ശിരുവാണിയിലേക്ക് വരൂ, പ്രകൃതിയെ അറിഞ്ഞാസ്വദിക്കാം…

  Posted on: December 15, 2015 8:11 pm | Last updated: December 15, 2015 at 8:57 pm

  shiru001മരങ്ങള്‍,കുന്നുകള്‍,പച്ചപ്പ്, വെള്ളം,മഴ തുടങ്ങി പ്രകൃതിയിലെ ഓരോ ആസ്വാദനത്തേയും നെഞ്ചോട് ചേര്‍ക്കുന്നവര്‍ക്കേ യാത്രകളോട് ഇഷ്ടം തോന്നൂ. അല്ലെങ്കില്‍ യാത്രകള്‍ പ്രഹസനമായി മാറും. പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ശിരുവാണിയിലെ ട്രക്കിങ്ങൊന്ന് ആസ്വദിക്കണം. മണ്ണാര്‍ക്കാട്ടുനിന്ന് ഏകദേശം 36 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ശിരുവാണിയിലേക്കെത്താം. പോകുന്ന വഴിയില്‍ കാഞ്ഞിരപ്പുഴ ഡാമും കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ളതാണ്.മനോഹരമായ കാഞ്ഞിരപ്പുഴ ഡാം കഴിഞ്ഞ് ഏകദേശം 1.5 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഡാമിന്റെ മനോഹര ദൃശ്യം തെളിയും. കാഞ്ഞിരപ്പുഴയില്‍ നിന്നും 20 കിലോമീറ്ററാണ് ശിരുവാണിയേലക്കുള്ള ദൂരം.

  ശിരുവാണിയിലെത്തി എട്ട്‌പേര്‍ക്ക് വീതം സര്‍ക്കാര്‍ വാഹനത്തില്‍ കാടിനുള്ളിലേക്ക് പ്രവേശിക്കാം (അനുവാദത്തോടെ സ്വകാര്യ വാഹനങ്ങള്‍ക്കും പ്രവേശിക്കാം).വെറും 1500 രൂപ മാത്രം. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ നല്ലൊരു യാത്ര കഴിഞ്ഞതിന്റെ അനുഭൂതി ഉറപ്പ്. പ്രകൃതി മനോഹരമായ ഒട്ടേറെ കാഴ്ചകള്‍ ഈ ട്രക്കിങ്ങിനിടയില്‍ നമുക്ക് കാണാം. shiru006ഭാഗ്യമുണ്ടങ്കെില്‍ ആന, കടുവ തുടങ്ങി ഒട്ടേറെ മൃഗങ്ങളേയും വണ്ടിയിലിരുന്ന് തന്നെ കാണാം. ഗൈഡിന്റെ സഹായമുള്ളതുകൊണ്ടു തന്നെ സംശമുള്ളതെല്ലാം ചോദിച്ച മനസിലാക്കാനും അവസരമുണ്ട്. തമിഴ്‌നാട് അതിര്‍ത്തിയെത്തുന്നതോടെ യാത്ര അവസാനിക്കും. പിന്നെ കുന്നിന്‍ മുകളിലേക്കൊരു കയറ്റം. അവിടെ നിന്നും നോക്കിയാല്‍ കൊയമ്പത്തൂര്‍ ടൗണും, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളും കാണാം.

  നല്ല തണുപ്പായതുകൊണ്ടുതന്നെ അട്ട ശല്യ‌ രൂക്ഷമാണ്. കാലിലും കയ്യിലുമെല്ലാം അവറ്റകള്‍ പൊതിയും. അതുകൊണ്ട് തന്നെ മലകയറുമ്പോള്‍ ഒരു പാക്ക് ഉപ്പ് കരുതുന്നത് നല്ലതാണ്. തണുപ്പകറ്റാന്‍ ഒരു കോട്ടും മഴച്ചാറ്റല്‍ കൊള്ളാതിരിക്കാന്‍ ഒരു കുടയും കൂടി ആയാല്‍ സംഗതി ഗംഭീരമായി.
  shiru008പുലര്‍ച്ചെ എട്ട് മണി. നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ അല്‍പം മഴച്ചാറ്റല്‍ ഉണ്ടായിരുന്നു. എന്നാലും ഏറെ ആഗ്രഹിച്ച സ്ഥലമായത് കൊണ്ടു തന്നെ വണ്ടിയുമെടുത്ത് ഞാനും സുഹൃത്ത് ശബീറും യാത്ര തിരിച്ചു. മണ്ണാര്‍ക്കാട് കഴിഞ്ഞ് കാഞ്ഞിരപ്പുഴയിലെത്തി. കാഞ്ഞിരപ്പുഴയില്‍ അല്‍പം മുമ്പോട്ട് പോയാല്‍ ഡാമിന്റെ മനോഹര ദൃശ്യങ്ങള്‍ കാണാം. കാഴ്ചയ്ക്ക് ഏറെ ആസ്വാദനം തോന്നുന്ന മനോഹരമായ സ്ഥലം. ഫോട്ടോയെടുക്കാനും കല്യാണ ആല്‍ബം ഷൂട്ട് ചെയ്യാന്‍ വരുന്നവര്‍ക്കും രാവിലെയോ വൈകുന്നരമോ എത്തിയാല്‍ നല്ല ക്ലിക്കും വീഡിയോയുമായി സന്തോഷത്തോടെ മടങ്ങാം.

