അല്‍ ഫ്രീജ് ബസ് വിജയം

Posted on: December 12, 2015 6:17 pm | Last updated: December 12, 2015 at 6:17 pm

image (1)ദുബൈ: അല്‍ ഫ്രീജ് എന്ന പേരില്‍ ജെ 01 റൂട്ടില്‍ ഓടുന്ന ബസുകള്‍ വിജയമെന്ന് ആര്‍ ടി എ. അത്യാവശ്യഘട്ടങ്ങളില്‍ റൂട്ട് മാറി ഓടാനും തയ്യാറുള്ള ബസുകളാണിത്. ബസില്‍ പ്രായം ചെന്നവരോ, വികലാംഗരോ ഉണ്ടെങ്കില്‍, അവരുടെ സൗകര്യം പരിഗണിച്ചായിരിക്കും ഈ റൂട്ട് മാറ്റം. കുടുംബങ്ങളുടെയും മുതിര്‍ന്ന പൗരന്മാരുടെയുമൊക്കെ സൗകര്യം പരിഗണിച്ച് 2015 ജൂലൈയിലാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജെ 01 റൂട്ടില്‍ അല്‍ ഫ്രീജ് സര്‍വീസ് തുടങ്ങിയത്. 12 മുതല്‍ 17 വരെ സീറ്റുകളാണ് ബസുകളിലുണ്ടാവുക.
ജുമൈറ വില്ലേജ് സര്‍ക്കിള്‍ (ജെ വി സി)ല്‍ നിന്ന് തുടങ്ങുന്ന റൂട്ട് അല്‍ ബര്‍ഷ ഒന്ന്, രണ്ട്, മൂന്ന് പ്രദേശങ്ങള്‍ വഴി എമിറേറ്റ്‌സ് മാള്‍ പരിസരത്താണ് അവസാനിക്കുന്നത്. റൂട്ടില്‍ നിശ്ചിത സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും യാത്രക്കാര്‍ ആവശ്യപ്പെടുന്നയിടങ്ങളില്‍ നിര്‍ത്തി ഇറക്കിക്കൊടുക്കും. റോഡിലെ മറ്റു വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലെങ്കില്‍ മാത്രമേ ഇത്തരത്തില്‍ നിര്‍ത്താനാവൂവെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി ഡയറക്ടര്‍ ആദില്‍ ശാക്കിരി ചൂണ്ടിക്കാട്ടി.
കുടുംബങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കുടുംബിനികള്‍ തുടങ്ങിയവര്‍ക്ക് ആശുപത്രികള്‍, സ്‌കൂളുകള്‍, വിനോദകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയിടങ്ങളില്‍ എത്തിച്ചേരാനുള്ള സൗകര്യമെന്ന നിലക്കാണിത് തുടങ്ങിയത്. ഇതുവരെയായി 50,000 പേര്‍ അല്‍ ഫ്രീജ് ബസുകളില്‍ യാത്ര ചെയ്തതായും ആദില്‍ ശാക്കിരി പറഞ്ഞു.