ഖത്വര്‍ ജനിതക പദ്ധതിയുടെ ആദ്യ ഘട്ടം മെയ് മാസത്തോടെ

Posted on: December 15, 2015 7:39 pm | Last updated: December 15, 2015 at 7:39 pm

ദോഹ: അടുത്ത വര്‍ഷം മെയ് മാസത്തോടെ ഖത്വര്‍ ജിനോം പ്രോജക്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും. ഇതോടെ 3000 ഖത്വരികളുടെ മുഴുവന്‍ ജനിതക തുടര്‍പ്രവര്‍ത്തനങ്ങളും (ഹോള്‍ ജിനോം സീക്വന്‍സസ്) കാണാനാകുമെന്ന് ഖത്വര്‍ ജിനോം പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. അസ്മ അലി അല്‍താനി അറിയിച്ചു.
ഖത്വറിലെ ജനങ്ങള്‍ക്ക് വ്യക്തികേന്ദ്രീകൃതമായ ആരോഗ്യസംരക്ഷണം നല്‍കാന്‍ ഇത് സഹായിക്കും. ഖത്വര്‍ ബയോ ബേങ്കില്‍ നിന്ന് 3000 ഖത്വരി സാംപിളുകള്‍ ശേഖരിച്ച് 2013 ഡിസംബറിലാണ് പൈലറ്റ് പദ്ധതി ആരംഭിച്ചത്. ഖത്വരി ജനങ്ങളുടെ രോഗങ്ങള്‍ക്ക് ജനിതക സ്വഭാവം മുന്‍നിര്‍ത്തിയുള്ള ചികിത്സ നല്‍കാനാകും. ഇതുവരെ 800 പേരുടെ ജനിതക തുടര്‍പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണമാണ് പൂര്‍ത്തിയായത്. സിദ്‌റ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ആണ് ആവശ്യമായ ജിനോമിക് ഇന്‍ഫ്രാസ്ട്രക്ചറും ജനിതക പരിശോധനക്കുള്ള സാങ്കേതിക സഹായവും നല്‍കുന്നത്. ഖത്വര്‍ ബയോബേങ്കില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഇലക്‌ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡിലേക്ക് മാറ്റും. രോഗങ്ങള്‍ക്ക് കൃത്യമായ മരുന്നുകള്‍ നല്‍കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നതാണ് ജനിതക പരിശോധനകള്‍. രോഗിക്ക് കൂടുതല്‍ ആഘാതമുണ്ടാക്കുന്ന അവസാനഘട്ടങ്ങളിലെ രോഗത്തിന്റെ ജനിതക ഘടകങ്ങള്‍ മനസ്സിലാക്കാന്‍ ഇത് സഹായിക്കും. ഇത് മനസ്സിലാക്കി ചികിത്സ നിശ്ചയിക്കുന്നതിലൂടെ പെട്ടെന്ന് രോഗം സുഖപ്പെടാനും സാധിക്കും.
അടുത്ത ബന്ധത്തിലുള്ള വിവാഹം കുഞ്ഞുങ്ങളില്‍ ജനിതക പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമാകുന്നുണ്ട്. ഇത് ജനിതക ചികിത്സയിലൂടെ പരിഹരിക്കാനാകും. ഉമിനീര്‍, രക്തം, മൂത്രം എന്നിവയുടെ സാമ്പിളുകളും മറ്റ് വിവരങ്ങളും നല്‍കിയാല്‍ നാല് മണിക്കൂര്‍ കൊണ്ട് ജനിതക തുടര്‍പ്രവര്‍ത്തനങ്ങള്‍ അറിയാനാകും.
സാമ്പിളുകള്‍ നല്‍കാന്‍ ജനങ്ങള്‍ സ്വമേധയാ തയ്യാറായി സെന്ററുകളിലെത്തുന്നുണ്ടെന്നും എന്നാല്‍ ഇവ ശേഖരിക്കുന്നത് വെല്ലുവിളിയാകുന്നുണ്ടെന്നും എസ് എം ആര്‍ സി ചീഫ് റിസര്‍ച്ച് ഓഫീസര്‍ ഫ്രാന്‍സിസ്‌കോ മറിന്‍കോല പറഞ്ഞു.