  shiruഞങ്ങള്‍ ശിരുവാണിയിലെത്തിയപ്പോഴേക്ക് നേരം 10.30. ഞങ്ങള്‍ രണ്ട് പേര്‍ മാത്രമേ അവിടെയുള്ളൂ. ട്രക്കിനുള്ള രണ്ടു വണ്ടികള്‍ കാട്ടിലേക്ക് പോയി. എട്ട് പേരുണ്ടെങ്കിലേ ഒരാള്‍ക്ക് 240 രൂപവെച്ച് കാട്ടിലേക്ക് പോകാന്‍ പറ്റൂ. വേറെ ആറ് പേരെകൂടി കിട്ടാന്‍ വേണ്ടി ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ശുദ്ധമായ പടിഞ്ഞാറന്‍ കാറ്റും കൊണ്ട് മനോഹരമായ ഈ ശിരുവാണിയെയും നോക്കി മുറ്റത്തിരിക്കുമ്പോള്‍ ഒട്ടേറെ ഓര്‍മ്മകള്‍ മനസില്‍ മിന്നി മറഞ്ഞു. കവിതയെഴുതാനും കഥയെഴുതാനുമൊക്കെ ഒരു തോന്നല്‍ മനസില്‍ വിടര്‍ന്നു. കാഴ്ച കണ്ടിരിക്കാന്‍ തന്നെ ഏറെ ആസ്വാദ്യമാണ്.

  ഏകദേശം ഒരു മണിക്കൂര്‍ ഇരുന്നപ്പോഴേക്ക് പുലാമന്തോളില്‍ നിന്ന് നാല്‍വര്‍ സംഘമെത്തി. അവരും ഞങ്ങളെപ്പോലെ കൂട്ട് തേടി നടക്കുകയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാം. അങ്ങനെ ആറാളെ വെച്ച ടിക്കറ്റെടുക്കാനുള്ള തീരുമാനത്തില്‍ ടിക്കറ്റെടുക്കാന്‍ പോയപ്പോഴാണ് മുന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനും സുഹൃത്ത് എസ്ബിഐ ജീവനക്കാരന്‍ രാജേഷും എത്തിയത്. മനസില്‍ ഒരു ചെറു പുഞ്ചിരിയുദിച്ചു. കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാലോ എന്ന സന്തോഷം മനസില്‍ അടക്കിവെച്ചു. എന്തായാലും ഞങ്ങള്‍ എട്ട് പേരുംകൂടി ടിക്കറ്റെടുത്തു. ഞാനും സുഹൃത്തും വാഹനത്തിന്റെ മൂലയില്‍ തന്നെ ഇടംപിടിച്ചു. പിന്നെ ഡ്രൈവറായി ആദിവാസി യുവാവ് ശ്യാമുമെത്തി.

  യാത്രക്കിടയില്‍ കാഴ്ചകാണാന്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ പഴക്കമുള്ള പാട്ടിയാര്‍ ബംഗ്ലാവെല്ലാം യാത്രക്കിടയില്‍ കണ്ടു. ബ്രിട്ടിഷുകാര്‍ പണിതതാണ് മനോഹരമായ ഈ ബംഗ്ലാവ്. ശിരുവാണിയുടെ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഇതിന്റെ മുറ്റത്തിരുന്ന് ഒപ്പിയെടുക്കാം. കുറച്ച നേരം അവിടെയിരുന്നു. ബ്ംഗ്ലാവിന്റെ ചരിത്രത്തെ കുറിച്ച് രാജേന്ദ്രന്‍ സാര്‍ പറഞ്ഞുതന്നു.
  shiru6ആനയും പുലിയും കാട്ടുപ്പോത്തും കരടിയും എല്ലാം ഉള്ള കാടാണ് എന്ന് എസ്ബിഐ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ മനസ്സില്‍ ഭയം വിടര്‍ന്നിരുന്നു. പക്ഷേ യാത്രയുടെ ആനന്ദത്തില്‍ അതൊന്നും ഞങ്ങള്‍ കാര്യമാക്കിയില്ല.

