കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Posted on: December 12, 2015 12:07 pm | Last updated: December 12, 2015 at 12:07 pm

പെരിന്തല്‍മണ്ണ: ജില്ലയിലെ സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ ഓട്ടോയില്‍ കറങ്ങി നടന്ന് കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്ന രണ്ട് പേരെ പെരിന്തല്‍മണ്ണ സി ഐ കെ എം ബിജു, എസ് ഐ പി വിഷ്ണുവും ടൗണ്‍ ഷാഡോ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ആക്കപ്പറമ്പ് സ്വദേശികളായ വാക്കയില്‍ ബ്രിജേഷ് (29), പൂന്താവനം സ്വദേശി ഇല്ലിക്കല്‍ മുഹമ്മദ് നിസാര്‍ (30) എന്നിവരെയാണ് പോലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്. സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ മാത്രം കച്ചവടം നടത്തുന്ന പ്രതികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴി ഉപഭോക്താക്കളെ അറിയിച്ച് പറയുന്ന സ്ഥലത്തേക്ക് കഞ്ചാവ് പാക്കറ്റുകള്‍ എത്തിച്ച് കൊടുത്താണ് കച്ചവടം നടത്തുന്നത്. കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് പെരിന്തല്‍മണ്ണ ടൗണില്‍ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. 12 പേക്കറ്റ് കഞ്ചാവ് പൊതികളും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ സി ഐ കെ എം ബിജു, എസ് ഐ പി വിഷ്ണു, ടൗണ്‍ ഷാഡോ പോലീസിലെ അംഗങ്ങളായ കൃഷ്ണ കുമാര്‍, ഷബീര്‍, ബിനൂബ്, സന്ദീപ്, ദിനേശന്‍, നിബിന്‍ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.