ബേങ്കുവഴി ശമ്പളം നടപ്പാക്കിയത് 13500 കമ്പനികളില്‍ മാത്രം

Posted on: December 12, 2015 8:38 pm | Last updated: December 12, 2015 at 8:38 pm

wps-system-qatarദോഹ :സ്വകാര്യ കമ്പനികളിലെ വിദേശികളായ ജീവനക്കാര്‍ക്കു വേണ്ടി നടപ്പിലാക്കുന്ന വേതനമുറപ്പു സംവിധാനം ആരംഭിച്ചത് 13500 കമ്പനികളില്‍. ഇതുവഴി 634,000 ജോലിക്കാര്‍ക്കാണ് ഇതുവരെ സംവിധാനത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടുള്ളതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തു പ്രവര്‍ത്തിക്കുന്ന അമ്പതിനായിരത്തോളം സ്വകാര്യ കമ്പനികളില്‍ വലിയൊരു വിഭാഗം ഇനിയും പദ്ധതിയുടെ ഭാഗമായിട്ടില്ലെന്ന് മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, നിയമം നടപ്പിലാക്കുന്നത് ഉറപ്പു വരുത്തുന്നതിനായി പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രത്യേക പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയാണ് പരിശോധനക്ക് ഉപയോഗിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യസുരക്ഷയും മറ്റു ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഈ വര്‍ഷം 20431 സ്ഥാപനങ്ങളിലായി 26,522 പരിശോധനകള്‍ നടത്തി.
രാജ്യത്തെ തൊഴില്‍ രംഗത്തെ വൈവിധ്യവത്കരണവും ആവശ്യങ്ങള്‍ മനസ്സിലാക്കിയുള്ള റിക്രൂട്ട്‌മെന്റ് രീതികള്‍ക്കുംവേണ്ടി മന്ത്രാലയം പ്രവര്‍ത്തിച്ചു വരികയാണ്. ഈ വര്‍ഷം ആദ്യപകുതിയില്‍ അനുമതി നല്‍കിയ തൊഴിലാളികളില്‍ 25 ശതമാനവും വിദഗ്ധ തൊഴിലാളികളാണ്. അടുത്ത അഞ്ചു വര്‍ഷം രാജ്യത്ത് ആവശ്യമായി വരുന്ന വിദേശ തൊഴിലാളികളെക്കുറിച്ച് മന്ത്രാലയം പഠനം നടത്തിയിട്ടുണ്ട്. വിവരങ്ങള്‍ നഗരസഭാ മന്ത്രാലത്തിനും കൈമാറി. സാങ്കേതികവിദ്യകള്‍ പരമാവധി ഉപയോഗിച്ച് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പരമാവധി കുറക്കണമെന്നാണ് നിര്‍ദേശമെന്ന് ഖത്വര്‍ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ തൊഴില്‍ സ്ഥിരതക്കും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി മികച്ച പ്രവര്‍ത്തനമാണ് മന്ത്രാലയം നടത്തി വരുന്നത്. രാജ്യത്തെ തൊഴില്‍ രംഗത്ത് സ്വദേശികളെ പരമാവധി ഉപയോഗിക്കുകയും വിദഗ്ധരെ മാത്രം വിദേശത്തു നിന്നും കൊണ്ടുവരികയും ചെയ്യുക എന്ന നയമാണ് പ്രോത്സാഹിപ്പിക്കുന്നത്. സ്വദശികള്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഈ വര്‍ഷം ആദ്യപകുതിയില്‍ 1189 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കി. വിവിധ തസ്തികകളിലേക്ക് യോഗ്യത നേടുന്നതിനായി പരിശീലന പദ്ധതികളും മന്ത്രാലയം നടപ്പിലാക്കി വരുന്നുണ്ട്.