ഓള്‍പാസ് സമ്പ്രദായം മാറ്റണമെന്ന് കേരളം

Posted on: December 13, 2015 3:48 am | Last updated: December 12, 2015 at 11:49 pm

school_EPSതിരുവനന്തപുരം: ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികളേയും ജയിപ്പിക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളം. നിലവിലെ ഓള്‍ പാസ് സമ്പ്രദായം വിദ്യാഭ്യസ നിലവാരത്തെ സാരമായി ബാധിച്ചുവെന്ന നിഗമനത്തിലാണ് സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പഴയ രീതിയിലുള്ള ജയം, തോല്‍വി സംവിധാനം പുനഃസ്ഥാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. ഓള്‍പാസ് സംവിധാനം വിദ്യാഭ്യാസ നിലവാരം തകര്‍ത്തുവെന്നും പഴയ രീതിയിലുള്ള ജയം, തോല്‍വി സംവിധാനമാണ് മെച്ചമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു.
യഥേഷ്ടം മാര്‍ക്കിട്ട് എല്ലാ കുട്ടികളേയും ജയിപ്പിക്കുന്ന രീതി മാറ്റണമെന്ന നിര്‍ണായകമായ തീരുമാനത്തിലേക്ക് ഡി പി ഇ പി കാലം മുതലാണ് കേരളം മാറുന്നത്. തോല്‍വി ഒഴിവാക്കുന്നതിനായാണ് ഈ രീതി സ്വീകരിച്ചത്. 2009ല്‍ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം വന്നതോടെ ഓള്‍പാസിന് നിയമപ്രാബല്യമായി. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസില്‍ ആരും തോല്‍ക്കില്ലെന്ന സ്ഥിതിയായി. ഓള്‍പാസിന്റെ ഗുണദോഷഫലങ്ങള്‍ വിലയിരുത്തിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഗുണത്തേക്കാളേറെ ഓള്‍പാസ് ദോഷമുണ്ടാക്കി എന്നാണ് വിലയിരുത്തല്‍. പരീക്ഷാപേടിയും തോല്‍വി മൂലമുള്ള മാനഭയവും ഒഴിവാകും എന്നുള്ളത് ഗുണമാണ്. എന്നാല്‍ പഠനത്തിന്റെ ഓരോ ഘട്ടങ്ങളിലും വിദ്യാര്‍ഥിയുടെ നിലവാരം അളക്കാന്‍ പരീക്ഷ വേണമെന്നാണ് പ്രധാന കണ്ടെത്തല്‍. ഓരോ ഘട്ടങ്ങളിലേയും തോല്‍വി എന്ത് കൊണ്ടു സംഭവിച്ചു എന്ന് വിദ്യാര്‍ഥി അറിഞ്ഞിരിക്കണം. പരാജയ കാരണം തിരുത്തുന്നത് ഭാവി ജീവിതത്തിലും പ്രയോജനമാകും. ഒരു വര്‍ഷം നഷ്ടമായാലും തോല്‍ക്കാനിടയായ സാഹചര്യം കുട്ടി മനസിലാക്കണം, കൂട്ട ജയം മൂലം പൊതുവിദ്യാലയങ്ങളില്‍ നിന്നും അണ്‍ എയ്ഡഡ് മേഖലയിലേക്ക് കുട്ടികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നുണ്ടെന്നും സംസ്ഥാനം വിലയിരുത്തുന്നു. പേരുകേട്ട കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകര്‍ച്ചക്ക് ഓള്‍പാസ് കാരണമായതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായും കേരളം കേന്ദ്രത്തെ അറിയിച്ചു.
ജയം, തോല്‍വി സമ്പ്രദായത്തിലേക്ക് മടങ്ങിപ്പോകണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്തിന് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. കേന്ദ്രത്തിന്റെ മറുപടി കാത്തിരിക്കുകയാണ് കേരളം.