ബാര്‍ കോഴ കേസ്: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Posted on: December 14, 2015 11:27 pm | Last updated: December 14, 2015 at 11:27 pm

cbiകൊച്ചി: ബാര്‍കോഴ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് റിട്ട് ഹരജിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും ഹൈക്കോടതിയില്‍ വിജിലന്‍സ് വിശദീകരിച്ചു.
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി 35 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തുവെന്നും വിജിലന്‍സ് ഡി വൈ എസ് പി. എം എന്‍ രമേശ് കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു. കേസന്വേഷണം സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സിന്റെ വിശദീകരണം. മന്ത്രി കെ എം മാണിക്കെതിരായ അന്വേഷണത്തില്‍ രണ്ട് തവണ ബിജു രമേശിനെ ചോദ്യം ചെയ്തുവങ്കിലും കെ ബാബുവിനെതിരെ ആരോപണം ഉന്നയിക്കാത്തത് സംശയാസ്പദകരമാണ്. രഹസ്യ മൊഴിയില്‍ ബാബുവിനെതിരായ ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ്. മന്ത്രി ബാബുവിന് നേരിട്ട് അര ലക്ഷം രൂപ നല്‍കിയെന്ന ബിജു രമേശിന്റെ ഏറെ വൈകിയുള്ള ആരോപണത്തിന്റെ നിജസ്ഥിതിയിലും വിശ്വാസത്തിലും സംശയമുണ്ട്.
സര്‍ക്കാര്‍ നിലപാട് കാരണം ലൈസന്‍സ് നഷ്ടപ്പെട്ട അബ്കാരിയാണ് ബിജു. കോടതി മുമ്പാകെ സമര്‍പ്പിച്ച രഹസ്യ മൊഴിയില്‍ ബാര്‍ ഹോട്ടലുടമാ സംഘത്തില്‍ നിന്ന് പത്ത് കോടി പിരിച്ചെടുത്തതായും കെ ബാബുവിന്റെ നിര്‍ദേശപ്രകാരം ഈ തുക പലയിടങ്ങളില്‍ വെച്ച് കൈമാറിയതായി വെളിപ്പെടുത്തിയെങ്കിലും പണം നേരിട്ട് കൈമാറിയതായി വെളിപ്പെടുത്തിയിട്ടില്ല.
പുതിയ വൈന്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കാനും കോഴ കൈപ്പറ്റിയെന്ന് ആരോപണം ഉന്നയിച്ചെങ്കിലും മന്ത്രി നേരിട്ട് പണം കൈപറ്റിയതായി മൊഴി നല്‍കിയില്ലെന്നും വിജിലന്‍സ് ഡി വൈ എസ് പി വിശദീകരിച്ചു. കോഴ ആരോപണത്തിനും കൈപ്പറ്റിയതിനും തെളിവ് ഉണ്ടായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തത് നിയമപരമല്ലെന്ന് സുനില്‍കുമാറിന്റെ അഭിഭാഷകര്‍ രഞ്ജിത്ത് തമ്പാന്‍ വാദിച്ചു.
ബിജുവിന്റെ രഹസ്യ മൊഴിയില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മതിയായ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം വാദിച്ചു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എ എം ശഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹരജി കൂടുതല്‍ വാദത്തിനായി കോടതി മാറ്റി.