Connect with us

Malappuram

സി എച്ച് സിയാക്കി ഉയര്‍ത്തിയ കാളികാവ് ആശുപത്രിയില്‍ ജീവനക്കാരെ നിയമിച്ചില്ല

Published

|

Last Updated

കാളികാവ്: നൂറ്റാണ്ട് പഴക്കമുള്ള കാളികാവ് ഗവ. ആശുപത്രി സി എച്ച് സി സിയാക്കി ഉയര്‍ത്തിയെങ്കിലും ആശുപത്രിയില്‍ മതിയായ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി വൈകുന്നു. നൂറിലധികം രോഗികള്‍ ദിനം പ്രതി ചികിത്സ തേടി എത്തുന്ന ആശുപത്രിയില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാത്തതാണ് പ്രശ്‌നം. നാല് വര്‍ഷം മുമ്പാണ് ആശുപത്രി സര്‍ക്കാര്‍ സി എച്ച് സി യായി ഉയര്‍ത്തിയത്.
സ്റ്റാഫ് നഴ്‌സുമാരുടെ എണ്ണത്തിലാണ് കുറവുള്ളത്. 12 പേര്‍ വേണ്ടിടത്ത് വെറും അഞ്ച് പേര്‍ മാത്രമാണുള്ളത്. നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാരാണ് വേണ്ടത്. എന്നാല്‍ രണ്ട് നഴ്‌സിംഗ് അസിസ്റ്റന്റുമാരാണുള്ളത്.
നാല് അറ്റന്റര്‍മാര്‍ വേണ്ടിടത്ത് രണ്ട് പേരാണ് ജോലി ചെയ്യുന്നത്. രണ്ട് ഫാര്‍മസിസ്റ്റുകള്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. ക്ലാര്‍ക്ക്, പ്യൂണ്‍ എന്നീ തസ്തികകളും ഇവിടെ നികത്താതെ കിടക്കുകയാണ്. ആശുപത്രിയില്‍ നിന്ന് വിരമിച്ചയാളാണ് ഇപ്പോഴും ആശുപത്രി ഓഫീസില്‍ ക്ലാര്‍ക്കിന്റെ ജോലി ചെയ്യുന്നത്.
28 ബെഡ്ഡുകള്‍ ഉള്ള ആശുപത്രിയില്‍ അമ്പതോളം പേരാണ് അഡ്മിറ്റുള്ളത്. അഞ്ച് ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ട്. എന്നാല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തിക ലഭിച്ചിട്ടില്ല. കെട്ടിട സൗകര്യം പൂര്‍ത്തീകരിക്കുവാന്‍ നടപടിയായെങ്കിലും ജീവനക്കാരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. ഫീല്‍ഡ് ജോലിക്ക് എത്തിപ്പെടാന്‍ പഴകിയ വാഹനം മാത്രമാണ് ആശുപത്രിയിലുള്ളത്. പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Latest