Connect with us

Malappuram

ഭര്‍ത്താവ് എം എല്‍ എ, ഭാര്യ പഞ്ചായത്ത് പ്രസിഡന്റ്

Published

|

Last Updated

എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഭാര്യ റസിയക്ക് പി കെ ബശീര്‍ എം എല്‍ എ ഉപഹാരം നല്‍കുന്നു

എടവണ്ണ: ഭര്‍ത്താവിന്റെ നിയമസഭ മണ്ഡലത്തിലെ പഞ്ചായത്തില്‍ ഭാര്യ പ്രസിഡന്റായി അധികാരമേറ്റു. എടവണ്ണ പഞ്ചായത്തിലാണ് ഈ അപൂര്‍വ സംഭവം. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ ഏറനാട് എം എല്‍ എ പി കെ ബശീറിന്റെ ഭാര്യ റസിയ ബശീര്‍ പ്രസിഡന്റായി അധികാരമേറ്റത്. പി കെ ബശീര്‍ എം എല്‍ എയുടെ ഭാര്യയും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സീതിഹാജിയുടെ മരുമകളുമായ റസിയ ബശീറിന് രാഷ്ട്രീയത്തില്‍ ഇത് കന്നിയങ്കമല്ല.
കഴിഞ്ഞ തവണ എടവണ്ണ പഞ്ചായത്തിലെ വൈസ് പ്രസിഡന്റായിരുന്നു റസിയ ബശീര്‍. ഇതിന് മുമ്പ് രണ്ട് തവണ എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത്തവണ ഭര്‍ത്താവ് എം എല്‍ എ ആയിരിക്കുന്ന മണ്ഡലത്തില്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റാകാന്‍ സാധിച്ചു എന്നൊരു അപൂര്‍വ സൗഭാഗ്യമാണ് ഇവരെ തേടിയെത്തിയിരിക്കുന്നത്. 2001 ലാണ് റസിയ ബശീര്‍ ആദ്യമായി എടവണ്ണ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. 2003 വരെ അവര്‍ പ്രസിഡന്റായി തുടര്‍ന്നു. പിന്നീട് 2008 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തിലും റസിയ ബഷീര്‍ എടവണ്ണ പഞ്ചായത്ത് പ്രസിഡന്റായി. പി കെ ബഷീര്‍ എം എല്‍ എയും ഈ പഞ്ചായത്തില്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987 ലായിരുന്നു അദ്ദേഹം പ്രസിഡന്റായത്. രണ്ട് പേരുടെയും തിരക്കു പിടിച്ച രാഷ്ട്രീയ ജീവിതം കുടുംബ ബന്ധത്തെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. ഭാര്യയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നെങ്കിലും ഇപ്പോള്‍ സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവര്‍ പ്രാപ്തയായതിനാല്‍ താന്‍ ഇടപെടാറില്ലെന്ന് എം എല്‍ എ പറഞ്ഞു.
സാമൂഹിക സേവനത്തിലുള്ള താത്പര്യമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയതെന്ന് റസിയ ബഷീര്‍ പറഞ്ഞു.
കുടുംബിനി എന്ന റോളിനൊപ്പം ഇതും ഒപ്പം കൊണ്ടു പോകാന്‍ സാധിക്കുന്നുണ്ടെന്നും രണ്ട് റോളുകളും തനിക്ക് ഇണങ്ങുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest