ദേശീയ ദിനാഘോഷം: പ്രവാസികള്‍ക്കായി വിവിധ പരിപാടികള്‍

Posted on: December 14, 2015 7:27 pm | Last updated: December 14, 2015 at 7:27 pm

MOIദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്വറിലെ പ്രവാസികള്‍ക്കായി ആഭ്യന്തര മന്ത്രാലയം വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 17, 18 തിയ്യതികളില്‍ ഏഷ്യന്‍ ടൗണ്‍, അല്‍വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്, റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ്, ബര്‍വ വര്‍ക്കേഴ്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബ് അല്‍ഖോര്‍ എന്നിവിടങ്ങളിലാണു പരിപാടികള്‍ നടക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികളും വിവിധ പ്രവാസി സമൂഹങ്ങളുമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. കമ്പനികളിലെ തൊഴിലാളികളും ഭാഗമാകും.
നേപ്പാളി പ്രവാസി സമൂഹത്തിനും അല്‍ഖോര്‍ കമ്യൂണിറ്റിക്കും വേണ്ടിയുള്ള പരിപാടിയാണ് ബര്‍വ വര്‍ക്കേഴ്‌സ് ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബില്‍ നടക്കുന്നത്. ഇന്ത്യക്കാര്‍ക്കും ശ്രീലങ്കക്കാര്‍ക്കുമുള്ള ആഘോഷം ഏഷ്യന്‍ ടൗണിലെ ആംഫി തിയറ്ററിലും ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമുള്ള ഓപണ്‍ സ്റ്റേജിലുമായി നടക്കും. വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌റ്റേഡിയത്തിലും ഇന്‍ഡോര്‍ ഹാളിലുമായി പാകിസ്താന്‍, ശ്രീലങ്കന്‍ കമ്യൂണിറ്റികള്‍ക്കു വേണ്ടിയുള്ള വിവിധ പരിപാടികളാണ് നടക്കുക. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പിനോ പ്രവാസികള്‍ക്കു വേണ്ടി അല്‍റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ക്ലോസ്ഡ് ഫുട്‌ബോള്‍ ഹാളില്‍ വിവിധ പരിപാടികള്‍ നടക്കും. ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്യൂണിറ്റി സ്‌കൂളുകളും പരിപാടികളില്‍ പങ്കു ചേരും. സ്‌കൂളുകളും കമ്പനികളും വിവിധ കമ്യൂണിറ്റികളും പങ്കാളികളാവുന്ന ദേശീയദിന പരേഡ് മത്സരം നാലിടങ്ങളിലും നടക്കും.
രാജസ്ഥാനിലെ സാബ്‌രി ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന ഖവാലി സന്ധ്യ, പാക്കിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ഖത്വര്‍ ഇലവനും പാക്കിസ്ഥാന്‍ ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നിവ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. 18ന് വൈകുന്നേരം അഞ്ചു മുതല്‍ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. സാറ്റ്‌കോ കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന ഖവാലി 17ന് രാത്രി എട്ടു മുതല്‍ 12 വരെ ഏഷ്യന്‍ ടൗണ്‍ ആംഫി തിയറ്ററില്‍ നടക്കും. ഏഷ്യന്‍ ടൗണില്‍ 17ന് ഉച്ച കഴിഞ്ഞ് നാലു മുതല്‍ രാത്രി 12 വരെയും 18ന് രാവിലെ എട്ടു മുതല്‍ 10.30 വരെയും ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി 10 വരെയുമാണ് വിവിധ പരിപാടികള്‍ അരങ്ങേറുന്നത്.
ലാഹോര്‍, പെഷവാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ ഗായകര്‍ അണിനിരക്കുന്ന സംഗീത മേള, ബംഗ്ലാദേശില്‍ നിന്നുള്ള പ്രമുഖ ഗായകരുടെ പാട്ടുകള്‍ എന്നിവയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. കായിക, കലാ പരിപാടികളില്‍ ഖത്വറിലെ 32 കമ്പനികളില്‍ നിന്നുള്ള തൊഴിലാളികള്‍ പങ്കെടുക്കും. ദേശീയ ഗാനം, നാഷനല്‍ ഡേ പരേഡ്, ഖത്വറിനെക്കുറിച്ച് വ്യത്യസ്ത ഭാഷകളിലുള്ള തീമാറ്റിക് സോംഗ്, വ്യത്യസ്ത ഭാഷകളിലുള്ള പാട്ടുകള്‍, ഖത്വറിനെക്കുറിച്ചുള്ള തീമാറ്റിക് ഷോ, മറ്റു സാംസ്‌കാരിക പരിപാടികള്‍ എന്നിവയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള മത്സരയിനങ്ങള്‍. ഫുട്‌ബോള്‍, കമ്പവലി, 400 മീറ്റര്‍ ഓട്ടം, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളും നാഷനല്‍ ഡേ പരേഡ്, ഫുട്‌ബോള്‍, 400 മീറ്റര്‍ ഓട്ടം, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഖത്വറിനെക്കുറിച്ചുള്ള ഗാനം, ജനറല്‍ സോംഗ്, തീമാറ്റിക് ഷോ, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ വിജയികളാവുന്നവര്‍ക്ക് കാഷ് പ്രൈസുകള്‍ ലഭിക്കും. ഇതിനു പുറമേ പ്രമേഹ പരിശോധന, രക്ത ദാനം, പ്രാഥമിക ശുശ്രൂഷ പരിശീലനം, ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ബോധവത്കരണം തുടങ്ങിയവയും പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമാണെന്നും ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ അറിയിച്ചു.
ബര്‍വ ഗ്രൂപ്പ്, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി, മീഡിയ കോര്‍പറേഷന്‍, അര്‍ബകോണ്‍, ബിന്‍ അജ്‌യാന്‍ പ്രൊജക്ട്‌സ്, ഏഷ്യന്‍ ടൗണ്‍, അലൂമിനിയം ഖത്വര്‍, മുശെയ്‌രിബ് പ്രോപര്‍ട്ടീസ്, അല്‍ജാബിര്‍ എന്‍ജിനീയറിംഗ്, ബൂം കണ്‍സട്രക്ഷന്‍, തൈസീര്‍, സാറ്റ്‌കോ ഇന്റര്‍നാഷനല്‍ കമ്പനി, ഖത്വര്‍ ബില്‍ഡിംഗ് കമ്പനി, ടീ ടൈം, ക്യു ബി എസ് ഇന്റര്‍നാഷനല്‍, തൗഫീഖ് കമ്പനി, അംവാജ്, അല്‍മീര, ഗള്‍ഫാര്‍ അല്‍ മിസ്‌നദ്, സീ ഷോര്‍ എന്നീ കമ്പനികള്‍ സ്‌പോണ്‍സര്‍മാരാവും.
ദേശീയ ദിന സുരക്ഷാ സമിതി വൈസ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ നാസര്‍ അല്‍ സുവൈദി, ഇബ്ന്‍ അജ്‌യാന്‍ ട്രേഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അജ്‌യാന്‍, വിവിധ പ്രവാസി സമൂഹങ്ങളുടെ പ്രതിനിധികള്‍, സ്‌കൂള്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.