കന്നുകാലികള്‍ക്ക് ഭീഷണിയായി ആനത്തൊട്ടി പടരുന്നു

Posted on: December 15, 2015 11:48 am | Last updated: December 15, 2015 at 11:48 am

വടക്കഞ്ചേരി: പാടത്തും പറമ്പിലും റോഡുവക്കിലും കന്നുകാലികള്‍ക്ക് ഭീഷണിയായി ആനത്തൊട്ടാവാടി പടരുന്നു. നാനൂറിലധികം ഇനങ്ങളുള്ള മൈമോസ ജനുസ്സില്‍പ്പെട്ട ചെടിയാണ് ആനത്തൊട്ടാവാടി.
ഇവയിലടങ്ങിയിരിക്കുന്ന മൈമോസിന്‍ എന്ന വിഷപദാര്‍ഥമാണ് കന്നുകാലികളില്‍ വിഷബാധയേല്പിക്കുന്നത്. പുല്ലിനൊപ്പം ആനത്തൊട്ടാവാടി കന്നുകാലികള്‍ തിന്നാല്‍ വിഷബാധയുടെ തീവ്രത കുറയുമെങ്കിലും ഒറ്റയ്ക്ക് കൂടുതല്‍ ഉള്ളില്‍ച്ചെന്നാല്‍ മാരകമാണെന്ന് മൃഗഡോക്ടര്‍മാര്‍ പറയുന്നു.
കന്നുകാലികളുടെ കരളിനെയും വൃക്കയെയുമാണ് സാരമായി ബാധിക്കുന്നത്. വയര്‍സ്തം’നവും ദഹനക്കേടും തീറ്റയ്ക്ക് മടുപ്പുമാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണം. വൃക്കയുടെ പ്രവര്‍ത്തനം തകറാറിലാകുന്നതോടെ മൂത്രതടസ്സവും ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നീര്‍ക്കെട്ടും ഉണ്ടാകുന്നു. ഈ ലക്ഷണങ്ങള്‍ സാധാരണ 45 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നു. ഇതോടെ ശരീരത്തിന്റെ ശേഷി തീരെ കുറയുകയും ശരീരോഷ്മാവ് വളരെ താഴുകയും ദിവസങ്ങള്‍ക്കകം ചാവുകയും ചെയ്യുന്നു.ഗ്രാമങ്ങളില്‍ തഴച്ചുവളരുന്ന ആനത്തൊട്ടാവാടി ക്ഷീരകര്‍ഷകരെ ഏറെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വേരോടെ പിഴുത് നശിപ്പിക്കലാണ് ആനത്തൊട്ടാവാടിയെ ഇല്ലാതാക്കാനുള്ള മാര്‍ഗം.