പരിഹാരമാകാതെ ശമ്പള കുടിശ്ശിക

Posted on: December 15, 2015 7:48 pm | Last updated: December 15, 2015 at 7:48 pm

ദോഹ: തൊഴിലാളിക്ഷേമം ലക്ഷ്യമിട്ട് തുടങ്ങിയ വേതനമുറപ്പു സംവിധാനം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതുമാത്രം പോരെന്ന് അഭിപ്രായം. ശമ്പള കുടിശ്ശികയുടെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് തൊഴിലാളികള്‍ക്ക് ഭാരമാകുന്നത്.
നിരവധി കമ്പനികള്‍ വേതനമുറപ്പു പദ്ധതിയുടെ ഭാഗമായതിനാല്‍ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ട്. ചെറുകിട, ഇടത്തരം കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. അതേസമയം, കുടിശ്ശിക പൂര്‍ണമായി ലഭിക്കാന്‍ മാസങ്ങളെടുക്കുന്നുണ്ട്. അഞ്ചും അതിലേറെയും മാസങ്ങളായിട്ടും ശമ്പളം ലഭിക്കാത്ത തൊഴിലാളികളുമുണ്ട്. കമ്പനി വേതനമുറപ്പു പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് കുടിശ്ശിക ലഭിക്കുമെന്നതില്‍ തൊഴിലാളികള്‍ സംശയം പ്രകടിപ്പിക്കുന്നു. കുടിശ്ശിക സംബന്ധിച്ച് ഇപ്പോഴും തീര്‍പ്പുവരുത്താത്ത കമ്പനികളുണ്ട്. കമ്പനി വേതനമുറപ്പു പദ്ധതിയില്‍ അംഗമാകുന്നതിന് മുമ്പ് മൂന്ന് മാസത്തോളം ശമ്പളം ലഭിക്കാത്തവരുമുണ്ട്. ഏതാനും എംബസികള്‍ക്ക് ഇത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശമ്പളം ലഭിക്കാത്തതിനാല്‍ നിരവധി പേര്‍ ജോലി ഉപേക്ഷിക്കുന്നുണ്ട്. അതേസമയം, ഇങ്ങനെ കൊഴിഞ്ഞുപോകുന്ന തൊഴിലളികള്‍ക്ക് പകരം റിക്രൂട്ട്‌മെന്റ് നടത്തുകയും ശമ്പളം നല്‍കാത്ത പ്രവണത തുടരുകയുമാണ്. ഇതില്ലാതാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കി കമ്പനിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സാഹചര്യം ഒരുക്കലല്ലാതെ മാര്‍ഗമില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, തൊഴില്‍ കരാര്‍ പരിഗണിക്കാതെ തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതും പ്രതിസന്ധിയാണ്. ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം ഇടപെടുകയും തൊഴിലാളി സംബന്ധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മേല്‍നോട്ടം വഹിക്കുകയും വേണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.