ബോംബും അമേരിക്കന്‍ സുരക്ഷിതത്വത്തിനായുള്ള മുതല്‍ മുടക്കാണെന്ന് വിശ്വസിക്കുന്നവരാണ് ഈ നേതാക്കളെല്ലാം. ഇറാഖിനെ ശിഥിലമാക്കിയതില്‍ ആര്‍ക്കും കുറ്റബോധമില്ല. പുതിയ ആക്രമണ മുന്നണികള്‍ തുറക്കുന്നതില്‍ അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും ഒരു എതിര്‍പ്പുമില്ലാത്ത വിധം അരക്ഷിതാവസ്ഥ നിറയ്ക്കുന്നതില്‍ ഈ നേതാക്കളെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. അത്‌കൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ഒറ്റപ്പെട്ട ഒന്നായോ അമേരിക്കയുടെ വര്‍ത്തമാന മൂല്യവിചാരത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്നായോ കാണാനാകില്ല. മറിച്ച് അത് അമേരിക്കന്‍ സാമാന്യ ബോധത്തിന്റെ പ്രകാശനം മാത്രമാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ബെന്‍ കഴ്‌സണും സമാനമായ വാക്കുകള്‍ തുപ്പിയിരുന്നല്ലോ. അദ്ദേഹം പറഞ്ഞത് ഒരു മുസ്‌ലിമിന് അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യതയില്ലെന്നായിരുന്നു. ഏത് യു എസ് പൗരനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നിരിക്കെ കഴ്‌സണ്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന്റെ അര്‍ഥമെന്താണ്? ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയും ഉയര്‍ന്നു വരുന്നുണ്ടായിരുന്നില്ല. അത്തരമൊരു ചര്‍ച്ചയും അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും കഴ്‌സണ്‍ അത് ഉയര്‍ത്തിക്കൊണ്ടു വന്നു. മുസ്‌ലിംകള്‍ക്ക് അമേരിക്കന്‍ മൂല്യവുമായി യോജിച്ച് പോകാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ട്രംപ് പറഞ്ഞത് മുസ്‌ലിംകള്‍ അമേരിക്കയിലേക്ക് വരരുതെന്നാണ്. കഴ്‌സണ്‍ പറഞ്ഞതും അത് തന്നെയല്ലേ? ട്രംപിന്റെ വാക്കുകളില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ അമേരിക്കന്‍ സെനറ്റ് വിസാ വീവര്‍ പ്രോഗ്രാം ഇപ്രൂവ്‌മെന്റ് ആക്ട് 2015 എന്ന ബില്ല് പരിഗണനക്കെടുത്തിരുന്നു. യു എസ് പൗരത്വത്തെ കൃത്യമായി വേലികെട്ടി രണ്ടായി തിരിക്കുന്നതാണ് ബില്ല്. ഈ നിയമത്തില്‍ പ്രസിഡന്റ് ഒപ്പു വെക്കുകയാണെങ്കില്‍ അറബ്, ഇറാനിയന്‍ (മുസ്‌ലിം) പാരമ്പര്യമുള്ളവര്‍ ഒരു വിഭാഗവും അല്ലാത്തവര്‍ മൊത്തം മറ്റൊരു വിഭാഗവുമായി മാറും. ഈ ബില്ല് തന്നെ ട്രംപ് പറഞ്ഞതിനെയല്ലേ സാധൂകരിക്കുന്നത്.
