വെള്ളാപ്പള്ളിയുടെ തന്ത്രം പൊളിച്ച് മുഖ്യമന്ത്രിയുടെ മറുതന്ത്രം

Posted on: December 13, 2015 1:56 pm | Last updated: December 13, 2015 at 6:01 pm

oommen chandy-vellappallyതിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടത് മുഖ്യമന്ത്രി വിട്ടുനിന്നത് വിവാദമാക്കി രാഷ്ട്രീയ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ. എന്നാല്‍ വെള്ളാപ്പള്ളിയുടെ അഭ്യര്‍ത്ഥന പരസ്യപ്പെടുത്തിയതോടെ മുഖ്യമന്ത്രി ഈ ഗൂഢതന്ത്രം പൊളിച്ചു. പിന്നാലെ വിവാദം മുഖ്യമന്ത്രിക്ക് നേട്ടമാകുകയും ചെയ്തു.

ഫോണില്‍ വിളിച്ചായിരുന്നു വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചത്. ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടെന്നും വിട്ട് നിന്ന് സഹകരിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റേയും പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും നിര്‍ദേശം ഉണ്ടായിരുന്നു. തന്റെ ആവശ്യം മുഖ്യമന്ത്രി പരസ്യപ്പെടുത്താതിരുന്നാല്‍ പിന്നീട് അദ്ദേഹം വിട്ടുനിന്നത് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാമെന്നും വെള്ളാപ്പള്ളി കണക്കുകൂട്ടി. എന്നാല്‍ വെള്ളാപ്പള്ളിയുടെ ആവശ്യം മുഖ്യമന്ത്രി പരസ്യപ്പെടുത്തിയതോടെ വെള്ളാപ്പള്ളി പ്രതിരോധത്തിലായി. മാത്രമല്ല മുഖ്യമന്ത്രിക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ഉറപ്പാക്കാനുമായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പോലും മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തി. ഇതോടെയാണ് വിവാദം മുഖ്യമന്ത്രിക്ക് ഗുണമുണ്ടാക്കിയെന്ന പ്രസ്താവനയുമായി രംഗത്തെത്താന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്.

കോണ്‍ഗ്രസിനകത്തു നിന്നും മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ തുടങ്ങിയവര്‍ രംഗത്തെത്തി. സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനം നടക്കുന്ന ദിവസം പ്രാര്‍ത്ഥനാ സംഗമം നടത്താന്‍ കെപിസിസി തീരുമാനിച്ചതായി വി എം സുധീരന്‍ അറിയിച്ചു.