മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല: പ്രധാനമന്ത്രിയുടെ ഓഫീസ്

Posted on: December 14, 2015 12:04 pm | Last updated: December 15, 2015 at 10:29 am

oommen chandy-modiന്യൂഡല്‍ഹി: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനം ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിലക്കാന്‍ സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ഇത്തരം കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കാറില്ല. ചടങ്ങില്‍ പങ്കെടുക്കുന്നവരെ തീരുമാനിക്കേണ്ടത് സംഘാടകരാണ്. പ്രോട്ടോകോള്‍ വിഷയങ്ങളിലാണ് നിര്‍ദേശം നല്‍കാറുള്ളതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം മുഖ്യമന്ത്രിയെ വിലക്കിയ വിഷയം ലോക്‌സഭയില്‍ കെ സി വേണുഗോപാല്‍ ഉന്നയിച്ചു. കേരള ജനതയെ അപമാനിച്ചെന്ന ആരോപണം തെറ്റ്: മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മുഖ്യമന്ത്രിയെ ക്ഷണിച്ചതും ഒഴിവാക്കിയതും എസ്എന്‍ഡിപിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറുപടിയില്‍ തൃപ്തരാകാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കഴിഞ്ഞ ദിവസമാണ് മുന്‍മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പരസ്യപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.
ചടങ്ങിന്റെ സംഘാടകര്‍ പൊതുഭരണ വകുപ്പിന് നല്‍കിയ കാര്യക്രമത്തില്‍ അധ്യക്ഷനായി മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നു. ഇത് അനുമതിക്കായി പധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുനല്‍കിയ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ പേരുണ്ടായിരന്നില്ല. ഇതോടെ മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന ആരോപണം ഉയരുകയായിരുന്നു.