Connect with us

Malappuram

മില്‍മാ പ്ലാന്റ് ജീവനക്കാരുടെ സമരം ഒത്തുകളിയെന്ന് ക്ഷീര കര്‍ഷകര്‍

Published

|

Last Updated

മലപ്പുറം: മില്‍മാ പ്ലാന്റിലെ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തുന്ന സമരം കര്‍ഷകരെ ദുരിതത്തിലാക്കുന്നു. പാലിന്റെ വില വര്‍ധിപ്പിക്കാന്‍ മില്‍മ ആലോചിക്കുന്ന സാഹചര്യത്തില്‍ ഈ സമരം ഒരു ഒത്തുകളിയാണെന്ന് സംശയിക്കുന്നതായി ജില്ലാ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെന്‍ഷന്റെയും പി എഫിന്റെയും വ്യക്തതക്ക് വേണ്ടിയാണ് സമരമെന്ന് തൊഴിലാളികള്‍ പറയുന്നു. പശു വളര്‍ത്തല്‍ ഉപജീവന മാര്‍ഗമായി മാറ്റിയ നിരവധി കുടുംബങ്ങളാണ് ഈ സമരത്തെ തുടര്‍ന്ന് പട്ടിണിയിലായിരിക്കുന്നത്. സഹകരണ സംഘങ്ങള്‍ വഴിയാണ് മില്‍മ പാല്‍ സംഭരിക്കുന്നത്.
സംഘത്തിലെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികള്‍ സമരം നടക്കുകയാണെന്നും അതുകൊണ്ട് കര്‍ഷകരില്‍ നിന്നും പാല്‍ എടുക്കേണ്ടന്നും അറിയിച്ചത് വളരെ വൈകിയാണ്. പാല്‍ അളക്കാനായി കര്‍ഷകര്‍ കേന്ദ്രങ്ങളില്‍ എത്തിയപ്പോഴാണ് സമരമാണെന്ന വിവരം അറിയുന്നത്. തിരൂരങ്ങാടി ഭാഗത്ത് അന്നേ ദിവസം കര്‍ഷകര്‍ 250 ലിറ്ററോളം പാല്‍ ആശുപത്രികളിലെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു.
ജീവനക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍ എത്രയും പെട്ടെന്ന് സമരം ഒത്തുതീര്‍ക്കണമെന്നും അല്ലെങ്കില്‍ പാല്‍ സംഭരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലമ്പൂരിലെ പ്ലാന്റിന് കീഴില്‍ 237 സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും പ്രതിദിനം 30000 ലിറ്റര്‍ പാല്‍ സംഭരിക്കേണ്ടതാണ്. സമരം മൂലം അത് തടസപ്പെട്ടിരിക്കുന്നു. സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെടണം. 17ന് വീണ്ടും സമരം ഒന്നുകൂടി ഊര്‍ജ്ജിതമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. മില്‍മയും സര്‍ക്കാരും കര്‍ഷകരോടുള്ള അവഗണ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എം കെ അസീസ് ഹാജി, പി പി ശരീഫ, താജ് മന്‍സൂര്‍, സിദ്ദിഖ് ആലുങ്ങല്‍, എം അബ്ദുള്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.