ലോകത്താകെ വംശീയതയും ഫാസിസവും ജനാധിപത്യ പ്രക്രിയയില്‍ ആയുധമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് കടുത്ത അസഹിഷ്ണുതാ പ്രഖ്യാപനങ്ങള്‍ നടത്തുന്നതും മനുഷ്യരെ പാക്കിസ്ഥാനിലേക്ക് ആട്ടിപ്പായിക്കാന്‍ നോക്കുന്നതം. ഫ്രാന്‍സില്‍ ലി പെന്നിനെപ്പോലുള്ള തീവ്രവലതുപക്ഷ നേതാക്കള്‍ മുമ്പൊരിക്കലുമില്ലാത്ത വിധം മുസ്‌ലിംവിരുദ്ധത പരസ്യമായി പ്രഖ്യാപിക്കുകയാണ്. ഇസില്‍ ആക്രമണം മുന്‍നിര്‍ത്തി ബ്രിട്ടനിലും ജര്‍മനിയിലുമൊക്കെ ഇത് നടക്കുന്നു. ഇത്തരം വിഷപ്രയോഗങ്ങള്‍ക്ക് ജനതയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നു. അതുവഴി തിരഞ്ഞെടുപ്പില്‍ വിജയം വരിക്കാനും സാധിക്കുന്നു. അപകടകരമായ പ്രവണതയാണ് ഇത്. മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പിന്നോട്ട് പോകുകയും ഫാസിസ്റ്റ് സമീപനങ്ങള്‍ മേല്‍ക്കൈ നേടുകയും ചെയ്യുമ്പോള്‍ ജനാധിപത്യം അട്ടിമറിക്കുകയാണ് ചെയ്യുന്നത്. യു എസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാള്‍ നയം വ്യക്തമാക്കേണ്ട നിരവധി വിഷയങ്ങള്‍ ഉണ്ട്. രാജ്യം ഇന്നും കരകയറിയിട്ടില്ലാത്ത സാമ്പത്തിക മാന്ദ്യത്തിന് എന്തുണ്ട് പരിഹാരം? അറബ് രാജ്യങ്ങളുടെ എണ്ണ വിപണി തകര്‍ക്കാന്‍ മാത്രമായി വന്‍ നഷ്ടം സഹിച്ച് ഷെയ്ല്‍ എണ്ണ ഉത്പാദനം തുടരുമോ? അക്രമാസക്ത വിദേശ നയം അങ്ങനെ തന്നെ തുടരാനാണോ പരിപാടി? യു എന്നടക്കമുള്ള അന്താരാഷ്ട്ര വേദികള്‍ ജനാധിപത്യവത്കരിക്കണമെന്ന ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും? രാജ്യത്തെ അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് താങ്ങാകാന്‍ ഒബാമ കെയര്‍ പോലെ വല്ല പദ്ധതിയും പുതുതായി വരുന്നവരുടെ കൈയിലുണ്ടോ? ഇത്തരം ചോദ്യങ്ങളൊന്നും ആരും ചോദിക്കുന്നില്ല. ഉത്തരവുമില്ല. മുസ്‌ലിംകളുടെ നെഞ്ചത്തേക്ക് പായിക്കുന്ന വെടിയുണ്ടകളും ചിതറുന്ന ചോരയും മതി ജയിച്ചു വരാന്‍.
അമേരിക്കയുടെ ചരിത്രം തന്നെ ക്രൂരമായ വംശീയതയുടേതും അടിമത്തത്തിന്റെതും യുദ്ധോത്സുകതയുടെതുമാണ്. ഈ രാജ്യം നടത്തിയ എല്ലാ പടയോട്ടങ്ങളും ഹിരോഷിമ, നാഗസാക്കിയടക്കമുള്ള ബോംബ് വര്‍ഷങ്ങളും വംശീയമായ ഉത്കൃഷ്ടത സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു. വര്‍ത്തമാനത്തില്‍ ഡൊണാള്‍ഡ് ട്രംപിന് ഇങ്ങനെയൊക്കെ പറയാന്‍ സാധിക്കുന്നത് ഈ ചരിത്രത്തില്‍ നിന്ന് ഊര്‍ജമുള്ളത് കൊണ്ടാണ്. അമേരിക്കയുടെ സുരക്ഷക്ക് അതിര്‍ത്തിയടക്കണമെന്നാണല്ലോ ട്രംപ് പറയുന്നത്. ഈ രാജ്യം എതെങ്കിലും കാലത്ത് മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിക്ക് വില കല്‍പ്പിച്ചിട്ടുണ്ടോ?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്