Connect with us

National

ഹെറാള്‍ഡും ജി എസ് ടിയും കൂട്ടിക്കലര്‍ത്തേണ്ട: രാഹുല്‍

Published

|

Last Updated

ഗുവാഹത്തി: നാഷനല്‍ ഹെറാള്‍ഡും ജി എസ് ടി ബില്ലും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും മൂന്ന് മാറ്റങ്ങള്‍ വരുത്തിയാല്‍ നികുതി പരിഷ്‌കരണ ബില്ലിനെ അനുകൂലിക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമ എഡിറ്റര്‍മാരുടെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായി ഗുവാഹത്തിയില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
നാഷനല്‍ ഹെറാള്‍ഡ് വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളും കോണ്‍ഗ്രസ് തടസ്സപ്പെടുത്തിവരികയാണ്. കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇതേത്തുടര്‍ന്ന് പാര്‍ലിമെന്റില്‍ ജി എസ് ടി ബില്‍ അവതരിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജി എസ് ടി ബില്‍ കൊണ്ടുവരണം എന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് രാഹുല്‍ വിശദീകരിച്ചു. നികുതി ഘടനയിലെ സങ്കീര്‍ണതകള്‍ ലഘൂകരിക്കാന്‍ അത് ഉപകരിക്കും. അതുകൊണ്ടുതന്നെ ബില്ലിനെ നൂറുശതമാനവും തങ്ങള്‍ അനുകൂലിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ബി ജെ പിയുടെ ജി എസ് ടിയില്‍ നിന്ന് മൂന്ന് പ്രധാന വിയോജിപ്പാണ് കോണ്‍ഗ്രസിനുള്ളത്. ഇത് പരിഹരിക്കുകയാണെങ്കില്‍ ജി എസ് ടിക്കൊപ്പം കോണ്‍ഗ്രസുമുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ മറ്റുള്ളവര്‍ക്കോ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ല. അതില്‍ പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ സാന്നിധ്യത്തിലായിരുന്നു മുഖാമുഖം നടന്നത്.

Latest