  ട്രക്കിംഗ് സമയത്ത് പേടിക്കേണ്ടത് ആനയെ ആണെന്നും വാഹനം ഉണ്ടായാല്‍ പ്രശ്‌നം ഇല്ലെന്നും രാജേന്ദ്രന്‍ സാര്‍ പറഞ്ഞു. അതോടെ മറ്റുള്ളവര്‍ക്ക് അല്‍പം ധൈര്യം കൂടി. അങ്ങനെ ഞങ്ങള്‍ ഇറങ്ങി. മുന്നിലെ സീറ്റിലായിരുന്നു രാജേന്ദ്രന്‍ സാര്‍ ഇരുന്നത്. കൂട്ടത്തില്‍ പ്രായം കൂടിയയാളും അദ്ദേഹമായിരുന്നു. ഇരിക്കട്ടെ , ഒന്നൂലേല്‍ അദ്ദേഹം ഒരു ഫോറ്സ്റ്റ് ജീവനക്കാരനായിരുന്നില്ലേ. ഒന്നര കിലോ മീറ്റര്‍ മുന്നോട്ട പോയപ്പോഴേക്ക് ദേ നില്‍ക്കുന്നു മിടുക്കനായി ഒരു കൊമ്പന്‍. ശിരുവാണിയുടെ വന സൗന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന ഗജവീരനാണ് അത് എങ്കിലും ഒരു നിമിഷം കൊണ്ട് ഞങ്ങള്‍ എല്ലാം തെല്ല് പേടിച്ചു. രാജേന്ദ്രന്‍ സാര്‍ പറഞ്ഞു. നമ്മള്‍ അങ്ങോട്ട് അവരെ ബുദ്ധിമുട്ടിക്കുന്നൊന്നുമില്ലല്ലോ, അതോണ്ട് നമ്മളെ ഒന്നും ചെയ്യില്ലെന്ന്.

  shiruvani 5
  ലേഖകനും ഗൈഡും

  അങ്ങനെ ഒരുവിധം അവിടെ നിന്നും മാറി ഞങ്ങള്‍ തമിഴ്‌നാട്
  അതിര്‍ത്തിയിലെത്തി. മലമുകളിലേക്ക് ഞങ്ങളേം കൂട്ടി ഡ്രൈവര്‍ ശ്യം നടന്നു. കൂടെ ഒരു പാക്ക് ഉപ്പും കരുതിയിരുന്നു. ആദ്യം എന്തിനാണെന്നൊന്നും മനസിലായില്ല. പിന്നെ ഓരോ മൂന്നാല് കാല്‍വെപ്പിലും മനസിലായി ഇത് നമ്മക്ക ആവശ്യള്ളതാണെന്ന്’.അങ്ങനെ ഓരോ നടത്തത്തിലും ഉപ്പും തേച്ച് ഞങ്ങള്‍ മലമുകളിലെത്തി. ഹോ എന്തൊരു ഭംഗി.. ഒട്ടേറ ഫോട്ടോയുമെടുത്തു. പ്രായം അറുപത്തി മൂന്നായെങ്കിലും യാതൊരു മടിയും കൂടാതെയാണ് രാജേന്ദ്രന്‍ സാറും അമ്പത്തിയഞ്ചുകാരന്‍ രാജേഷ് സാറും ഞങ്ങളോടൊപ്പം മല കയറാന്‍ വന്നത്.

