സംസ്ഥാനത്ത് ജയില്‍ മരണം കൂടുന്നു

Posted on: December 13, 2015 11:44 pm | Last updated: December 13, 2015 at 11:44 pm
SHARE

prisonതൃശൂര്‍: സംസ്ഥാനത്തെ ജയിലറകള്‍ കൊലയറകളാകുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 509 പേരാണ് ജയിലുകളില്‍ മരണപ്പെട്ടത്. ഇവരില്‍ ഏറെയും യുവാക്കളാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം ഒരു സാമൂഹിക സംഘടന ശേഖരിച്ച കണക്കുകളിലാണ് 2000 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളിലായി ഇത്രയും പേര്‍ ജയിലുകളില്‍ മരണപ്പെട്ടതായ കണ്ടെത്തിയത്.—
22നും 55നും ഇടയില്‍ പ്രായമുള്ള 376 പേരാണ് മരണപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. 55 വയസ്സിന് മേല്‍ പ്രായമുള്ള 133 പേരും ജയിലുകളില്‍ മരണപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് കൂടുതല്‍ മരണനിരക്ക്. 152 പേര്‍ ഇവിടെ 15 വര്‍ഷത്തിനിടെ മരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 130 പേരാണ് മരിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍- രണ്ട്, ജില്ലാ ജയിലുകളായ കോഴിക്കോട്- 23, കൊല്ലം- 21, പത്തനംതിട്ട- 14, കോട്ടയം- 11, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍- 11, സ്‌പെഷ്യല്‍ സബ് ജയിലുകളായ പാലക്കാട്- 10, മലപ്പുറം- എട്ട്, മൂവാറ്റുപുഴ- ആറ്, ആറ്റിങ്ങല്‍- ഏഴ്, തിരൂര്‍- നാല്, ഒറ്റപ്പാലം- നാല്, ആലുവ- നാല്, മറ്റു ജയിലുകളില്‍ നിന്നായി 49 പേരും മരിച്ചു.
മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നത് സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ നിസ്സംഗതയാണ് വെളിവാക്കുന്നത്. കുറ്റമാരോപിക്കപ്പെടുമ്പോള്‍ തന്നെ കേസന്വേഷണ ഭാഗമായി പോലീസ് ചോദ്യം ചെയ്യലിനിടെ മൃഗീയ പീഡനളാണ് പലരും ഏറ്റുവാങ്ങേണ്ടിവരുന്നത്. ഇതോടെ ഇവരില്‍ പലരും നിത്യരോഗികളുമാകുന്നു.
ജയിലുകളില്‍ മാരകമായ അസുഖങ്ങള്‍ ബാധിച്ച തടവുകാര്‍ക്ക് വിദഗ്ധ ചികിത്സ ഒരുക്കുന്നതില്‍ പാളിച്ച സംഭവിക്കുന്നുണ്ടെന്ന ആരോപണത്തിന് കഴമ്പുണ്ടെന്ന സൂചനയും ജയില്‍ മരണങ്ങള്‍ നല്‍കുന്നുണ്ട്. ജയില്‍ ഡോക്ടര്‍ വിദഗ്ധ ചികിത്സക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടാലും പലവിധ കാരണങ്ങള്‍ നിരത്തി രോഗികളെ ആശുപത്രിയിലേക്ക് മാറ്റാതിരിക്കാനുള്ള പദ്ധതികളാണ് ജയിലധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here