ക്ലച്ച് തകരാര്‍: ഒരു ലക്ഷം ഷെവര്‍ലേ ബീറ്റ് കാറുകള്‍ തിരിച്ചുവിളിച്ചു

Posted on: December 15, 2015 7:55 pm | Last updated: December 15, 2015 at 7:55 pm

beatlaunch-kH2F--621x414ന്യൂഡല്‍ഹി: ജനറല്‍ മോട്ടോഴ്‌സിന്റെ ഡീസല്‍ ഹാച്ച് ബാക്കായ ഷെവര്‍ലേ ബീറ്റിന്റെ ഒരു ലക്ഷം കാറുകള്‍ തിരികെ വിളിച്ചു. 2010നും 2014നും ഇടയില്‍ നിര്‍മിച്ച കാറുകളാണ് തിരിച്ചുവിളിച്ചത്. ഇതിന്റെ ക്ലച്ച് ലിവറിന് തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1,01,597 കാറുകളാണ് ഈ കാലയളവില്‍ നിരത്തിലിറങ്ങിയത്.

തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ക്ലച്ച് ലിവര്‍ പൊട്ടിപ്പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജനറല്‍ മോട്ടേഴ്‌സ് അധികൃതര്‍ അറിയിച്ചു. തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ക്ക് സൗജന്യമായി അവ പരിഹരിച്ച് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി ഷെവര്‍ലേയുടെ രാജ്യത്തെ 248 അംഗീകൃത സര്‍വീസ് സെന്ററുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.