  മലമുകളില്‍ നിന്ന് നോക്കിയാല്‍ കൊയമ്പത്തൂര്‍ ടൗണ്‍ കാണാം. ഒരു ബൈനോക്കുലര്‍ കൈയില്‍ കരുതയിരുന്നേല്‍ ഒട്ടേറ പ്രദേശങ്ങള്‍ അവിടെ നിന്നും കാണാമായിരുന്നു. നേരം ഉച്ചയായിട്ടും കോട മഞ്ഞ് വിട്ടുപോയിട്ടില്ല. നല്ലോണം തണുപ്പും ഉണ്ട്. തണുത്ത കാറ്റും. ഇനി ചിലപ്പോള്‍ കാണാന്‍ പറ്റിയില്ലെങ്കിലോ എന്ന ആധിയില്‍ തിരിഞ്ഞും മറിഞ്ഞും നിന്ന് ഒട്ടേറെ ഫോട്ടോയെടുക്കാനും മറന്നില്ല. അര മണിക്കൂറിന് ശേഷം അവിടെ നിന്ന് തിരികെ വണ്ടിയിലെത്തി. വണ്ടി പാര്‍ക്ക ചെയ്ത ഭാഗത്തിനടുത്തൂടെ ആനകള്‍ വരിവരിയായി നടന്നു പോകുന്നു.ആര്‍ക്കും ഒരു ശല്യവും ഉണ്ടാകാതെ നാല് ആനകള്‍ ഞങ്ങളുടെ വാഹനത്തിന് കുറച്ച് മുന്നിലൂടെ നടന്ന് പോയി. മൂന്ന് ഫോറസ്റ്റ് ഗാര്‍ഡുകള്‍ ഞങ്ങളുടെ വണ്ടിക്കടുത്ത് ഉണ്ടായതുകൊണ്ടുതന്നെ പേടി തോന്നിയതും ഇല്ല. തിരികെ വരുമ്പോള്‍ കിടിലന്‍ മഴ….അങ്ങനെ ഇടക്കൊക്കെ വണ്ടിനിര്‍ത്തി വല്ല മൃഗങ്ങളേയും കാണുന്നുണ്ടോ എന്ന് നോക്കും. ഇടക്ക് വെച്ച് ശ്യാം വണ്ടി മെല്ലെ ബ്രേക്കിട്ടു. ശ്യാമിന് ഭക്ഷണവുമായി ചേട്ടന്‍ എത്തിയതാണ്. ഈ shiruvani1കൊടും കാട്ടില്‍ താമസിക്കുന്ന ഇവരെ സമ്മതിക്കണം…എപ്പോഴും ആനയും കടുവയുമൊക്കെ വീട്ടലേക്കെത്താം. ആക്രമിച്ചേക്കാം. ശ്യാമിനോട് ഇത് പറഞ്ഞപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. ‘നിക്ക് ഇതിനൊന്നും പേടില്ലാ…’

  വാഹനം കുറച്ച മുന്നോട്ട നീങ്ങി. കുറച്ചകലെ ഞങ്ങളുടെ മുന്നില്‍ പോയ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നു. അപ്പോഴാണ് ശ്യം ആ കാഴ്ച ഞങ്ങള്‍ക്ക് കാണിച്ചു തന്നത്. ആനകള്‍ റോഡിന് മുന്നില്‍… പേടിച്ചിട്ടാണേലും ഒന്ന് ഉയര്‍ന്നു നിന്ന് മുന്നോട്ട നോക്കി…..ആനയും കുഞ്ഞുമാണ്…കുറച്ച് സമയത്തിന് ശേഷം അവര്‍ വഴിയില്‍ നിന്നും മാറി..രണ്ട് വണ്ടിയും മുന്നോട്ട കുതിച്ചു.

  അതിനിടക്കാണ് ഫോറസ്റ്റ് ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ സാര്‍ ഫോറസ്റ്റ് കാല ഓര്‍മയില്‍ പങ്കുവെച്ചത്. ഒട്ടേറെ സാഹസികത നിറഞ്ഞ ഓര്‍മ്മകള്‍. ഒരിക്കല്‍ ആന പിന്നാലെ വന്നപ്പോള്‍ അവിടെ നിന്നും സാഹസികമായി രക്ഷപ്പെട്ട കഥ. കത്തിയാണോ എന്നറിയില്ല. എന്നാലും കേള്‍ക്കാള്‍ ഞങ്ങള്‍ക്ക് ഇഷ്ടായിരുന്നു.

  shiru005അങ്ങനെ ഒന്നര മണിക്കൂര്‍ കഴിഞ്ഞു. ഞങ്ങള്‍ തിരികെയെത്തി.ഡ്രൈവര്‍ ശ്യാമിന് ഞങ്ങളെല്ലാംകൂടി ഇരുന്നൂറ് രൂപയും നല്‍കി. എന്തായാലും ശിരുവാണിയിലെ ട്രക്കിങ്ങിന്റെ സുഖം അത് അനുഭവിച്ചു തന്നെ അറിയണം. യാത്ര ഗംഭീരം..യാത്രയുടെ ഓരോ നിമിഷവും ഓര്‍മ്മയിലേക്ക വരുമ്പോള്‍ ഒന്നുകൂടി പോകാന്‍ തോന്നും. മലമുകളിലത്തെ കയറ്റവും എല്ലാം………. ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാന്‍ പറ്റി.

  shiruvani3തിരികെ വീട്ടിലേക്കുള്ള യാത്ര…ശിരുവാണിയും കടന്ന് പോരുന്നവഴിയിലൂടെയെല്ലാം മനോഹരമായ കാഴ്ച.ശിരുവാണി……..ഹോ ഗംഭീരമെന്ന് ഓരോ പ്രകൃതി സ്‌നേഹിക്കും ഒറ്റ വാക്കില്‍ പറഞ്ഞ്‌പോകും.