സിം കാര്‍ഡുകളും മെഷീന്‍ വഴി; ഐ ഡി സ്‌കാനിംഗിനും സൗകര്യം

Posted on: December 14, 2015 7:20 pm | Last updated: December 14, 2015 at 7:20 pm

Oreedooദോഹ: മാളുകളിലും ഓഫീസുകളിലും സ്ഥാപിച്ച മെഷീനുകളില്‍ നിന്നും പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ സ്വന്തമാക്കാവുന്ന സെല്‍ഫ് സര്‍വീസ് മെഷീന്‍ ഉരീദു അവതരിപ്പിച്ചു. ഐ ഡി കാര്‍ഡ് സ്‌കാന്‍ ചെയ്ത് വെരിഫിക്കേഷന്‍ നടത്താനും മെഷീനില്‍ സൗകര്യമുണ്ട്. ഉരീദു ഓഫീസുകളിലൂടെ മാത്രം ലഭിച്ചിരുന്ന ചില സേവനങ്ങളും മെഷീനിലൂടെ സ്വീകരിക്കാം.
ആദ്യഘട്ടത്തില്‍ ഹമദ് എയര്‍പോര്‍ട്ട്, കതാറ കള്‍ചറല്‍ വില്ലേജ്, സൂഖ് വാഖിഫ്, ഇസ്ദാന്‍ മാള്‍, ഉരീദു എയര്‍പോര്‍ട്ട് റോഡ് ഷോപ്പ് എന്നിവിടങ്ങളിലാണ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഈ മെഷീനില്‍നിന്നും വളരെ എളുപ്പത്തില്‍ ഹല സിം കാര്‍ഡുകള്‍ സ്വന്തമാക്കാം.
പാസ്‌പോര്‍ട്ട് സ്‌കാനിംഗിനും ഇലക്‌ട്രോണിക് സിഗ്നേച്ചറിനും മെഷീനില്‍ സംവിധാനമുണ്ടെന്ന് ഉരീദു സി ഇ ഒ യൂസുഫ് അല്‍ കുബൈസി പറഞ്ഞു. അബൂ സംറ ബോര്‍ഡര്‍ ഉള്‍പെടെ രാജ്യത്തെ കൂടുതല്‍ പ്രധാന പ്രദേശങ്ങളില്‍ മെഷീനുകള്‍ ഉടന്‍ സ്ഥാപിക്കും.
മെഷീനുകളിലൂടെ പോസ്റ്റ് പെയ്ഡ് ബില്‍ അടക്കുന്നതിനും കഹറമ ബില്‍ അടക്കുന്നതിനും സാധിക്കും. പ്രീപെയ്ഡ് അക്കൗണ്ടുകള്‍ റീചാര്‍ജ് ചെയ്യാനുമാകും.