ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് രണ്ട് വീതം എല്‍ ഇ ഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും

Posted on: December 14, 2015 4:31 am | Last updated: December 13, 2015 at 11:33 pm

aryadan_5കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് എല്‍ ഇ ഡി ബള്‍ബുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മാസം ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് രണ്ട് വീതം ബള്‍ബുകള്‍ സൗജന്യമായും മറ്റുള്ളവര്‍ക്ക് പകുതി വിലയ്ക്കും വിതരണം ചെയ്യുമെന്ന് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ്. കിനാലൂരില്‍ സ്ഥാപിക്കുന്ന 110 കെ വി സബ്‌സ്റ്റേഷന്റെയും അനുബന്ധ 110 കെ വി ലൈനിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഉപയോഗത്തില്‍ സംസ്ഥാനത്ത് വര്‍ഷം തോറും ഏഴ് മുതല്‍ എട്ട് വരെ ശതമാനം വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ചുകൊണ്ട് മാത്രമേ പ്രതിസന്ധി മിറകടക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കാലവര്‍ഷത്തിന്റെ ലഭ്യതയില്‍ ഈവര്‍ഷം വലിയ കുറവ് വന്നിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇക്കൊല്ലവും വരുംവര്‍ഷങ്ങളിലും പവര്‍കട്ടോ ലോഡ്‌ഷെഡ്ഡിംഗോ ഉണ്ടാകില്ല. 30 വര്‍ഷത്തേക്ക് സംസ്ഥാനത്തിനാവശ്യമായ അധിക വൈദ്യുതി ലഭ്യമാക്കാന്‍ പുറത്തുനിന്നുള്ള വൈദ്യുതി വിതരണക്കാരുമായി കരാര്‍ ഉണ്ടാക്കിയതിനാലാണിത്. ദീര്‍ഘകാല കരാറായതിനാല്‍ യൂനിറ്റിന് 17 രൂപയുടെ സ്ഥാനത്ത് 4.17 രൂപ നിരക്കിലാണ് ഇത് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
3700 മെഗാവാട്ട് വൈദ്യുതി വേണ്ടിടത്ത് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള 1700 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നത്. 2017 ആകുന്നതോടെ സംസ്ഥാനത്തിന്റെ ആവശ്യം 4300ലേറെ മെഗാവാട്ടായി അത് ഉയരുമെന്നാണ് കണക്ക്. വലിയ ജലവൈദ്യുത പദ്ധതികള്‍ക്ക് കേന്ദ്ര പാരിസ്ഥിതികാനുമതി പ്രശ്‌നമാകുന്നതിനാല്‍ ചെറു പദ്ധതികളാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇത്തരം നിരവധി പദ്ധതികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
നിലവില്‍ വോള്‍ട്ടേജ് കുറവ് നേരിടുന്ന ഉണ്ണികുളം, ബാലുശ്ശേരി, പനങ്ങാട്, കിനാലൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ മെച്ചപ്പെട്ട വൈദ്യുതിവിതരണം സാധ്യമാക്കാന്‍ 110 കെ വി സബ്‌സ്റ്റേഷന്‍ വരുന്നതോടെ കഴിയും. അതോടൊപ്പം വൈദ്യുതി പ്രസരണ നഷ്ടം കുറക്കാനും വ്യവസായികള്‍ക്ക് ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാനും സാധിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 110 കെ വി ലൈന്‍ വലിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളി. അതിന് ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. കിനാലൂര്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്ക് മുകളിലൂടെ ലൈന്‍ വലിക്കുന്നത് പരമാവധി ഒഴിവാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഈമാസം 22ന് എം എല്‍ എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കെ എസ് ഐ ഡി സിയും കെ എസ് ഇ ബി ലിമിറ്റഡും ചേര്‍ന്ന് 950 ലക്ഷം രൂപ ചെലവിലാണ് 110 കെ വി സബ്‌സ്റ്റേഷനും അനുബന്ധ ലൈനും സ്ഥാപിക്കുന്നത്. കക്കയം മുതല്‍ ചേവായൂര്‍ വരെയുള്ള 110 കെ വി ലൈനില്‍ നിന്ന് 2.5 കിലോമീറ്റര്‍ ഡബ്ള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മിച്ച് കിനാലൂരില്‍ 110 കെ വി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനാവശ്യമായ രണ്ട് ഏക്കര്‍ സ്ഥലം കെ എസ് ഐ ഡി സി അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കമലാക്ഷി വി എം, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, ബ്ലോക്ക് പഞ്ചായത്ത് അംഗം അഹമ്മദ് കോയ മാസ്റ്റര്‍, പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പി കെ, ഷൈനി പി കെ, കെ എസ് ഇ. ബി ലിമിറ്റഡ് ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപറേഷന്‍ ഡയരക്ടര്‍ പി വിജയകുമാരി, കോഴിക്കോട് ട്രാന്‍സ്മിഷന്‍ നോര്‍ത്ത് ചീഫ് എഞ്ചിനീയര്‍ ജെയിംസ് എ ഡേവിഡ്, കോഴിക്കോട് ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വര്‍ഗീസ് ജോര്‍ജ്, കെ എസ് ഐ ഡി സി അസിസ്റ്റന്റ് മാനേജര്‍ റിതു കെ എസ്, കിനാലൂര്‍ ഇന്‍ഡസ്ട്രിയല്‍ പ്രൊജക്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി പി പി മുസമ്മില്‍, വിവിധ കക്ഷി നേതാക്കള്‍ സംസാരിച്ചു.