ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി തൂത്തുവാരി

Posted on: December 12, 2015 11:53 pm | Last updated: December 12, 2015 at 11:53 pm

cpmഅഗര്‍ത്തല: ത്രിപുര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന വിജയം. അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അടക്കം 20 സ്വയംഭരണ സ്ഥാപനങ്ങളിലും ഇടതുമുന്നണി വിജയിച്ചു. ആകെയുള്ള 310 സീറ്റുകളില്‍ ഇടതു മുന്നണി 291 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 13 സീറ്റില്‍ ഒതുങ്ങി. ബി ജെ പി നാല് സീറ്റും സ്വതന്ത്രര്‍ രണ്ട് സീറ്റും നേടി.
49 അംഗ അഗര്‍ത്തല മുന്‍സിപ്പല്‍ കൗണ്‍സിലില്‍ ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഇടതു മുന്നണി അധികാരത്തിലേറുന്നത്. ഇവിടെ 45 സീറ്റുകള്‍ നേടി തകര്‍പ്പന്‍ വിജയമാണ് ഭരണകക്ഷി കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ വര്‍ഷം എട്ട് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് നാലിലേക്ക് ചുരുങ്ങി. ആകെയുള്ള ആറ് നഗര പഞ്ചായത്തുകളും മുന്നണി തൂത്തുവാരി. വടക്കന്‍ ത്രിപുരയിലെ അംബാസാ മുന്‍സിപ്പല്‍ കൗണ്‍സില്‍ കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്തു.
ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 89 ശതമാനമായിരുന്നു മൊത്തം പോളിംഗ്. 429 വനിതകള്‍ അടക്കം 886 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. പടിഞ്ഞാറന്‍ ത്രിപുരയിലെ ജിറാനിയ നഗര പഞ്ചായത്തില്‍ മുഴുവന്‍ സ്ഥാനങ്ങളിലേക്കും ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 144 വര്‍ഷം പഴക്കമുള്ള നഗരസഭയാണ് അഗര്‍ത്തലയിലേത്.