മത്സ്യത്തൊഴിലാളിയെ ചാലിയാറില്‍ കാണാതായി

Posted on: December 15, 2015 10:40 pm | Last updated: December 15, 2015 at 10:40 pm

20151215_130103-1ഫറോക്ക്: ചാലിയാറില്‍ മത്സ്യബന്ധനത്തിനിറങ്ങിയ ചെറുകിട മത്സ്യത്തൊഴിലാളിയെ കാണാതായി. കെ.എസ്.ഇ.ബി ഓഫീസിനുസമീപം താമസിക്കുന്ന മുല്ലശ്ശേരി മുരളീധരനെ(55) യാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ചെറുവണ്ണൂര്‍ ചിത്രക്കടവിനുസമീപം മുരളീധരന്‍ തന്റെ ചെറുവള്ളത്തില്‍ മീന്‍പിടിക്കാന്‍ ചാലിയാറില്‍ ഇറങ്ങിയത്. ഒന്‍പതുമണിയോടെ ആളില്ലാത്ത മുരളീധരന്റെ വള്ളം ചാലിയാറില്‍ ഒഴുകുന്നതുകണ്ട മറ്റ് മത്സ്യത്തൊഴിലാളികളാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് തീരദേശപോലീസിന്റെ രണ്ടുബോട്ടുകള്‍ സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി. പത്തരയോടെ മീഞ്ചന്തയില്‍ നിന്നും അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ച് സംശയം തോന്നിയ ഭാഗങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു.ഉച്ചതിരിഞ്ഞ് വേലിയിറക്കമായതോടെ മൂന്നുമണിയോടെ തീരദേശസേനയുടെ തിരച്ചില്‍ തീരദേശത്തേക്ക് മാറ്റി. രാത്രിയിലും തിരച്ചില്‍ തുടരുകയാണ്. ഏതുഭാഗത്തുവെച്ചാണ് മുരളീധരനെ കാണാതായതെന്ന വിവരം ആര്‍ക്കുമില്ലാഞ്ഞത് തിരച്ചില്‍ നടത്തിയവരെ ആശയക്കുഴപ്പത്തിലാക്കി. ചാലിയാറില്‍ വര്‍ഷങ്ങളായി വലയും ചൂണ്ടയും ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്ന മുരളീധരന്‍ ടൗണില്‍ എത്തിച്ച് വില്‍ക്കുകയാണ് പതിവ്. മത്സ്യബന്ധനത്തിനിടെ തലചുറ്റി ചാലിയാറില്‍ വീണതാണെന്നും സംശയിക്കുന്നുണ്ട്. ഭാര്യ:ബിന്ദു മക്കള്‍: വിപിന്‍,അഞ്ജു,വിദ്യ